ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ സെർബിയൻ താരം ലാസ്ലോ ഡറെയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു രണ്ടാം സീഡ് റാഫേൽ നദാൽ തുടങ്ങി. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം ആണ് നദാൽ പുലർത്തിയത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത നദാൽ 6-3, 6-4, 6-1 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ഓരോ ഗ്രാന്റ് സ്‌ലാമും രണ്ടു തവണ നേടുക എന്ന ചരിത്ര നേട്ടവും 21 മത്തെ ഗ്രാന്റ് സ്‌ലാമും ലക്ഷ്യം വക്കുന്ന നദാൽ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ആണ് മെൽബണിൽ ലക്ഷ്യം വക്കുന്നത്.
അഞ്ചു സെറ്റ് പോരാട്ടത്തിനു ഒടുവിൽ ആണ് ബെൽജിയം താരം ആയ 13 സീഡ് ഡേവിഡ് ഗോഫിൻ ഓസ്‌ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത് പോയത്. സീഡ് ചെയ്യാത്ത ആതിഥേയ താരം ആയ അലക്സെയ് പോപിയിരിൻ ആണ് ഗോഫിനെ ഞെട്ടിച്ചത്. 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ 6-3, 4-6, 7-6, 6-7, 3-6 എന്ന സ്കോറിന് ആണ് ഗോഫിൻ പരാജയം ഏറ്റുവാങ്ങിയത്. അർജന്റീനൻ താരം പെല്ലയെ 6-3, 7-6, 7-5 എന്ന നേരിട്ടുള്ള സ്കോറിന് തകർത്തു 22 സീഡ് ക്രൊയേഷ്യൻ താരം ബോർണ ചോരിച്ചും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.