ഗോൾ മഴയിൽ മുംബൈ , ഗോവയിൽ സിഫ്‌നിയോസിന് തോൽവിയോടെ തുടക്കം

- Advertisement -

മുൻ ബ്ലാസ്റ്റേഴ്‌സ് താരം സിഫ്‌നിയോസിന്റെ അരങ്ങേറ്റം കണ്ട മത്സരത്തിൽ ഗോവയെ 4-3ന് തോൽപ്പിച്ച് മുംബൈക്ക് ഉജ്വല ജയം. ഗോൾ മഴ കണ്ട മത്സരത്തിൽ ഗോവ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെരിട്ടോൺ ഫെർണാഡസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ഗോവ 10 പേരായി ചുരുങ്ങിയത്.

ഇരു ടീമുകളും പരസ്പരം ഗോളടിച്ച് കൂട്ടിയ മത്സരത്തിൽ ബൽവന്ത് സിങ് ആണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. 10 പേരായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ബൽവന്ത് സിംഗിന്റെ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു. 2 -1 ന് മത്സരത്തിൽ പിന്നിട്ടു നിന്നതിനു ശേഷമാണു 3 ഗോൾ അടിച്ച് മുംബൈ മത്സരത്തിൽ ജയിച്ചത്.

ഫെറാൻ കോറോമിനാസിലൂടെ ഗോവയാണ് ഗോളടി തുടങ്ങിയത്. എന്നാൽ ഗോവയുടെ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. രണ്ടു മിനിറ്റിനു ശേഷം എവെർട്ടൺ സാന്റോസിലൂടെ മുംബൈ സമനില പിടിച്ചു. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലാൻസറൊട്ടേയിലൂടെ ഗോവ വീണ്ടും ലീഡ് പിടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിലാണ് രണ്ടമത്തെ മഞ്ഞ കാർഡ് കണ്ട് സെരിട്ടോൺ ഫെർണാഡസ് പുറത്തുപോയത്. ഗോവ  10 പേരായി ചുരുങ്ങിയതോടെ മുംബൈ സിറ്റി മത്സരത്തിലേക്ക് തിരിച്ച് വന്നു. 53 മത്തെ മിനുറ്റിൽ എവെർട്ടൺ സാന്റോസിന്റെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി എമാന മുംബൈക്ക് സമനില നേടി കൊടുത്തു. തുടർന്നാണ് മുംബൈ സിറ്റി മത്സരത്തിൽ ആദ്യമായി മുൻപിലെത്തിയത്. തിയാഗോ സാന്റോസ്  തുടങ്ങിവെച്ച ആക്രമണത്തിൽ സാന്റോസ് തന്നെ ഗോവൻ വല കുലുക്കുകയായിരുന്നു. 10 പേരായി ചുരുങ്ങിയിട്ടും ആക്രമണം തുടർന്ന ഗോവ ഫെറാൻ കോറോമിനാസിന്റെ രണ്ടാമത്തെ ഗോളിലൂടെ മത്സരത്തിൽ വീണ്ടും സമനില പിടിച്ചു. മുംബൈ ഗോൾ കീപ്പർ അമരീന്ദറിനെ മനോഹരമായി കബളിപ്പിച്ചാണ് കോറോമിനാസ് ഗോൾ നേടിയത്.

തുടർന്നാണ് മത്സരത്തിന്റെ വിധി നിർണയിച്ച ബൽവന്ത് സിംഗിന്റെ ഗോൾ വന്നത്. എവെർട്ടൺ സാന്റോസിന്റെ ഷോട്ട് ഗോൾ കീപ്പറെ മറികടന്നെങ്കിലും അത് ക്ലിയർ ചെയ്യാനുള്ള മന്ദർ റാവുവിന്റെ ശ്രമം ബ്ലോക്ക് ചെയ്തുകൊണ്ടാണ് ബൽവന്ത് ഗോൾ നേടിയത്.

ജയത്തോടെ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലെത്താനും മുംബൈ സിറ്റിക്കായി. ഇരു ടീമുകൾക്കും 17 പോയിന്റ് ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ ഒരു മത്സരം കുറവ് കളിച്ച മുംബൈയുടെ മികച്ച ഗോൾ വ്യത്യാസം അവരെ അഞ്ചാം സ്ഥാനത്തെത്തിച്ചു. തോറ്റെങ്കിലും 19 പോയിന്റോടെ ഗോവ ഇപ്പോഴും നാലാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement