ബെൽജിയം താരം ഇരിന ബാറയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു നാലാം സീഡ് അമേരിക്കൻ താരം സോഫിയ കെനിൻ നാലാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ എതിരാളിക്ക് വെറും 2 ഗെയിമുകൾ മാത്രം നൽകിയ കെനിൻ 6 തവണയാണ് മത്സരത്തിൽ ബ്രൈക്ക് കണ്ടത്തിയത്. 6-2, 6-0 എന്ന സ്കോറിന് ആയിരുന്നു കെനിന്റെ ജയം. അതേസമയം എട്ടാം സീഡ് സബലങ്ക മൂന്നാം റൗണ്ടിൽ പുറത്തായി. 30 സീഡ് ടുണീഷ്യൻ താരം ഒൻസ് ജെബുർ ആണ് സബലങ്കയെ 3 സെറ്റ് പോരാട്ടത്തിൽ വീഴ്‌ത്തിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിളുടെ നഷ്ടമായ സബലങ്ക രണ്ടാം സെറ്റ് 6-2 നേടി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ മൂന്നാം സെറ്റ് 6-3 നു നേടിയ ടുണീഷ്യൻ താരം സബലങ്കക്ക് ടൂർണമെന്റിൽ നിന്നു പുറത്തേക്കുള്ള വഴി കാണിച്ചു.
കനേഡിയൻ താരം ആനി ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ തകർത്തത്. 7-5, 6-3 എന്ന സ്കോറിന് ആയിരുന്നു ക്വിറ്റോവയുടെ ജയം. അതേസമയം പതിമൂന്നാം സീഡ് ക്രൊയേഷ്യൻ താരം പെട്ര മാർട്ടിച്ച് ടൂർണമെന്റിൽ നിന്ന് പുറത്തായി. ജർമ്മൻ താരം ലൗറ സിഗ്മണ്ടിനോട് ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ശേഷം ആണ് ക്രൊയേഷ്യൻ താരം തോൽവി സമ്മതിച്ചത്. രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 6-0 നും നേടി ജർമ്മൻ താരം മത്സരത്തിലേക്ക് തിരിച്ചു വരിക ആയിരുന്നു. സ്പാനിഷ് താരം പൗല ബഡോസയോട് 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് തോറ്റ മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ജലേന ഒസ്റ്റപെങ്കോയും ടൂർണമെന്റിൽ നിന്നു പുറത്തായി.