അമേരിക്കൻ താരം
2026-ലെ ഓസ്ട്രേലിയൻ ഓപ്പണിൽ മൂന്നാം സീഡ് താരം കോക്കോ ഗോഫ് മികച്ച വിജയത്തോടെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. മാർഗരറ്റ് കോർട്ട് അരീനയിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ സെർബിയയുടെ ഓൾഗ ഡാനിലോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കൻ താരം പരാജയപ്പെടുത്തിയത്. വെറും 78 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ 6-2, 6-2 എന്ന സ്കോറിനായിരുന്നു ഗോഫിന്റെ വിജയം.
ആദ്യ റൗണ്ടിൽ വീനസ് വില്യംസിനെ അട്ടിമറിച്ചെത്തിയ ഡാനിലോവിച്ചിന്, ഗോഫിന്റെ കരുത്തുറ്റ സർവുകൾക്കും റിട്ടേണുകൾക്കും മുന്നിൽ മറുപടിയുണ്ടായിരുന്നില്ല.
മത്സരത്തിന്റെ തുടക്കം മുതൽ പൂർണ്ണ ആധിപത്യം പുലർത്തിയ ഇരുപത്തിയൊന്നുകാരിയായ ഗോഫ്, ആദ്യ അഞ്ച് ഗെയിമുകളും തുടർച്ചയായി നേടി എതിരാളിയെ സമ്മർദ്ദത്തിലാക്കി. പിഴവുകൾ കുറച്ചും 14 വിന്നറുകൾ പായിച്ചും കളിക്കളത്തിൽ നിറഞ്ഞാടിയ ഗോഫ്, തന്റെ കരിയറിലെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണ് മെൽബണിൽ ലക്ഷ്യമിടുന്നത്.









