ബോൺ എഗെയിൻ കോറിച്!

ഇത്രയധികം മാനങ്ങൾ ഉള്ള ഒരു ടൂർണമെന്റ് ഈ അടുത്ത കാലത്ത് ടെന്നീസ് ആരാധകർ കണ്ടിട്ടുണ്ടാകില്ല. അടുത്താഴ്ച്ച തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റിന്റെ മുന്നൊരുക്കത്തിനുള്ള വേദിയായാണ് എന്നും സിൻസിനാറ്റി ഓപ്പൺ ടൂർണമെന്റിനെ കളിക്കാർ കണ്ടിട്ടുള്ളത്. എന്നാൽ ഇക്കൊല്ലം ഈ ടൂർണമെന്റിന് പ്രാധാന്യം കൂടി.

വിംബിൾഡൺ വിലക്കിന് ശേഷം തിരികെ കോർട്ടിലേക്ക് വന്ന മേദ്ഡ്വേദേവ് തന്റെ ഒന്നാം റാങ്ക് ന്യായീകരിക്കാനുള്ള വേദി. ടെന്നീസിലെ പുതിയ ജന്റിൽമാൻ ആയ നിക്ക് കിരിയോസിന്റെ വിംബിൾഡൺ ഓണ് കോർട്ട് പെരുമാറ്റം സത്യസന്ധമായ ഒന്നായിരുന്നോ എന്നു ടെന്നീസ് ലോകം പരിശോദിക്കാൻ ഒരു വേദി. പരിക്ക് മൂലം പുറത്തായിരുന്നു നദാൽ തിരിച്ചു വരവിന് സ്വീകരിച്ച വേദി. ആൻഡി മറെ ലോക ടെന്നീസിന്റെ മുൻ നിരയിലേക്ക് വരുമോ എന്നറിയാനുള്ള വേദി. പുത്തൻ തലമുറ കളിക്കാരിൽ ആരാകും ഇനിയുള്ള കാലം വാഴുക എന്നറിയാനുള്ള ശ്രമം.
20220822 114313

എന്നാൽ ഈ തിരക്കഥകളിൽ ഒന്നും ക്രൊയേഷ്യൻ താരം ബോർണ കോറിച് ഉണ്ടായിരുന്നില്ല. ഫൈനലിൽ സിസിപ്പാസിനെ (7-6, 6-2) തോൽപ്പിച്ച ശേഷം കോറിച് തന്നെ പറഞ്ഞത്, ഒരാഴ്ച്ച മുൻപ് ഈ സ്പീച്ചിന് താൻ തയ്യാറായിരുന്നില്ല എന്നാണ്. ആരും തയ്യാറായിരുന്നില്ല എന്നു വേണമെങ്കിൽ പറയാം. കാരണം, 152 റാങ്കിലുള്ള ഒരു കളിക്കാരൻ 1000 മാസ്റ്റേഴ്സ് ടൂർണമെന്റ് വിജയിക്കുക എന്നത് കേട്ട്കേൾവിയില്ലാത്ത കാര്യമാണല്ലോ. അതും ഒന്നാം റാങ്ക് മുതൽ താഴോട്ടുള്ള മുൻനിര കളിക്കാർ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിൽ.

പക്ഷെ 2018ൽ തന്റെ ക്യാരിയർ ബെസ്റ്റ് ആയ 12 റാങ്കിൽ എത്തിയിട്ടുള്ള കോറിച്ചിന് ഇതൊരു രണ്ടാം ജന്മമാണ്. തന്റെ മൂന്നാമത്തെ മാത്രം മാസ്റ്റേഴ്സ് കപ്പ് വിജയിച്ച ബോർണ കോറിച്ചിന്റെ ഈ ടൂർണമെന്റിലെ വിജയങ്ങളുടെ ലിസ്റ്റ് എടുത്താൽ അതു മനസ്സിലാകും. മുസെറ്റി, നദാൽ, അഗുട്, ഓഗർ അലിയാസിമേ, നോറി, സിസിപ്പാസ് എന്നിവരെ തോൽപ്പിച്ചാണ് ബോർണ കപ്പുയർത്തിയത്. ഈ ടൂർണമെന്റ് വിജയത്തോടെ തന്റെ റാങ്കിങ് ആദ്യ 50ന് ഉള്ളിലേക്ക് ആക്കുവാൻ കോറിച്ചിന് സാധിച്ചിട്ടുണ്ട്. ഇനിയുള്ള ടൂർണമെന്റുകളിൽ ഇതേ അച്ചടക്കത്തോടും, ആവേശത്തോടും കൂടി കളിക്കാൻ സാധിച്ചാൽ വീണ്ടും മുൻ നിരയിലേക്കെത്താൻ കോറിച്ചിന് താമസമുണ്ടാകില്ല.