കായിക ലോകത്ത് വ്യക്തിഗത പ്രകടനം കൊണ്ടും കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ രണ്ടേ രണ്ടു ഇതിഹാസങ്ങളാണ് സ്വിറ്റ്സർലൻഡ് ടെന്നീസ് താരം റോജർ ഫെഡററും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും .
ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇന്നലെ തന്റെ ഇരുപതാം ഗ്രാൻഡ്സ്ലാം കിരീടം ചൂടി തന്റെ എതിരാളിയെയും ആരാധകരെയും മത്സര സംഘാടകരെയും അഭിസംബോധന ചെയ്ത് നന്ദിയും പറഞ്ഞു ഒന്നര മിനുട്ടോളം വേദിയിൽ നിന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ റോജർ ഫെഡററുടെ ആ മുഖം കണ്ടാൽ അറിയാം ആ കായിക താരത്തിന്റെ അഹങ്കാരമോ നേട്ടങ്ങളുടെ അമിതാവേശമോ ഒട്ടും പോലും ഇല്ലാത്ത ആ മനസ്സ്.
എതിരാളികൾക്ക് മേലെ നിർണായക പോയിന്റുകൾ നേടുമ്പോൾ ഭീകര ശബ്ദവും ആംഗ്യ പ്രകടനങ്ങളും ബാറ്റ് നിലത്തേക്ക് എറിഞ്ഞുമൊക്കെ രോഷം തീർക്കുന്ന നിമിഷങ്ങൾ ടെന്നിസ് കോർട്ടുകളിൽ നാം ധാരാളം കാണുന്നതാണ്. അത്തരം നിമിഷങ്ങളിൽ ഒരു പുഞ്ചിരി തൂകി കമ്മോൺ എന്ന ഒരൊറ്റ വാക്കിൽ ഒതുക്കി തന്റെ മുഷ്ട്ടികൾ രണ്ടു കുലുക്കൽ കുലുക്കി സ്വയം നിയന്ത്രിക്കുന്ന ഫെഡററെ കാണാൻ എന്തൊരു ഭംഗിയാണ്. ഒഫീഷ്യലുകളുടെ തെറ്റോ ശെരിയോ ആയ തീരുമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രശംസിനീയമാണ്.
തന്റെ മുപ്പത്തിആറാം വയസ്സിലും ടെന്നീസ് കോർട്ടിലെ ഒരുപാട് യവ്വനങ്ങളെ തന്റെ കായികമികവുകൊണ്ടു പിന്നിലാക്കി ഫെഡറർ ജൈത്രയാത്ര തുടരുമ്പോൾ പറയാനുള്ളത് ഒന്നേ ഒള്ളൂ. “പഴകി കൊണ്ടിരിക്കുന്ന ഫെഡറർ എന്ന ഇതിഹാസത്തിനു വീര്യം കൂടിക്കൊണ്ടിരിക്കുകയാണ് ”
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial