എ. ടി. പി ഫൈനൽസിൽ ആദ്യ മത്സരം തോറ്റ് ഫെഡറർ, ജയം കണ്ട് ജ്യോക്കോവിച്ച്

എ. ടി. പി ഫൈനൽസിലെ ആദ്യ മത്സരത്തിൽ ഡൊമനിക് തീമിനോട് തോൽവി വഴങ്ങി റോജർ ഫെഡറർ. അഞ്ചാം സീഡ് ആയ ഓസ്ട്രിയൻ താരത്തോട് മുൻ ജേതാവ് കൂടിയായ മൂന്നാം സീഡ് ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയം സമ്മതിച്ചത്. ഇതോടെ തുടർന്ന് വരുന്ന മത്സരങ്ങൾ ജയിച്ചില്ലെങ്കിൽ ഫെഡറർ സെമിഫൈനൽ കാണാതെ പുറത്താവും. ജ്യോക്കോവിച്ചിനെ ഈ ഗ്രൂപ്പിൽ നേരിടേണ്ട ഫെഡറർക്ക് ഇത് വലിയ തിരിച്ചടി ആയി. 7-5,7-5 എന്ന സ്കോറിന് ആയിരുന്നു ഫെഡററിന്റെ തോൽവി. ആക്രമിച്ച് കളിച്ച തീം ഫെഡറർക്ക് മേൽ ആധിപത്യം നേടി. ഈ വർഷം ഇത് മൂന്നാം തവണയാണ് ഫെഡററെ തീം തോല്പിക്കുന്നത്.

അതേസമയം ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ച ഇറ്റാലിയൻ താരം ബരേറ്റിനിയെ അക്ഷരാർത്ഥത്തിൽ തകർത്താണ് രണ്ടാം സീഡ് ജ്യോക്കോവിച്ച് നയം വ്യക്തമാക്കിയത്. 6-2,6-1 എന്ന സ്കോറിന് ആണ് ജ്യോക്കോവിച്ച് ജയം കണ്ടത്. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ആദ്യ കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന ഒന്നാം സീഡ് റാഫേൽ നദാൽ നിലവിലെ ജേതാവ് അലക്‌സാണ്ടർ സെവർവ്വിനെ നേരിടുമ്പോൾ ഇന്നത്തെ ആദ്യ മത്സരത്തിൽ നാലാം സീഡ് ഡാനിൽ മെദവ്‌ദേവും ആറാം സീസ് സ്റ്റെഫാനോസ് സ്റ്റിസിപാസും നേർക്കുനേർ വരും. അടുത്ത മത്സരത്തിൽ നാളെ ഫെഡറർ ബരേറ്റിനിയെ നേരിടുമ്പോൾ ജ്യോക്കോവിച്ചിന്റെ എതിരാളി ഡൊമനിക് തീം ആണ്.

Previous articleജലജ് സക്സേനയ്ക്ക് നാല് വിക്കറ്റ്, കേരളത്തിന് ത്രിപുരയ്ക്കെതിരെ 14 റണ്‍സ് വിജയം
Next articleയൂറോ കപ്പിനായുള്ള ജർമ്മൻ ജേഴ്സി എത്തി