നിത്യയൗവ്വനമോ രക്തരക്ഷസോ റോജർ ഫെഡറർ!

- Advertisement -

നിത്യയൗവ്വനം(Vintage)! റോജർ ഫെഡററിനോട് ചേർത്ത് പലരും പറയുന്ന ഒരു പദമാണിത്. 36 മത്തെ വയസ്സിൽ ഗ്രാൻഡ്സ്ലാം ജയിക്കുന്ന, ഇങ്ങനെ പൊരുതുന്ന മനുഷ്യനെ എന്ത് വിളിക്കാനാണ് പിന്നെ. ടെന്നീസ് പോലെ ഇത്രയും കായികക്ഷമത വേണ്ടൊരു കളിയിൽ തനിക്ക് 10 വയസ്സിന് താഴെയുള്ളവരോട് പൊരുതി നിൽക്കുന്ന, 3,4 മണിക്കൂർ 5 സെറ്റ് കളിക്കുന്ന ‘വയസ്സൻ’ ഫെഡററിൽ യൗവ്വനമില്ലാതെയെങ്ങനെയാണ്. എത്രത്തോളം അനുഗ്രഹീതനെന്ന് പറഞ്ഞാലും വയസ്സിനെ കീഴടുക്കുന്ന ഏതോ മന്ത്രവാദിയാണ് ഫെഡറർ എന്ന് ചിലർ സംശയിച്ചാലും അതിശയിക്കേണ്ടതില്ല. പക്ഷെ കളി കഴിഞ്ഞ് ജയിച്ചതിന്റെ അഹങ്കാരമോ അമിതാഹ്ലാതമോ ഇല്ലാതെ കരയുന്ന ഫെഡററെ കാണുമ്പോൾ വീണ്ടും ഇതായിരുന്നോ ആ ഫെഡറർ എന്ന് വീണ്ടും സംശയിക്കും.

അല്ലെങ്കിൽ ഫെഡറർ ഒരു Vampire(രക്തരക്ഷസ്) ആണോ? മറ്റുള്ളവരുടെ യൗവ്വനം മോഷ്ടിക്കുന്ന രക്തരക്ഷസ്! ഇന്ന് ഫൈനലിൽ അഞ്ചാം സെറ്റിൽ വന്ന സംശയമാണിത്. എന്തൊരു ടെന്നീസാണ് സിലിച്ച് നാലാം സെറ്റിൽ പുറത്തെടുത്തെത്. ബ്രക്ക് വഴങ്ങിയ ശേഷം അസാധ്യമെന്ന് തോന്നുന്ന ടെന്നീസ് കളിച്ച സിലിച്ചിനെ കണ്ടപ്പോൾ സങ്കടം കൊണ്ട് മുഖം കുനിഞ്ഞു. ഇനിയില്ല എന്ന് ആരോ മനസ്സിൽ പറയുന്ന പോലെ.

5 സെറ്റ് മത്സരത്തിൽ ഫെഡററെ തോൽപ്പിച്ചവർ വിരലിലെണ്ണാവുന്നവരെന്ന് അറിഞ്ഞിട്ടും, 2 – 1 സെറ്റ് ലീഡ് ചെയ്തിട്ട് ഒരിക്കൽ മാത്രമെ ഫെഡറർ തോറ്റിട്ടുള്ളു എന്നറിഞ്ഞിട്ടും ഒരുൾവിളി. എന്തോ 36 കാരൻ വയസ്സനല്ലെ ഫെഡറർ എന്ന ചിന്തയാണോ എന്നറിയില്ല. ഇതേ പോലെ തന്നെയായിരുന്നു കഴിഞ്ഞ വർഷവും നദാൽ അവസാനം വരെ ജയിക്കും(കൂടുതൽ സങ്കടം വരാതിരിക്കാൻ) എന്ന് പറഞ്ഞ് തന്നെയാണ് ടി.വിക്ക് മുമ്പിലിരുന്നത്.

