ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ ബെൽജിയം താരം ക്രിസ്റ്റ്യൻ ഫ്ലിപ്കൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത വീനസ് വില്യംസ് കരിയറിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ജയത്തോടെ വനിതകളിൽ ഗ്രാന്റ് സ്‌ലാമുകളിൽ ഏറ്റവും കൂടുതൽ ജയം കൈവരിക്കുന്ന അഞ്ചാമത്തെ താരം ആയി വീനസ് മാറി. ഗ്രാന്റ് സ്‌ലാമിലെ വലിയ വേദിയിൽ തന്റെ 270 മത്തെ ജയം ആണ് വീനസ് ഇന്ന് കുറിച്ചത്. 357 ജയങ്ങളുമായി സഹോദരി സെറീന വില്യംസ് ആണ് ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം ജയങ്ങൾ സ്വന്തമായിട്ടുള്ള താരം. നിലവിൽ സെറീനക്ക് പുറമെ മാർട്ടീന നവരിത്നോവ, ക്രിസ് എവർട്ട്, സ്റ്റെഫി ഗ്രാഫ് എന്നിവർ ആണ് വീനസിന് മുന്നിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം ജയങ്ങളുമായി മുന്നിലുള്ളവർ.
ഓസ്‌ട്രേലിയൻ ഓപ്പണിൽ ഏറ്റവും കൂടുതൽ ജയങ്ങൾ കണ്ടതിയ അഞ്ചാമത്തെ താരമാവാനും വീനസിന് സാധിച്ചു. 54 വിജയങ്ങൾ വീനസിന് ഉള്ളപ്പോൾ 87 ജയങ്ങൾ ഓസ്‌ട്രേലിയൻ ഓപ്പണിൽ കുറിച്ച സഹോദരി സെറീന തന്നെയാണ് ഇവിടെയും ഒന്നാം സ്ഥാനത്ത്. മാർഗരറ്റ് കോർട്ട്, മരിയ ഷറപ്പോവ, ലിന്റ്സി ലാവൻപോർട്ട് എന്നിവർ ആണ് സെറീനക്ക് പുറമെ ഓസ്‌ട്രേലിയൻ ഓപ്പണിൽ വീനസിനെക്കാൾ ജയമുള്ള താരങ്ങൾ. ഇതിഹാസതാരമായ വീനസ് കരിയറിൽ ഇത് വരെ സ്വന്തമാക്കാത്ത കിരീടം കൂടിയാണ് ഓസ്‌ട്രേലിയൻ ഓപ്പൺ. 2017 ൽ ഫൈനലിൽ എത്തിയെങ്കിലും സഹോദരി സെറീന വില്യംസിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോൽക്കാൻ ആയിരുന്നു അന്നത്തെ വിധി.