തിരിച്ചുവരവിനു ഇനിയും സമയം എടുക്കും, സെറീനയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് ടെന്നീസ് താരം സെറീന വില്യംസ്. ജനുവരി 15-28 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ താരം തന്റെ മടങ്ങി വരവ് നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ദുബായിയിലെ പ്രദര്‍ശന മത്സരത്തിനു ശേഷം തീരുമാനം പുനഃപരിശോധിക്കപ്പെടുകയായിരുന്നു. പൂര്‍ണ്ണമായും താന്‍ തയ്യാറെന്ന് തോന്നുന്ന ടൂര്‍ണ്ണമെന്റുകളില്‍ മാത്രം കളിച്ചാല്‍ മതിയെന്നാണ് തന്റെ കോച്ചിന്റെയും ടീമിന്റെയും തീരുമാനം. താന്‍ ഇപ്പോള്‍ അതിനു തയ്യാറല്ലെന്നാണ് തന്റെ വിലയിരുത്തല്‍. അതിനാല്‍ ഒരു മടങ്ങി വരവിനു ഇനിയും സമയം എടുക്കുമെന്നാണ് ഇപ്പോള്‍ പറയാനാകുന്നത്.

തന്റെ തീരുമാനം താരം ടെന്നീസ് ഓസ്ട്രേലിയയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ മകള്‍ക്ക് ജന്മം നല്‍കിയ ശേഷം ടെന്നീസിലേക്ക് സെറീനയുടെ മടങ്ങി വരവ് ഓസ്ട്രേലിയന്‍ ഓപ്പണിലാവുമെന്നാണ് കരുതിയിരുന്നത്. 36 വയസ്സുകാരി സെറീന 23 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് ഇതുവരെ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version