മാഞ്ചസ്റ്റർ സിറ്റിയെ വിറപ്പിച്ച് ലീഡ്സ് യുണൈറ്റഡ്

20201003 234953
- Advertisement -

ബിയെൽസയുടെ ടീമിന്റെ ഫുട്ബോൾ ആരാധകർക്ക് എന്നും ഒരു വിരുന്ന് ആണ് എന്ന് പറയുന്നത് വെറുതെയല്ല. ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും ലീഡ്സും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു എങ്കിലും ഫുട്ബോൾ ആരാധകർക്ക് അവർ അടുത്തു കണ്ട മികച്ച മത്സരങ്ങളിൽ ഒന്നായിരിക്കും. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് സമനില നേടാൻ ലീഡ്സ് യുണൈറ്റഡിന് ഇന്നായി. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്.

മത്സരത്തിന്റെ 17ആം മിനുട്ടിൽ സ്റ്റെർലിംഗിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തത്. ആ ഗോളിന് ശേഷം ഒന്ന് പതറി എങ്കിലും ബിയെൽസയുടെ ടീം ശക്തമായി തിരിച്ചുവന്നു. ആദ്യ പകുതിയുടെ അവസാനം മുതൽ കളിയുടെ നിയന്ത്രണം ബിയെൽസയുടെ ടീം ഏറ്റെടുത്തു. രണ്ടാം പകുതിയിൽ തുടർച്ചയായി സിറ്റി പ്രതിരോധത്തെ പരീക്ഷിച്ച ലീഡ്സ് അറ്റാക്ക് 59ആം മിനുട്ടിൽ സമനില നേടി.

സബ്ബായി എത്തിയ റോഡ്രിഗോയിലൂടെ ആയിരുന്നു ഗോൾ. സ്പെയിനിൽ നിന്ന് ലീഡ്സിൽ എത്തിയ ശേഷമുള്ള റോഡ്രിഗോയുടെ ആദ്യ ഗോളായിരുന്നു ഇത്. അതിനു ശേഷം ഒരുപാട് അവസരങ്ങൾ ലീഡ്സ് സൃഷ്ടിച്ചു എങ്കിലും ഗോൾകീപ്പർ എഡേഴ്സന്റെ മികവ് സിറ്റിയെ രക്ഷിച്ചു.

Advertisement