പക്ഷെ മറന്ന് പോയത് ഇത് ഫെഡറർ ആണെന്നതാവണം. നാലാം സെറ്റിലെ ഫെഡററെ ആയിരുന്നില്ല അഞ്ചിൽ. ആദ്യ സർവ്വീസ് രണ്ട് ബ്രക്ക് പോയിന്റിൽ നിന്ന് രക്ഷപ്പെട്ട ശേഷം കണ്ടത് ആ സോ കോൾഡ് വിന്റേജ് ഫെഡററെ ആയിരുന്നു. സിലിച്ചിന്റെ മൊത്തം ഊർജ്ജവും വലിച്ചെടുത്ത പോലെ ബ്രക്കിന് പിറകെ ബ്രക്കും സെറ്റും, മത്സരവും ഫെഡറർ സ്വന്തമാക്കുന്നത് കണ്ടപ്പോൾ നാലാം സെറ്റ് നടന്നത് കുറെ വർഷം മുമ്പോ എന്ന് സംശയിച്ച്. ശരിക്കും ഇതാണ് ഫെഡറർ, എന്നും എല്ലാർക്കും ഒരുപിടി മുകളിൽ നിൽക്കുന്നവൻ. ജയിച്ചപ്പോൾ സന്തോഷം അടക്കാൻ വയ്യാത്തപ്പോയും ഓടി വന്നത് കഴിഞ്ഞ വർഷമായിരുന്നു, നദാലിനെ തോൽപ്പിച്ച 18 ന്റെ മധുരത്തിന് പകരമാവാൻ ഒരു 20 തിനുമാവില്ലെന്ന് ആരറിയുന്നു.

മത്സരശേഷം ഫെഡറിനൊപ്പം ലോകം മൊത്തം കരഞ്ഞിരിക്കണം. ഇത് പഴയ വയസ്സൻ ഫെഡറർ തന്നെ. നിത്യയൗവ്വനം മോഹിക്കുന്ന രക്തരക്ഷസല്ല അയ്യാൾ. 20 ഗ്രാൻഡ്സ്ലാം നേട്ടത്തിലും, റെക്കോർഡ് ആസ്ട്രേലിയൻ ഓപ്പൺ നേട്ടത്തിലും എളിമയോടെ മനുഷ്യനായി നിൽക്കാൻ കഴിയുന്ന ഇതിഹാസമാണയാൾ, വെറും മനുഷ്യൻ. അതാവും ഫെഡററിനെ എല്ലാർക്കും ഇഷ്ടം, അല്ലേൽ ആർക്കാണയ്യാളെ വെറുക്കാൻ പറ്റുക.

അയ്യാളെല്ല ലോകത്തെ ഏറ്റവും മഹാനായ എക്കാലത്തേയും മികച്ച ടെന്നീസ് താരമെന്ന് കരുതുന്നവർ ഇനിയും കാണും പക്ഷെ അയ്യാളാണ് ടെന്നീസ് കണ്ട സ്പോർട്സ് കണ്ട ഏറ്റവും മഹാനായ മനുഷ്യനെന്ന് അവര് പോലും സമ്മതിച്ചേക്കും. ചിലപ്പോൾ ടെന്നീസിനേക്കാൾ അയ്യാൾ വളർന്നിരിക്കണം. മനസ്സിൽ ഫെഡറർ ബിംബമായി കൊണ്ട് നടക്കുന്ന, ഈ ഗ്രാൻഡ്സ്ലാം പോലും രണ്ട് ദിവസം കഴിഞ്ഞ് വരുന്ന പിറന്നാളിനു മാസ്റ്ററിന്റെ സമ്മാനമായി കരുതുന്ന റോജർ ഫെഡറർ ഫാനിന് അയ്യാൾക്കപ്പുറം ഒന്നുമില്ല. അതാവും ഇന്നും ഫെഡറർ വിരമിക്കണം എന്ന് പറയുന്നവരോട് അടക്കാത്ത ദേഷ്യം വരുന്നത്. ഫെഡറർ ഒരു വീഞ്ഞാണ്, വിലമതിക്കാനാവാത്ത, പ്രായം കൂടും തോറും വീര്യം കൂടുന്ന, മയക്കുന്ന, പ്രണയത്തിലാക്കുന്ന വീഞ്ഞ്. ആസ്വദിക്കുക മതിവരോളം കാരണം ഇനി ഇത് പോലൊന്ന് ഒരിക്കലും കാണില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement