ഫ്രഞ്ച് ഓപ്പണിൽ ഒന്നാം റൗണ്ടിൽ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി മൂന്നാം സീഡ് എലീന സ്വിറ്റോലീന. സീഡ് ചെയ്യാത്ത റഷ്യൻ താരം വാർവരാ ഗ്രച്ചേവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഉക്രൈൻ താരം സ്വിറ്റോലീന മറികടന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് ജയം കണ്ട സ്വിറ്റോലീന 6-4 രണ്ടാം സെറ്റും നേടി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ ആറു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യാൻ സ്വിറ്റോലീനക്ക് ആയി. സീഡ് ചെയ്യാത്ത ചൈനീസ് താരം സാങ് ഷുയായിയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് 12 സീഡ് അമേരിക്കൻ താരം മാഡിസൺ കീയ്സ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.
ആദ്യ സെറ്റ് 6-3 നേടിയ കീയ്സ് രണ്ടാം സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് ചൈനീസ് താരത്തെ മറികടന്നത്. അതേസമയം മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ജർമ്മൻ താരം ആഞ്ചലിക്ക കെർബർ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി. 18 സീഡ് ആയ കെർബർ സീഡ് ചെയ്യാത്ത കാജ യുവാനോട് 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ 5 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ കെർബർ 5 തവണയാണ് ബ്രൈക്ക് വഴങ്ങിയത്. ഇഗ സ്വിയാറ്റക്കിനോട് 6-1, 6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ 15 സീഡ് മാർകെറ്റ വോണ്ടറോസോവയും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി.