ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി പ്ലിസ്കോവയും കെനിനും സബലങ്കയും

- Advertisement -

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ ജയം കണ്ടു പ്രമുഖ താരങ്ങൾ. സീഡ് ചെയ്യാത്ത ഈജിപ്ത് താരം മയർ ഷെരീഫിന് എതിരെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം ആണ് രണ്ടാം സീഡ് ചെക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവ റോളണ്ട് ഗാരോസിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 8 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ രണ്ടാം സീഡ് രണ്ടു പ്രാവശ്യം ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 5 പ്രാവശ്യം ആണ് ബ്രൈക്ക് ചെയ്തത്. രണ്ടാം സെറ്റ് 6-2 നു നേടി മത്സരത്തിൽ തിരിച്ചു വന്ന പ്ലിസ്‌കോവ 6-4 നു മൂന്നാം സെറ്റ് സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സീഡ് ചെയ്യാത്ത ക്ലാര ടൗസനോട് 3 സെറ്റ് പോരാട്ടത്തിൽ പരാജയപ്പെട്ട 21 സീഡ് അമേരിക്കൻ താരം ജെന്നിഫർ ബ്രാഡി ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോയി. 6-4 നു ആദ്യ സെറ്റ് നഷ്ടമായ ബ്രാഡി രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ തിരിച്ചു വന്നെങ്കിലും മൂന്നാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ക്ലാര സെറ്റ് 9-7 നു സ്വന്തമാക്കി രണ്ടാം റൗണ്ട് ഉറപ്പിച്ചു.

റഷ്യൻ താരം ലുഡ്മില സാംസൊനോവയുടെ വെല്ലുവിളി അതിജീവിച്ച് ആണ് നാലാം സീഡ് അമേരിക്കയുടെ സോഫിയ കെനിൻ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ കെനിന് പലപ്പോഴും സർവീസ് പിഴച്ചപ്പോൾ 5 തവണയാണ് റഷ്യൻ താരം കെനിന്റെ സർവീസ് ബ്രൈക്ക് ചെയ്തത്. എന്നാൽ 11 പ്രാവശ്യം സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ റഷ്യൻ താരത്തെ 6 തവണ ബ്രൈക്ക് ചെയ്ത കെനിൻ മൂന്നു സെറ്റ് പോരാട്ടത്തിന് ഒടുവിൽ 6-4, 3-6, 6-3 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്. അതേസമയം മറ്റൊരു അമേരിക്കൻ താരവും 19 സീഡുമായ ആലിസൻ റിസ്ക് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ജർമ്മൻ താരം ജൂലിയ ഗോർജസിന് എതിരെ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടാൻ ആയി എങ്കിലും 3-6, 7-6, 1-6 എന്ന സ്കോറിന് ആണ് റിസ്ക് തോൽവി സമ്മതിച്ചത്. മത്സരത്തിൽ 9 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ റിസ്കിനെ ജൂലിയ 9 പ്രാവശ്യമാണ് ബ്രൈക്ക് ചെയ്തത്.

അമേരിക്കൻ താരം ജെസിക്ക പെഗുളയെ 6-3, 6-1 എന്ന നേരുട്ടുള്ള സെറ്റുകൾക്ക് ആണ് എട്ടാം സീഡ് അരിന സബലങ്ക തകർത്തത്. മികച്ച ഫോമിലായിരുന്ന സബലങ്ക എതിരാളിയെ തീർത്തും അപ്രസക്തമാക്കി. ജപ്പാൻ താരം മിസാക്കി ഡോയിയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന 13 സീഡ് പെട്ര മാർട്ടിച്ചും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ മാർട്ടിച്ച് രണ്ടാം സെറ്റ് 7-5 എന്ന സ്കോറിന് ആണ് നേടിയത്. 14 സീഡ് എലീന റൈബകിന, 29 സീഡ് സ്ലോലെന സ്റ്റീഫൻസ് എന്നിവരും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം ആദ്യ റൗണ്ടിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ 26 സീഡ് ക്രൊയേഷ്യയുടെ ഡോണ വെകിച്ച് ടൂർണമെന്റിൽ നിന്നു പുറത്തായി. ബെൽജിയം താരം ഇറിന ബാറയാണ് ക്രൊയേഷ്യൻ താരത്തെ 6-3, 6-4 എന്ന നേരിട്ടുള്ള സ്കോറിന് അട്ടിമറിച്ചത്.

Advertisement