അട്ടിമറികളുടെ ഓസ്‌ട്രേലിയൻ ഓപ്പൺ

ഓസ്‌ട്രേലിയൻ ഓപ്പണിൽ അട്ടിമറികൾ തുടർക്കഥയാകുന്നു. പുരുഷന്മാരുടെ വിഭാഗത്തെ അപേക്ഷിച്ച് വനിതാ വിഭാഗത്തിൽ ടൂർണമെന്റ് പുരോഗമിക്കുന്ന തോറും സീഡുകൾ കുറഞ്ഞു വരുന്നു കാഴ്ചയാണ് കാണുന്നത്.

പുരിഷവിഭാഗത്തിൽ മുൻ ചാമ്പ്യനും ഒമ്പതാം സീഡുമായ സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ച് അമേരിക്കയുടെ സീഡില്ലാ താരം സാങ്ഡ്രെൻ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. 6-2, 6-1, 6-4 എന്ന സ്കോറിനായിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം. എടിപി വേൾഡ് ടൂർ ഫൈനലിസ്റ്റും ഏഴാം സീഡുമായ ഡേവിഡ് ഗോഫിനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ച് ഫ്രാൻസിന്റെ ബെന്നറ്റെവും പതിമൂന്നാം സീഡ് അമേരിക്കയുടെ സാം ക്യൂറെയെ അട്ടിമറിച്ച് ഫസ്‌കോവിക്സും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മറ്റുമത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻ ഫെഡററും, മുൻ ചാമ്പ്യൻ ജോക്കോവിച്ചും, ഡെൽപോട്രോയും, ഹോം ഫേവറിറ്റ് ഡൊമിനിക് തിമും, ചെക്കിന്റെ തോമസ് ബെർഡിച്ചും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

വനിതാവിഭാഗത്തിൽ മൂന്നാം സീഡ് മുഗുരുസ അട്ടിമറിക്കപ്പെട്ടപ്പോൾ ഒമ്പതാം സീഡ് കോണ്ടയെ നേരിട്ടുള്ള സെറ്റുകൾക്ക് പെറയോട് തോൽവി വഴങ്ങി. പതിനാറാം സീഡ് വെസ്‌നിന സീഡില്ലാ താരം ഒസാക്കയോട് തോൽവി വഴങ്ങി. പതിനാലാം സീഡ് സേവസ്റ്റോവയെ വീഴ്ത്തി മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ മൂന്നാം റൗണ്ടിലേക്ക് കയറി. മറ്റുമത്സരങ്ങളിൽ ഒന്നാംസീഡ് ഹാലെപ്, മുൻ ഒന്നാം നമോൻ കെർബർ, സഫറോവ, കീസ് എന്നീ പ്രമുഖരും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു.

ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ ജോഡികളായ പേസ്-രാജ സഖ്യവും, ഇന്തോ അമേരിക്കൻ ജോഡികളായ രാം-ശരൺ സഖ്യവും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യയുടെ ബൊപ്പണ്ണ വാസലിൻ സഖ്യവും വിജയം കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡൊമിനിക് തീമിന്റെ തിരിച്ചുവരവ്, ആദ്യ രണ്ട് സെറ്റ് കൈവിട്ട ശേഷം

ഓസ്ട്രേലിയന്‍ ഓപ്പണില്‍ മികച്ച തിരിച്ചുവരവ് നടത്തി ഡൊമിനിക് തീം. 5 സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളില്‍ പിന്നില്‍ പോയ ശേഷമാണ് ശക്തമായ തിരിച്ചുവരവുമായി ഓസ്ട്രിയന്‍ താരം രണ്ടാം റൗണ്ട് വിജയം സ്വന്തമാക്കിയത്. സ്കോര്‍: 6-7, 3-6, 6-3, 6-2, 6-3. അമേരിക്കയുടെ ഡെന്നീസ് കുഡ്‍ലയെയാണ് തീം ഇന്ന് മറികടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൂന്നാം സീഡ് മുഗുരൂസ പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് മൂന്നാം സീഡ് ഗാര്‍ബിന്‍ മുഗുരൂസ പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ ലോക റാങ്കിംഗില്‍ 82ാം സ്ഥാനത്തുള്ള സു-വെയ് സിയയോടാണ് താരം അടിയറവ് പറഞ്ഞത്. രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകളിലായിരുന്നു തോല്‍വി. സ്കോര്‍: 7-6, 6-4.

