മതിലായി മെദ്വദേവ്! സിറ്റിപാസിനെ തകർത്തു ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സെമിഫൈനലിൽ കാണികൾ തനിക്ക് എതിരായിട്ടും എന്നത്തേയും പോലെ അവിശ്വസനീയമായ ശാന്തതയോടെ അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു നാലാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ. നദാലിന് എതിരായ കടുത്ത പോരാട്ടത്തിനു ശേഷം വന്ന സിറ്റിപാസിന് മെദ്വദേവിനു മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നത് ആണ് വാസ്തവം. ഭയങ്കര ശാന്തതയോടെ കളിച്ച മെദ്വദേവ് ഏത് പന്തും തിരിച്ചടിച്ചു മതില് പോലെ പോലെ ആണ് മത്സരത്തിൽ പോരാടിയത്. ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ മെദ്വദേവ് തുടക്കത്തിൽ തന്നെ ഗ്രീക്ക് താരത്തിന് മേൽ ആധിപത്യം നേടി. സെറ്റ് 6-4 നു നേടിയ ശേഷം തന്റെ മികവ് തുടരുക തന്നെയായിരുന്നു മെദ്വദേവ്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ജ്യോക്കോവിച്ചിനു വെല്ലുവിളി ആവാൻ സാധിക്കുന്ന ഏക താരം ആണെന്നു വിലയിരുത്തുന്ന മെദ്വദേവ് ജ്യോക്കോവിച്ചിനെ ഞെട്ടിക്കുമോ എന്നു കാത്തിരുന്നു കാണാം.

രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ സിറ്റിപാസിനെ ബ്രൈക്ക് ചെയ്ത മെദ്വദേവ് സെറ്റിൽ രണ്ടാം ബ്രൈക്കും കണ്ടത്തി സെറ്റ് അനായാസം സ്വന്തം പേരിൽ കുറിച്ചു. 6-2 നു ആണ് രണ്ടാം സെറ്റ് റഷ്യൻ താരം നേടിയത്. മൂന്നാം സെറ്റിലും സമാനമായ പ്രകടനം തുടർന്ന മെദ്വദേവ് സിറ്റിപാസിനെ തുടക്കത്തിൽ തന്നെ ബ്രൈക്ക് ചെയ്തു. എന്നാൽ തിരിച്ചടിച്ച സിറ്റിപാസ് മത്സരത്തിൽ ആദ്യമായി ബ്രൈക്ക് പോയിന്റ് സൃഷ്ടിക്കുകയും ബ്രൈക്ക് തിരിച്ചു പിടിക്കുകയും ചെയ്തു. ഈ സമയത്ത് മാത്രം ആണ് അൽപ്പമെങ്കിലും മെദ്വദേവ് മത്സരത്തിൽ സമ്മർദ്ദത്തിൽ ആയത്. എന്നാൽ നിർണായക സമയത്ത് ഏസുകൾ ഉതിർത്തു പോയിന്റുകൾ അനായാസം നേടിയ മെദ്വദേവ് സിറ്റിപാസിന്റെ അവസാനത്തെ സർവീസ് ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്തു മത്സരത്തിനായി സർവീസ് ചെയ്യാൻ ഒരുങ്ങി.

സർവീസ് നിലനിർത്തിയ താരം സെറ്റ് 7-5 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു ഫൈനലിലേക്ക് അനായാസം മുന്നേറി. ഫൈനലിൽ 8 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയ നൊവാക് ജ്യോക്കോവിച്ച് ആണ് മെദ്വദേവിന്റെ എതിരാളി. ഇത് വരെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോൽക്കാത്ത ജ്യോക്കോവിച്ചിനെ തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം ഫൈനലിൽ തോൽപ്പിച്ചു ആദ്യ ഗ്രാന്റ് സ്‌ലാം ഉയർത്താൻ ആവും മെദ്വദേവിന്റെ ശ്രമം. ആദ്യ പത്തിലുള്ള താരങ്ങൾക്ക് എതിരെ തുടർച്ചയായ പന്ത്രണ്ടാം ജയം കണ്ട മെദ്വദേവ് ആ പ്രകടനം ഫൈനലിലും ആവർത്തിക്കാൻ ആവും ശ്രമിക്കുക. 2019 ൽ യു.എസ് ഓപ്പൺ ഫൈനലിൽ അഞ്ച്‌ സെറ്റുകൾക്കും 5 മണിക്കൂറുകൾക്കും ശേഷം നദാലിനോട് വഴങ്ങിയ തോൽവിയിൽ നിന്നു പഠിച്ച ശേഷം ആവും മെദ്വദേവ് ജ്യോക്കോവിച്ചിനെ ഫൈനലിൽ നേരിടുക.