കൊളംബിയൻ താരത്തെ തകർത്തു ജ്യോക്കോവിച്ച്, റൂബ്ലേവും ബുസ്റ്റയും നാലാം റൗണ്ടിൽ

20201004 014250
- Advertisement -

കൊളംബിയൻ താരം ഡാനിയേൽ എലാഹി ഗാലനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് അവസാന പതിനാറിലേക്ക് മുന്നേറി. മത്സരത്തിൽ വെറും അഞ്ചു ഗെയിമുകൾ മാത്രം എതിരാളിക്ക് നൽകിയ ജ്യോക്കോവിച്ച് 7 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റിൽ ഒരു ഗെയിം പോലും നൽകാതെ 6-0 നു സെറ്റ് നേടിയ ജ്യോക്കോവിച്ച് മത്സരത്തിൽ തുടക്കത്തിൽ തന്നെ നയം വ്യക്തമാക്കി. തുടർന്ന് 6-3, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയ ജ്യോക്കോവിച്ച് നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി. നദാലിന് കടുത്ത വെല്ലുവിളി ആവും എന്ന സൂചനകൾ തന്നെയാണ് ജ്യോക്കോവിച്ച് നിലവിൽ നൽകുന്നത്.

ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റെയ്സനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരവും 13 സീഡുമായ ആന്ദ്ര റൂബ്ലേവ് മൂന്നാം റൗണ്ടിൽ മറികടന്നത്. 13 ഏസുകൾ ഉതിർത്തു എങ്കിലും 7 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ആന്റെയ്സനെ 5 തവണ ബ്രൈക്ക് ചെയ്ത റൂബ്ലേവ് 6-3, 6-2, 6-3 എന്ന സ്കോറിന് ആണ് ജയം കണ്ടത്. അതേസമയം നാട്ടുകാരനും പത്താം സീഡുമായ റോബർട്ടോ ബാറ്റിസ്റ്റ അഗ്യുറ്റിനെ നാലു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ച 17 സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റ നാലാം റൗണ്ടിലേക്ക് മുന്നേറി. 6-4, 6-3, 5-7, 6-4 എന്ന സ്കോറിന് ആയിരുന്നു കഴിഞ്ഞ യു.എസ് ഓപ്പൺ സെമിഫൈനൽ കളിച്ച ബുസ്റ്റയുടെ ജയം.

Advertisement