ഇതാണ് നദാൽ! പന്ത് മുഖത്ത് തട്ടിയ കുട്ടിക്ക് ഉമ്മ നൽകി ആശ്വസിപ്പിച്ചു റാഫ!

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ ഷോട്ട് കവിളിൽ തട്ടിയ ബോൾ ഗേളിന് ഉമ്മ നൽകി ആശ്വസിപ്പിച്ച് ആരാധകരുടെ ഹൃദയം കവർന്നു റാഫേൽ നദാൽ. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തിനിടെ മൂന്നാം സെറ്റിൽ അർജന്റീന താരം ഡെൽബോണിസിന്റെ സർവ്വീസ് നേരിടുമ്പോൾ ആണ് അബദ്ധത്തിൽ നദാൽ അടിച്ച പന്ത് നെറ്റിന് അരികെ നിന്ന ബോൾ ഗേളിന്റെ കവിളിൽ കൊണ്ടത്. നല്ല സ്പീഡിൽ വന്ന പന്ത് കുട്ടിയുടെ മുഖത്ത് തട്ടിയ ഉടനെ കുട്ടിയുടെ അരികെ ഓടിയെത്തിയ നദാൽ കുട്ടിയെ ആശ്വസിപ്പിക്കുകയും കവിളിൽ ഉമ്മ നൽകുകയും ചെയ്തത് അപൂർവ്വ കാഴ്ചയായി.

നിറഞ്ഞ കയ്യടികളിലൂടെയാണ് റോഡ് ലേവർ അറീനയിലെ കാണികൾ നദാലിന്റെ ഈ സ്വാന്ത്വനം സ്വീകരിച്ചത്. നദാലിനോട് തനിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് ചിരിച്ചു കൊണ്ടായിരുന്നു ബോൾ ഗേളിന്റെ മറുപടി. മത്സരശേഷവും കുട്ടിയുടെ അടുത്ത് ഓടിയെത്തിയ നദാൽ തന്റെ റിസ്റ്റ് ബാൻഡ് കുട്ടിക്ക് സമ്മാനിക്കുകയും ചെയ്തു. കുട്ടിക്ക് പന്ത് കൊണ്ടപ്പോൾ താൻ വല്ലാതെ ഭയന്നു എന്നാണ് നദാൽ മത്സരശേഷമുള്ള അഭിമുഖത്തിൽ പ്രതികരിച്ചത്. നദാലിന്റെ ഈ പെരുമാറ്റത്തിനു വളരെയധികം പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ലഭിക്കുന്നത്. മഹാനായ താരം മാത്രമല്ല താൻ നല്ലൊരു മനുഷ്യൻ ആണെന്ന് കൂടി തെളിയിക്കുകയാണ് റാഫേൽ നദാൽ ഒരിക്കൽ കൂടി.

Advertisement