Su-Wei Hsieh

മുന്‍ ലോക ഒന്നാം നമ്പര്‍ താരവും വിംബിള്‍ഡണ്‍ ജേതാവുമായ മുഗുരുസ നേരത്തെ ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണല്‍ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയിരുന്നു. ആദ്യ റൗണ്ടില്‍ 6-4, 6-3 എന്ന സ്കോറിനു അനായാസ ജയം നേടി എത്തിയ മുഗൂരുസയ്ക്ക് നേട്ടം രണ്ടാം റൗണ്ടില്‍ ആവര്‍ത്തിക്കാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഞ്ച് സെറ്റ് പോരാട്ടത്തില്‍ വിജയം നേടി സോംഗ

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഡെനിസ് ഷോപോവലോവിന്റെ പോരാട്ട വീര്യത്തെ മറികടന്ന് ജോ-വില്‍ഫ്രെഡ് സോംഗ. അവസാന സെറ്റില്‍ 2-5നു പിന്നില്‍ നിന്ന ശേഷമാണ് മത്സരം സോംഗ സ്വന്തമാക്കിയത്. യുഎസ് ഓപ്പണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സോംഗയ്ക്ക് തോല്‍വിയായിരുന്നു ഫലം. ആദ്യ സെറ്റും മൂന്നാം സെറ്റും ഡെനിസ് ജയിച്ചപ്പോള്‍ രണ്ട്, നാല്, അഞ്ച് സെറ്റുകള്‍ ജയിച്ചാണ് സോംഗ വിജയക്കൊടി പാറിച്ചത്. സ്കോര്‍: 3-6, 6-3, 1-6, 7-6 (4), 7-5.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷറപ്പോവ രണ്ടാം റൗണ്ടില്‍

2016ല്‍ കിട്ടിയ 15 മാസത്തെ വിലക്കിനു ശേഷം മെല്‍ബേണില്‍ വീണ്ടും ഇറങ്ങിയപ്പോള്‍ വിജയത്തുടക്കത്തോടെ മരിയ ഷറപ്പോവ. ഇന്ന് നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ട് മത്സരത്തില്‍ ഷറപ്പോവ നേരിട്ടുള്ള സെറ്റുകളില്‍ ജര്‍മ്മനിയുടെ താത്ജാന മരിയയൊണ് പരാജയപ്പെടുത്തിയത്. 6-1, 6-4 എന്ന സ്കോറിനാണ് ഷറപ്പോവ മത്സരം സ്വന്തമാക്കിയത്.

മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ നിലവില്‍ ലോക റാങ്കിംഗില്‍ 48ാം സ്ഥാനത്താണ്. 2008ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായിരുന്നു താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നോക്കി ഇന്ത്യയുടെ യൂക്കി ബാംബ്രി, ആദ്യ റൗണ്ടില്‍ പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ യൂക്കി ബാംബ്രി. ക്വാളിഫയറുകള്‍ കളിച്ച് മെയിന്‍ ഡ്രോയിലേക്ക് എത്തിയെങ്കിലും 2006ലെ ഫൈനലിസ്റ്റും സൈപ്രസിന്റെ പരിചയ സമ്പന്നനായ താരവുമായ മാര്‍കോസ് ബഗ്‍ദാതിസിനോട് നേരിട്ടുള്ള സെറ്റുകളില്‍ യൂക്കി പരാജയപ്പെടുകയായിരുന്നു. ആദ്യ സെറ്റ് ടൈബ്രേക്കര്‍ വരെ എത്തിച്ചുവെങ്കിലും പിന്നീടുള്ള സെറ്റുകളില്‍ ബാഗ്‍ദാതിസ് തന്നെ വ്യക്തമായ മുന്‍തൂക്കം നേടുകയായിരുന്നു.

സ്കോര്‍: 6-7, 4-6, 3-6

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2017 യുഎസ് ഓപ്പണ്‍ ചാമ്പ്യനും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്ത്

നിലവിലെ യുഎസ് ഓപ്പണ്‍ വനിത ജേതാവ് സ്ലോവാനേ സ്റ്റീഫന്‍സ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്ത്. ടൂര്‍ണ്ണമെന്റില്‍ 13ാം സീഡായ അമേരിക്കന്‍ താരം മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മത്സരത്തില്‍ അടിയറവ് പറഞ്ഞത്. ചൈനീസ് താരം ലോക 34ാം നമ്പര്‍ ഷാംഗ് ഷുവായിയോടാണ് സ്റ്റീഫന്‍സ് പരാജയം ഏറ്റുവാങ്ങിയത്.

ആദ്യ സെറ്റ് നേടിയെങ്കിലും പിന്നീട് മത്സരത്തില്‍ പിന്നോട് പോകുകയായിരുന്നു താരം. രണ്ടാം സെറ്റില്‍ 5-4 നു മത്സരത്തിനായി സെര്‍വ് ചെയ്ത താരം രണ്ടാം സെറ്റ് ചൈനീസ് താരത്തിനു മുന്നില്‍ അടിയറവു പറഞ്ഞു. മത്സരം നിര്‍ണ്ണായകമായ മൂന്നാം സെറ്റിലേക്ക് എത്തിച്ച ചൈനീസ് താരം ഷാംഗ് ഷുവായി 2-6, 7-6(7-2), 6-2 എന്ന സ്കോറിനു ജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്, വില്യംസിനെ വീഴ്ത്തിയത് ബെലിന്‍ഡ ബെന്‍ചിച്ച്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്. സ്വിറ്റ്സര്‍ലാന്‍ഡിന്റെ ബെലിന്‍ഡ് ബെന്‍ചിച്ച് ആണ് വീനസിനെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താക്കിയത്. സ്കോര്‍ 6-3, 7-5. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ തോല്‍വി. ഇരുവരും ഏറ്റുമുട്ടിയ മറ്റു മൂന്ന് അവസരങ്ങളിലും ജയം വീനസിനൊപ്പമായിരുന്നു.

ഹോപ്മാന്‍ കപ്പില്‍ റോജര്‍ ഫെഡററോടൊപ്പം ഈ വര്‍ഷം ആദ്യം വിജയം സ്വന്തമാക്കുവാന്‍ ബെലിന്‍ഡയ്ക്ക് സാധിച്ചിരുന്നു. വിജയത്തിനു ശേഷം വീനസിന്റെ പ്രശംസ പിടിച്ചു പറ്റുവാനും ബെലിന്‍ഡയ്ക്കായി. ഞാന്‍ മോശം കളി കളിച്ചിട്ടല്ല തോറ്റത് ബെലിന്‍ഡ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് വീനസ് അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തിരിച്ചുവരവിനു ഇനിയും സമയം എടുക്കും, സെറീനയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് ടെന്നീസ് താരം സെറീന വില്യംസ്. ജനുവരി 15-28 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ താരം തന്റെ മടങ്ങി വരവ് നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ദുബായിയിലെ പ്രദര്‍ശന മത്സരത്തിനു ശേഷം തീരുമാനം പുനഃപരിശോധിക്കപ്പെടുകയായിരുന്നു. പൂര്‍ണ്ണമായും താന്‍ തയ്യാറെന്ന് തോന്നുന്ന ടൂര്‍ണ്ണമെന്റുകളില്‍ മാത്രം കളിച്ചാല്‍ മതിയെന്നാണ് തന്റെ കോച്ചിന്റെയും ടീമിന്റെയും തീരുമാനം. താന്‍ ഇപ്പോള്‍ അതിനു തയ്യാറല്ലെന്നാണ് തന്റെ വിലയിരുത്തല്‍. അതിനാല്‍ ഒരു മടങ്ങി വരവിനു ഇനിയും സമയം എടുക്കുമെന്നാണ് ഇപ്പോള്‍ പറയാനാകുന്നത്.

തന്റെ തീരുമാനം താരം ടെന്നീസ് ഓസ്ട്രേലിയയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ മകള്‍ക്ക് ജന്മം നല്‍കിയ ശേഷം ടെന്നീസിലേക്ക് സെറീനയുടെ മടങ്ങി വരവ് ഓസ്ട്രേലിയന്‍ ഓപ്പണിലാവുമെന്നാണ് കരുതിയിരുന്നത്. 36 വയസ്സുകാരി സെറീന 23 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് ഇതുവരെ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയന്‍ ഓപ്പണ്‍: ആന്‍ഡി മറേ പിന്മാറി

ഇടുപ്പിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ഇംഗ്ലീഷ് ടെന്നീസ് താരം ആന്‍ഡി മറേ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലില്‍ നിന്ന് താരം പിന്മാറിയിരുന്നു. കഴിഞ്ഞ കുറേ നാളായി ഒഴിവാക്കാന്‍ ശ്രമിച്ച ശസ്ത്രക്രിയ മാത്രമാകും ഇനി ശരണമെന്നാണ് ആന്‍ഡി മറേ പ്രതികരിച്ചത്.

കഴിഞ്ഞ ജൂലായില്‍ വിംബിള്‍ഡണിലാണ് മറേ അവസാനമായി ടെന്നീസ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version