ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു മൂന്നാം സീഡ് ഡൊമനിക് തീം പുറത്ത്!

Wasim Akram

ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ വമ്പൻ അട്ടിമറി. മൂന്നാം സീഡും യു.എസ് ഓപ്പൺ ജേതാവും ആയ ഓസ്ട്രിയൻ താരം ഡൊമനിക് തീം നാലാം റൗണ്ടിൽ പുറത്ത്. 18 സീഡ് ആയ ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവ് ആണ് നേരിട്ടുള്ള സെറ്റുകൾക്ക് തീമിനെ തകർത്തത്. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം നേടിയ ദിമിത്രോവ് 6-4, 6-4, 6-0 എന്ന സ്കോറിന് ആണ് തീമിനെ തോൽപ്പിച്ചത്.

രണ്ടു തവണ ബ്രൈക്ക് കണ്ടത്താൻ ആയെങ്കിലും ഏഴു തവണ ബ്രൈക്ക് വഴങ്ങിയ തീം മത്സരത്തിൽ ഒരു ഘട്ടത്തിലും ദിമിത്രോവിനു ഭീഷണി ആയില്ല. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത ദിമിത്രോവ് മൂന്നാം സെറ്റിൽ സമ്പൂർണ്ണ ആധിപത്യം ആണ് പുലർത്തിയത്. ഒരു പോയിന്റ് പോലും നൽകാതെ തീമിനെ മൂന്നാം സെറ്റിൽ ദിമിത്രോവ് നാണം കെടുത്തി. കഴിഞ്ഞ റൗണ്ടിൽ നിക് ക്രഗറിയോസിന് എതിരെ 5 സെറ്റ് പോരാട്ടത്തിന്റെ ക്ഷീണവും തളർത്തിയ തീമിന്റെ നേരിട്ടുള്ള സെറ്റുകൾക്ക് ഉള്ള തോൽവി വലിയ അമ്പരപ്പ് ആണ് ടെന്നീസ് ആരാധകർക്ക് നൽകിയത്.