പരിക്കേറ്റു പിന്മാറി ബരേറ്റിനി, സിറ്റിപാസ് ക്വാർട്ടർ ഫൈനലിൽ

Berrettini

ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ട് മത്സരത്തിൽ നിന്നു പിന്മാറി ഇറ്റാലിയൻ താരവും ഒമ്പതാം സീഡും ആയ മറ്റയോ ബരേറ്റിനി. ഉദരസംബന്ധമായ പരിക്കിനെ തുടർന്നാണ് ഇറ്റാലിയൻ താരം മത്സരത്തിൽ നിന്നു പിന്മാറിയത്. താൻ പൂർണമായും ശാരീരികമായി തയ്യാറെല്ലെന്ന ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച ഇറ്റാലിയൻ താരം തനിക്ക് കളിക്കാൻ ആവില്ലെന്ന് വ്യക്തമാക്കുക ആയിരുന്നു. മൂന്നാം റൗണ്ടിൽ പരിക്ക് അവഗണിച്ചു വേദന സഹിച്ച് ആയിരുന്നു ബരേറ്റിനി മത്സരം ജയിച്ചത്.

Stefanos Tsitsipas

ഇങ്ങനെ പിന്മാറേണ്ടി വന്നത് ബരേറ്റിനിക്ക് വലിയ നിരാശ പകരും എങ്കിലും എത്രയും പെട്ടെന്ന് പരിക്കിൽ നിന്നു മുക്തി നേടി കളത്തിൽ ശക്തമായി തിരിച്ചു വരാൻ ആവും ഇറ്റാലിയൻ താരം ശ്രമിക്കുക. ബരേറ്റിനി പിന്മാറിയതോടെ അഞ്ചാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യം വക്കുന്ന മികച്ച ഫോമിലുള്ള സിറ്റിപാസിന് ക്വാർട്ടർ ഫൈനലിൽ സാക്ഷാൽ റാഫേൽ നദാൽ ആണ് എതിരാളി. എന്നാൽ ഇന്ന് ലഭിച്ച അധിക വിശ്രമം നദാലിന് എതിരെ മുതലാക്കാൻ ആവും ഗ്രീക്ക് താരം ശ്രമിക്കുക എന്നുറപ്പാണ്.

Previous articleവീണ്ടും അട്ടിമറി! സ്വിറ്റോലീന നാലാം റൗണ്ടിൽ പുറത്ത്, വെകിച്ചും പുറത്ത്
Next articleഅനായാസ ജയവുമായി നദാൽ അവസാന എട്ടിൽ! ക്വാർട്ടർ ഫൈനലിൽ റഷ്യൻ പോരാട്ടവും