ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. പുതിയ ലോക ഒന്നാം നമ്പർ താരവും രണ്ടാം സീഡും ആയ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ മറികടന്നു ആണ് അൽകാരസ് ഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റിൽ തുടക്കത്തിൽ സിന്നർ ആധിപത്യം പുലർത്തിയപ്പോൾ അൽകാരസ് 4-0 നു പിറകിൽ ആയി, തുടർന്ന് 6-2 നു സെറ്റ് കൈവിട്ട അൽകാരസ് രണ്ടാം സെറ്റിൽ തിരിച്ചു വന്നു. രണ്ടാം സെറ്റ് 6-3 നു നേടി സ്പാനിഷ് താരം മത്സരത്തിൽ മടങ്ങിയെത്തി. മികച്ച റാലികൾ കണ്ട മത്സരത്തിൽ ഇരു താരങ്ങളും ഡ്രോപ്പ് ഷോട്ടുകളും നെറ്റ് പോയിന്റുകളും ഉപയോഗിച്ച് വേഗത്തിൽ പോയിന്റുകൾ നേടാൻ ശ്രമിക്കുന്നതും കാണാൻ ആയി.
മൂന്നാം സെറ്റ് 6-3 നു നേടി സിന്നർ മത്സരത്തിൽ മുൻതൂക്കം കണ്ടെത്തി. എന്നാൽ നാലാം സെറ്റിൽ സിന്നറിന്റെ അവസാന സർവീസ് ഭേദിച്ച അൽകാരസ് സെറ്റ് 6-4 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ തുടക്കത്തിൽ സിന്നറിന്റെ ആദ്യ സർവീസ് തന്നെ ഭേദിച്ച അൽകാരസ് സെറ്റിൽ മുൻതൂക്കം നേടി. തുടർന്ന് സർവീസ് നിലനിർത്തിയ അൽകാരസ് സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിൽ എഴുതി. 3 തവണ മാച്ച് പോയിന്റ് രക്ഷിച്ച സിന്നർക്ക് പക്ഷെ അനിവാര്യമായ പരാജയം ഒഴിവാക്കാൻ ആയില്ല. മത്സരത്തിൽ 8 ഏസുകൾ അൽകാരസും 7 എണ്ണം സിന്നറും ഉതിർത്തു, ഇരുവരും 6 തവണ സർവീസ് ബ്രേക്ക് കണ്ടെത്തുകയും ചെയ്തു. കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ ഫൈനൽ ആണ് ഇത്. എന്നത്തേയും പോലെ കിടിലം മത്സരം ആണ് ഇരുവരും ഇന്നും സമ്മാനിച്ചത്. ജയത്തിനു ശേഷം വികാരപരമായ അൽകാരസിനെ ആണ് കാണാൻ ആയത്. കാസ്പർ റൂഡ്, സാഷ സെരവ് മത്സര വിജയിയെ ആണ് അൽകാരസ് ഫൈനലിൽ നേരിടുക.