ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒമ്പതാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപോവലോവ്. കരിയറിൽ ആദ്യമായി ആദ്യ 10 റാങ്കിൽ എത്തിയ ഇടംകയ്യനായ കനേഡിയൻ താരം ഫ്രഞ്ച് താരം ഗില്ലെസ് സൈമണിനെ 4 സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. മത്സരത്തിൽ 5 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഷപോവലോവ് 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 10 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ സൈമണിനെ 7 തവണയാണ് ബ്രൈക്ക് ചെയ്തത്. 6-2, 7-5 ആദ്യ രണ്ടു സെറ്റുകൾ നേടിയ കനേഡിയൻ താരത്തിന് എതിരെ 7-5 നു മൂന്നാം സെറ്റ് നേടി സൈമൺ തിരിച്ചു വരാൻ ശ്രമിച്ചു. എന്നാൽ 6-3 നു നാലാം സെറ്റ് നേടിയ ഷപോവലോവ് മത്സരം സ്വന്തം പേരിലാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പത്താം സീഡ് ആയ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യുറ്റ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ അഗ്യുറ്റ് 6-2, 6-1 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ കയ്യിലാക്കി. മറ്റൊരു ഫ്രഞ്ച് താരം ഗ്രിഗോരെ ബരേരയെ നേരിട്ടുള്ള പോരാട്ടത്തിൽ ആണ് 18 സീഡ് ഗ്രിഗോർ ദിമിത്രോവ് മറികടന്നത്. ഉജ്ജ്വല ഫോമിൽ ആയിരുന്ന ദിമിത്രോവ് 6-3, 6-2, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് എതിരാളിയെ മറികടന്നു രണ്ടാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.