അനായാസ ജയവുമായി നദാൽ അവസാന എട്ടിൽ! ക്വാർട്ടർ ഫൈനലിൽ റഷ്യൻ പോരാട്ടവും

Rafael Nadal Australian Open

ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ പ്രതീക്ഷിച്ച പ്രകടനവും ആയി പ്രമുഖ താരങ്ങൾ. തന്റെ പഴയ എതിരാളിയായ ഇറ്റാലിയൻ താരവും 16 സീഡുമായ ഫാബിയോ ഫോഗ്നിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് രണ്ടാം സീഡ് ആയ റാഫേൽ നദാൽ അവസാന എട്ടിലേക്ക് മുന്നേറിയത്. ഫോഗ്നിയിൽ നിന്നു വലിയ പോരാട്ടം പ്രതീക്ഷിച്ച ആരാധകരെ നിരാശയാക്കിയ പ്രകടനം ആണ് ഇറ്റാലിയൻ താരത്തിൽ നിന്നുണ്ടായത്. 2 തവണ ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ സമ്പൂർണ ആധിപത്യം മത്സരത്തിൽ പുലർത്തിയ നദാൽ 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 6-3, 6-4, 6-2 എന്ന സ്കോറിന് ആരാണ് നദാൽ ജയം കണ്ടത്. തന്റെ 21 ഗ്രാന്റ് സ്‌ലാം ജയവും രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പണും ലക്ഷ്യം വക്കുന്ന നദാൽ ക്വാർട്ടർ ഫൈനലിൽ സിറ്റിപാസ്, ബരേറ്റിനി മത്സരവിജയിയെ ആണ് നേരിടുക.

അതേസമയം സമാനമായ പ്രകടനം ആണ് സീഡ് ചെയ്യാത്ത അമേരിക്കൻ താരം മകൻസി മക്ഡോനാൾഡിനു എതിരെ നാലാം സീഡ് ആയ റഷ്യൻ താരം ഡാനിൽ മെദ്വദേവിൽ നിന്നുണ്ടായത്. ഒരൊറ്റ ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത മെദ്വദേവ് 7 ഏസുകളും മത്സരത്തിൽ ഉതിർത്തു. 6-4, 6-2, 6-3 എന്ന സ്കോറിന് എതിരാളിയെ വീഴ്ത്തിയ മെദ്വദേവ് ആദ്യ ഗ്രാന്റ് സ്‌ലാമിലേക്ക് തനിക്ക് അധികം ദൂരമില്ല എന്നു കൂടി വ്യക്തമാക്കി. ക്വാർട്ടർ ഫൈനലിൽ റഷ്യക്കാരൻ തന്നെയായ യുവ താരം ആന്ദ്ര റൂബ്ലേവ് ആണ് മെദ്വദേവിന്റെ എതിരാളി. സീസണിൽ ഇത് വരെ തോൽക്കാത്ത ഏഴാം സീഡ് ആയ റൂബ്ലേവ് 24 സീഡ് കാസ്പർ റൂഡിനെ ആണ് നാലാം റൗണ്ടിൽ മറികടന്നത്. മത്സരത്തിൽ റൂബ്ലേവ് 6-2, 7-6 എന്ന സ്കോറിന് രണ്ടു സെറ്റുകൾക്ക് മുന്നിട്ട് നിൽക്കുമ്പോൾ റൂഡ് പരിക്കിനെ തുടർന്ന് മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലുള്ള റഷ്യൻ താരങ്ങൾ തമ്മിലുള്ള പോരാട്ടം തീപാറും എന്നുറപ്പാണ്.

Previous articleപരിക്കേറ്റു പിന്മാറി ബരേറ്റിനി, സിറ്റിപാസ് ക്വാർട്ടർ ഫൈനലിൽ
Next articleകോഹ്‍ലിയെയും കുല്‍ദീപിനെയും വീഴ്ത്തി മോയിന്‍ അലി, അശ്വിന്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