ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ 24 മത്തെ റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടനേട്ടം ലക്ഷ്യമിട്ട് എത്തിയ ഇതിഹാസ താരം സെറീന വില്യംസിന്റെ കളത്തിലെ വസ്ത്രം എന്നത്തേയും പോലെ ആരാധകർക്ക് ഇടയിൽ ചർച്ച ആവുകയാണ്. അതിനിടെയിൽ ആണ് തന്റെ വസ്ത്രം മുൻ ഇതിഹാസ അമേരിക്കൻ അത്ലറ്റ് ആയ ഫ്ലോറൻസ് ജോയ്നറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടത് ആണ് എന്ന് സെറീന വ്യക്തമാക്കിയത്. ‘ഫ്ലോ ജോ’ എന്നു വിളിപ്പേരുള്ള ഫ്ലോറൻസ് ജോയ്നർ 100, 200 മീറ്ററുകളിൽ ലോക റെക്കോർഡ് നേടിയ താരം കൂടിയാണ്, 1988 ഒളിമ്പിക്‌സിൽ 3 സ്വർണമെഡലുകളും അവർ നേടിയിരുന്നു. ഫ്ലോറൻസ് ജോയ്നർ തന്റെ എന്നത്തേയും പ്രചോദനം ആണ് എന്ന് വ്യക്തമാക്കിയ സെറീന അവർ ഏറ്റവും മികച്ച അത്ലറ്റ് കൂടിയായിരുന്നു എന്നും കൂട്ടിച്ചേർത്തു.
ഒരൊറ്റ കാലു മാത്രം മറക്കുന്ന സെറീനയുടെ ക്യാറ്റ്സ്യൂട്ട് ഏതായാലും വലിയ ഹിറ്റ് തന്നെയാണ് ആരാധകർക്ക് ഇടയിൽ. ഇന്ന് ആദ്യ റൗണ്ടിൽ ജർമ്മൻ താരം ലൗറ സിഗ്മണ്ടിനെ 6-1, 6-1 എന്ന സ്കോറിന് ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ടാണ് സെറീന മറികടന്നത്. അവസാനമായി 2017 ൽ ആണ് സെറീന ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയത്. കഴിഞ്ഞ വർഷങ്ങളിൽ ഗ്രാന്റ് സ്‌ലാം ഫൈനലുകളിൽ നേരിട്ട നിരാശ മറികടന്നു റെക്കോർഡ് 24 മത്തെ ഗ്രാന്റ് സ്‌ലാം ഉയർത്തുക തന്നെയാവും സെറീന മെൽബണിൽ ലക്ഷ്യമിടുക.