തോൽക്കാൻ മനസ്സില്ല, തിരിച്ചു വന്നു സിൻസിനാറ്റിയിൽ കിരീടം നേടി ജ്യോക്കോവിച്ച്

- Advertisement -

സിൻസിനാറ്റി ഓപ്പൺ മാസ്റ്റേഴ്സിൽ മിലോസ് റയോണിക്കിനെ തോൽപ്പിച്ച് കിരീടം നേടി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. തന്റെ കരിയറിലെ 35 മത്തെ എ. ടി.പി മാസ്റ്റേഴ്സ് 1000 കിരീടം ആണ് ജ്യോക്കോവിച്ചിനു ഇത്, ഇതോടെ ഈ നേട്ടത്തിൽ റാഫേൽ നദാലിന് ഒപ്പമെത്തി സെർബിയൻ താരം. ഈ വർഷം ഇത് വരെ പരാജയം അറിയാത്ത നൊവാക്കിന്‌ മികച്ച പോരാട്ടം ആണ് സീഡ് ചെയ്യാത്ത കനേഡിയൻ താരം റയോണിക്ക് നൽകിയത്. എന്നാൽ ഇത് വരെ ജ്യോക്കോവിച്ചിനെ മാസ്റ്റേഴ്സിൽ മറികടക്കാൻ ആവാത്ത റയോണിക്കിനു ഇത്തവണയും നിരാശ ആയിരുന്നു ഫലം.

ആദ്യ സെറ്റിൽ ജ്യോക്കോവിച്ചിനെ നിലം തൊടീച്ചില്ല റയോണിക്ക്. 6-1 നു സെറ്റ് നേടിയ കനേഡിയൻ താരം ജ്യോക്കോവിച്ചിനെ അട്ടിമറിക്കും എന്ന സൂചന നൽകി. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചു വന്ന ജ്യോക്കോവിച്ച് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തു 6-3 നു സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് ഭേദിച്ച റയോണിക്കിന്‌ മികച്ച തുടക്കം ആണ് ലഭിച്ചത്. എന്നാൽ റയോണിക്കിന്റെ അടുത്ത 2 സർവീസുകളും ഭേദിച്ച ജ്യോക്കോവിച്ച് എതിരാളിയുടെ പ്രതീക്ഷകൾ തല്ലി കെടുത്തി. 6-4 നു സെറ്റ് സ്വന്തമാക്കിയ ജ്യോക്കോവിച്ച് സിൻസിനാറ്റി മാസ്റ്റേഴ്സിൽ തന്റെ രണ്ടാം കിരീടം ഉയർത്തി. യു.എസ് ഓപ്പണിന് മുമ്പ് എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് തന്നെ ജ്യോക്കോവിച്ച് ജയത്തോടെ നൽകി.

Advertisement