അട്ടിമറികൾ കണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ, ബിയാങ്കയും, ക്വിറ്റോവയും പുറത്ത്, സെറീന മൂന്നാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി പത്താം സീഡ് സെറീന വില്യംസ്. സീഡ് ചെയ്യാത്ത സെർബിയൻ താരം നിന സ്റ്റോജനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെറീന തകർത്തത്. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ സെറീന സെറ്റ് 6-3 നു നേടി മത്സരത്തിൽ ആധിപത്യം നേടി. തുടർന്ന് രണ്ടാം സെറ്റിൽ സമഗ്രാധിപത്യം കണ്ടത്തിയ സെറീന ഒരു ഗെയിം പോലും എതിരാളിക്ക് നൽകാതെ സെറ്റ് 6-0 നു നേടി മത്സരം സ്വന്തമാക്കി. ഏഴാം സീഡ് ആര്യാന സബലങ്കയും രണ്ടാം റൗണ്ടിൽ അനായാസ ജയം കണ്ടത്തി. റഷ്യൻ താരം ഡാരിയക്ക് എതിരെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ സബലങ്ക രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. റഷ്യൻ താരം സമസോനോവയെ 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത സ്പാനിഷ് താരവും 14 സീഡുമായ ഗബ്രീൻ മുഗുരുസയും മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി.

വമ്പൻ അട്ടിമറികളും ഇന്ന് വനിതാ വിഭാഗത്തിൽ കാണാൻ ആയി. എട്ടാം സീഡും മുൻ യു.എസ് ഓപ്പൺ ജേതാവും ആയ കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്കു ഏഷ്യൻ താരം സെ സു വെയോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയം ഏറ്റുവാങ്ങിയത്. ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം പരിക്കിൽ നിന്നു ഗ്രാന്റ് സ്‌ലാം മൈതാനത്ത് തിരിച്ചു വന്ന ബിയാങ്കക്ക് മത്സരത്തിൽ പിടിച്ചു നിൽക്കാൻ ആയില്ല. 2 ബ്രൈക്ക് നേടിയെങ്കിലും 6 തവണ ബ്രൈക്ക് വഴങ്ങിയ ബിയാങ്ക 6-3, 6-2 എന്ന സ്കോറിന് ആണ് മത്സരത്തിൽ തോൽവി വഴങ്ങിയത്. റൊമാനിയൻ താരം സൊരാന ക്രിസ്റ്റിയോട് 3 സെറ്റ് പോരാട്ടത്തിനു ശേഷം ആണ് ഒമ്പതാം സീഡ് ചെക് താരം പെട്ര ക്വിറ്റോവ തോൽവി വഴങ്ങിയത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-1 നേടി തിരിച്ചു വരാൻ ക്വിറ്റോവ ശ്രമിച്ചു എങ്കിലും മൂന്നാം 6-1 നു നേടിയ എതിരാളി മത്സരം സ്വന്തം പേരിലാക്കി. ഫ്രഞ്ച് താരം ഫിയോന ഫെരോയോട് തോറ്റ 17 സീഡ് എലേന റൈബാകിനയും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്തായി.