ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി സെറീനയും ഒസാക്കയും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം പിന്തുടരുന്ന ഇതിഹാസ താരം സെറീന വില്യംസ് രണ്ടാം റൗണ്ടിൽ. റഷ്യയുടെ അനസ്താഷ്യ പോറ്റപോവയെ അക്ഷരാർത്ഥത്തിൽ തകർത്താണ് എട്ടാം സീഡ് ആയ സെറീന രണ്ടാം റൗണ്ടിൽ എത്തിയത്. ആദ്യ സെറ്റിൽ എതിരാളിയെ നിലം തൊടീക്കാത്ത സെറീന 6-0 സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും മികവ് തുടർന്ന സെറീന 6-3 രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. തുടർച്ചയായ ഗ്രാന്റ് സ്‌ലാം ഫൈനലുകളിലെ തോൽവിക്ക് പകരം വീട്ടാൻ ഇറങ്ങുന്ന സെറീന ഈ പ്രകടനത്തിലൂടെ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് ആണ് നൽകിയത്. 58 മിനിറ്റിനുള്ളിൽ ജയം കണ്ട സെറീന 350 മത്തെ ഗ്രാന്റ് സ്‌ലാം ജയം ആണ് ഇതോടെ സ്വന്തമാക്കിയത്. കളിച്ച 74 ഗ്രാന്റ് സ്‌ലാമുകളിൽ ഇത് 73 മത്തെ തവണയാണ് ആദ്യ മത്സരത്തിൽ സെറീന ജയം കാണുന്നത്. അമേരിക്കൻ താരം ക്രിസ്റ്റിയെ 6-1,6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് മുൻ ലോക ഒന്നാം നമ്പർ ആയ കരോലിന വോസ്നിയാക്കിയും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

അതേസമയം ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി നിലവിലെ ജേതാവ് നയോമി ഒസാക്ക. മൂന്നാം സീഡ് ആയ ഒസാക്ക സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം മരിയ ബോസ്കോവയെ ആണ് മറികടന്നത്. തന്റെ മികവ് മത്സരത്തിൽ പൂർണമായും കൊണ്ട് വന്ന ഒസാക്ക 6-2,6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് താരത്തെ തകർത്തത്. തന്റെ തുടർച്ചയായ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ലക്ഷ്യമിടുന്ന ഒസാക്കക്ക് ഇത് വളരെ മികച്ച തുടക്കം തന്നെയാണ്. അതേസമയം അമേരിക്കയുടെ 14 സീഡ് സോഫിയ കെനിനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇറ്റാലിയൻ താരം മാർട്ടിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അമേരിക്കൻ താരം മറികടന്നത്.