6 മാസങ്ങൾക്ക് മുമ്പ് വിംബിൾഡനിൽ സംഭവിച്ചത് വീണ്ടും ആവർത്തിക്കപ്പെട്ടു. ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ ഇതിഹാസതാരം വീനസ് വില്യംസിനെ വീണ്ടും പരാജയപ്പെടുത്തി കൊക്കോ ഗോഫ്. നാട്ടുകാരിയായ 39 കാരിക്ക് എതിരെ തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പണിൽ മികച്ച പ്രകടനം ആണ് 15 കാരിയായ ഗോഫ് പുറത്ത് എടുത്തത്. ടൈബ്രെക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ വീനസിന്റെ പരിചയസമ്പത്തിനെ മറികടന്ന ഗോഫ് 7-6 നു സെറ്റ് സ്വന്തമാക്കി മത്സരം തന്റെ വരുതിയിലാക്കി. രണ്ടാം സെറ്റിലും തന്റെ മികവ് തുടർന്ന ഗോഫ് 6-3 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. സോറേന ക്രിസ്റ്റിയാണ് കോഫിന്റെ രണ്ടാം റൗണ്ടിലെ എതിരാളി. ഇതിൽ ജയിച്ചാൽ മൂന്നാം റൗണ്ടിൽ നിലവിലെ ജേതാവ് നയോമി ഒസാക്ക ആവും ഗോഫിന്റെ എതിരാളി.
അതേസമയം ബ്രിട്ടീഷ് പ്രതീക്ഷയായ 12 സീഡ് യോഹാന കോന്റെ ഓസ്‌ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി. ഒന്സ് ജബേർ 6-4,6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബ്രിട്ടീഷ് താരത്തെ അട്ടിമറിച്ചത്. വലിയ തിരിച്ചടിയായി കോന്റെക്ക് ഈ പരാജയം. അതേസമയം 10 സീഡ് അമേരിക്കയുടെ മാഡിസൺ കീയ്‌സ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. റഷ്യയുടെ ദാരിയ കസ്ത്കിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കീയ്‌സ് മറികടന്നത്. 6-3, 6-1 എന്ന സ്കോറിന് മത്സരം ജയിച്ച അമേരിക്കൻ താരത്തിൽ നിന്ന് മികച്ച പ്രകടനം തന്നെയാണ് ഉണ്ടായത്.