ഫെഡറർ ഈ സീസണിൽ ഇനി കളിക്കില്ല, 2021ൽ തിരിച്ചു വരുമെന്ന് പത്രക്കുറിപ്പ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകർക്ക് കടുത്ത വിഷമം നൽകി റോജർ ഫെഡറർ ഇനി ഈ സീസണിൽ കളിക്കില്ല എന്നു ഉറപ്പായി. 2020ൽ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിനു ശേഷം കാൽ മുട്ടിനു വേണ്ടി വന്ന ശസ്ത്രക്രിയ മൂലം കളത്തിൽ നിന്ന് വിട്ടു നിന്ന ഫെഡറർ ഇനി 2020ൽ തിരിച്ചു വരില്ല എന്നുറപ്പായി. ഫെഡററുടെ തീരുമാനശേഷം കൊറോണ വൈറസ് മൂലം ടെന്നീസ് ടൂറുകൾ നിലവിൽ നിർത്തി വെച്ചിരിക്കുക ആണെങ്കിലും അടുത്ത മാസം ടൂർണമെന്റുകൾ തുടങ്ങാൻ ആയിരുന്നു എ. ടി. പി തീരുമാനം. ഇതോടെ അടുത്ത മാസം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഓപ്പൺ, ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പൺ എന്നിവ ഫെഡറർക്ക് നഷ്ടമാകും.

ആരാധകർക്ക് ആയി ഇറക്കിയ പത്രക്കുറിപ്പിൽ ആരാധകർ എല്ലാവരും സുഖമായി ഇരിക്കുന്നതായി പ്രത്യാശിച്ച ഫെഡറർ, തുടർന്ന് 2017 നു സമാനമായ നിലക്ക് ശസ്ത്രക്രിയക്ക് ശേഷമുള്ള സമയത്ത് വലത് മുട്ട് കാലിനു പ്രശ്നങ്ങൾ നേരിട്ടതായി വ്യക്തമാക്കി. അതിനാൽ തന്നെ ഉന്നത നിലവാരമുള്ള ടെന്നീസ് കളിക്കുക എന്നത് ഇപ്പോൾ പ്രായോഗികമല്ലെന്നു പറഞ്ഞ അദ്ദേഹം 100 ശതമാനം ശാരീരിക ക്ഷമത നേടിയ ശേഷം കളത്തിലേക്കു ഉള്ളു എന്നും വ്യക്തമാക്കി. ആരാധകരുടെ സാന്നിധ്യം തനിക്ക് നഷ്ടം ആയിരിക്കും എന്ന് പറഞ്ഞ അദ്ദേഹം 2021 സീസണിൽ തുടക്കം മുതൽ കളത്തിൽ തിരിച്ചു വരാൻ ആവും എന്നും പ്രത്യാശിച്ചു. നിലവിൽ 38 കാരൻ ആയ ഇതിഹാസതാരത്തെയും ആരാധകരെയും സംബന്ധിച്ച് വളരെ സങ്കടകരമായ വാർത്ത ആയിരിക്കും ഇത്.