ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ 14 സീഡ് കനേഡിയൻ താരം മിലോസ് റയോണിക്കിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു നൊവാക് ജ്യോക്കോവിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഗ്രാന്റ് സ്‌ലാമിൽ ജ്യോക്കോവിച്ചിന്റെ മുന്നൂറാം ജയം ആയിരുന്നു ഇത്. പരസ്പരം കളിച്ച 12 മത്തെ മത്സരത്തിലും ജ്യോക്കോവിച്ചിനു മുന്നിൽ തോൽവി വഴങ്ങാൻ ആയിരുന്നു കനേഡിയൻ താരത്തിന്റെ വിധി. വലിയ സർവീസുകൾക്ക് പേരുകേട്ട റയോണിക്കിനെതിരെ തന്റെ മികച്ച റിട്ടേണുകൾ കൊണ്ട് ജ്യോക്കോവിച്ച് മത്സരം പിടിച്ചു. മത്സരത്തിൽ ജ്യോക്കോവിച്ച് 10 ഏസുകൾ ഉതിർത്തപ്പോൾ 26 ഏസുകൾ ആണ് റയോണിക് ഉതിർത്തത്. ആദ്യ സെറ്റിൽ ഇരു താരങ്ങളും സർവീസ് കൈവിടാൻ തയ്യാറാവാതിരുന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു ടൈബ്രേക്കറിൽ സെറ്റ് സ്വന്തമാക്കിയ ജ്യോക്കോവിച്ച് മത്സരത്തിൽ മുൻതൂക്കം കണ്ടത്തി.
രണ്ടാം സെറ്റിൽ മത്സരത്തിലെ ആദ്യ ബ്രൈക്ക് കണ്ടത്തിയ റയോണിക് സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റിൽ മത്സരത്തിലെ ആധിപത്യം പൂർണമായും തിരിച്ചു പിടിച്ച ജ്യോക്കോവിച്ച് മൂന്നാം സെറ്റിൽ ഇരട്ടബ്രൈക്കുകൾ കണ്ടത്തി സെറ്റ് 6-1 നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ നിർണായക സമയത്ത് ബ്രൈക്ക് പോയിന്റുകൾ കണ്ടത്തിയ ജ്യോക്കോവിച്ചിനെതിരെ 2 ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ റയോണിക്കിന് ആയെങ്കിലും അവസാനം ബ്രൈക്ക് നേടിയ ജ്യോക്കോവിച്ച് സെറ്റ് 6-4 നു നേടി അവസാന എട്ടിലേക്ക് മുന്നേറി. തന്റെ ഒമ്പതാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിനു ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് ആയ ജർമ്മൻ യുവ താരം സാഷ സെരവ് ആണ് എതിരാളി. പൂർണമായും ശാരീരിക ക്ഷമത കൈവരിക്കാത്ത ജ്യോക്കോവിച്ച് കടുത്ത പരീക്ഷ ആയിരിക്കും സെരവിനു എതിരെ നേരിടുക.