റിയോ ഓപ്പണിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഭീഷണി ആയി മഴ. നിലവിൽ 2 മത്സരങ്ങൾ പൂർത്തിയാക്കാൻ ആയി എങ്കിലും 2 മത്സരങ്ങൾ മാറ്റി വക്കേണ്ടി വന്നു. മഴ പല തവണ മുടക്കിയ മത്സരശേഷം ആണ് ചെക് റിപ്പബ്ലിക് താരം മൂന്നാം സീഡ് ക്രിസത്യൻ ഗാരിൻ ജയിച്ച് കയറിയത്. അർജന്റീനയുടെ ഫെഡറിക്കോ കൊറിയക്ക് എതിരെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആയിരുന്നു ചെക് താരത്തിന്റെ ജയം. ആദ്യ സെറ്റ് 6-2 നു നഷ്ടമായ ശേഷം തിരിച്ചു വന്ന് ആയിരുന്നു മൂന്നാം സീഡിന്റെ ജയം.
രണ്ടാം സെറ്റ് 6-3 നു നേടിയ താരം 7-5 നു മൂന്നാം സെറ്റും സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ലോറൻസോ സൊനേഗയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ക്രൊയേഷ്യയുടെ അഞ്ചാം സീഡ് ബോർണ കോരിച്ച് സെമിയിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ കോരിച്ച് രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കുക ആയിരുന്നു. അതേസമയം ഒന്നാം സീഡ് ഡൊമനിക് തീം ജിലാക്കുക മാഗർ മത്സരം മഴ മുടക്കി. വൈൽഡ് കാർഡ് ആയി ടൂർണമെന്റിൽ എത്തിയ താരത്തിന് എതിരെ ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നഷ്ടമായ തീം ബ്രൈക്ക് വഴങ്ങി രണ്ടാം സെറ്റിൽ 2-1 നു പിറകിൽ നിൽക്കുമ്പോൾ ആണ് മഴ വില്ലനായി എത്തിയത്.
പരിക്ക് അലട്ടുന്ന ഓസ്ട്രിയൻ താരം ഡൊമനിക് തീമിനു മത്സരത്തിൽ തിരിച്ചു വരാൻ ആവുമോ എന്നു കണ്ടറിയണം. ഈ മത്സരം ജയിക്കാൻ ആയാൽ തീമിനു റോജർ ഫെഡററെ മറികടന്ന് ലോക മൂന്നാം നമ്പർ റാങ്കിൽ എത്താവുന്നത് ആണ്. മറ്റൊരു ക്വാർട്ടർ ഫൈനൽ ആയ അറ്റില ബലാസ് പെട്രോ മാർട്ടിനസ് പോർട്ടേരോ മത്സരവും മഴ മുടക്കി. സ്പാനിഷ് താരം ആയ പെട്രോ 6-2 നു ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റിൽ 2-2 നു കളി പുരോഗമിക്കുമ്പോൾ ആയിരുന്നു മഴ എത്തിയത്.