കിരീടം നിലനിർത്താൻ മികച്ച തുടക്കവുമായി ഒസാക്ക, അനായാസ ജയവുമായി ക്രജികോവയും

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിലവിലെ ജേതാവ് ജപ്പാന്റെ നയോമി ഒസാക്കക്ക് മികച്ച തുടക്കം. പതിമൂന്നാം സീഡ് ആയ ഒസാക്ക സീഡ് ചെയ്യാത്ത കൊളംബിയൻ താരം കാമിലോ ഒസാരിയോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് ഒസാക്ക രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ഒരു തവണ സർവീസ് ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ നാലു തവണ ബ്രൈക്ക് ചെയ്ത ഒസാക്ക 6-3, 6-3 എന്ന നേരിട്ടുള്ള സ്‌കോറിന് ആണ് ജയം കണ്ടത്. കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഒസാക്കക്ക് ഇത് മികച്ച തുടക്കം തന്നെയാണ്.

അതേസമയം നാലാം സീഡ് ആയ ചെക് റിപ്പബ്ലിക് താരവും ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ ബാർബറോ ക്രജികോവക്കും ആദ്യ റൗണ്ടിൽ അനായാസ ജയം കണ്ടു. ജർമ്മൻ താരം ആന്ദ്രയ പെറ്റ്കോവിച്ചിനെ 6-2, 6-0 എന്ന സ്കോറിന് ആണ് ചെക് താരം തകർത്തത്. 5 സർവീസ് ഇരട്ട പിഴവുകൾ വരുത്തിയ എതിരാളിയുടെ സർവീസ് 6 തവണയാണ് ചെക് താരം ബ്രൈക്ക് ചെയ്തത്. തികച്ചും ഏകപക്ഷീയമായ പ്രകടനം തന്നെയാണ് നാലാം സീഡിൽ നിന്നു ആദ്യ റൗണ്ടിൽ ഉണ്ടായത്.