ഓസ്‌ട്രേലിയൻ ഓപ്പണിൽ അനായാസം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് നിലവിലെ ജേതാവും ലോക രണ്ടാം നമ്പർ താരവുമായ നൊവാക് ജ്യോക്കോവിച്ച്. 14 സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് സെർബിയൻ താരം അവസാന എട്ടിൽ എത്തിയത്. മുമ്പ് ക്വാർട്ടർ ഫൈനലിൽ കടന്നപ്പോൾ ഒക്കെ ഫൈനൽ കളിച്ച അനുഭവസമ്പത്ത് ഉള്ള ജ്യോക്കോവിച്ച് തന്റെ സമ്പൂർണ ആധിപത്യം തന്നെയാണ് അർജന്റീനൻ താരത്തിന് എതിരെ പുറത്ത് എടുത്തത്. 6-3, 6-4, 6-4 എന്ന സ്കോറിന് ജയം കണ്ട ജ്യോക്കോവിച്ചിനു ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ആവാൻ അർജന്റീനൻ താരത്തിന് ആയില്ല എന്നതാണ് വാസ്തവം. വെറും രണ്ട് മണിക്കൂറിനു മുകളിൽ നിന്ന മത്സരത്തിൽ 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് 8 ഏസുകളും അടിച്ചു.
ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് മാത്രം എതിരാളിക്ക് നൽകിയ ജ്യോക്കോവിച്ചിന്റെ ക്വാർട്ടർ ഫൈനൽ എതിരാളി കനേഡിയൻ താരം മിലോസ് റയോണിക് ആണ്. 11 മത്തെ തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ജ്യോക്കോവിച്ച് ഇതിൽ ഒന്നും തോറ്റിട്ടില്ല എന്നു മാത്രമല്ല റയോണിക്കിനെ നേരിട്ട 9 തവണയും ജയം ജ്യോക്കോവിച്ചിനു ഒപ്പം തന്നെയായിരുന്നു. എന്നാൽ മുൻ യു.എസ് ഓപ്പൺ ജേതാവ് മാരിൻ സിലിച്ചിന് എതിരെ ഇന്ന് പുറത്ത് എടുത്ത മികച്ച പ്രകടനം ആവും 32 സീഡ് മിലോസ് റയോണിക്കിനു ആത്മവിശ്വാസം പകരുക. 35 ഏസുകൾ മത്സരത്തിൽ അടിച്ച റയോണിക് 6-4, 6-3, 7-5 എന്ന സ്കോറിന് ആണ് സിലിച്ചിനെ വീഴ്ത്തിയത് കൂടാതെ റയോണിക് ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും കൈവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ക്വാർട്ടർ ഫൈനലിൽ ജ്യോക്കോവിച്ചിനു പിടിച്ചു നിൽക്കാൻ ആവുമോ എന്നു കണ്ടു തന്നെ അറിയണം.