ലിവർപൂളിനെ തോൽപ്പിക്കാമോ എന്ന് ചോദിച്ച കുഞ്ഞ് യുണൈറ്റഡ് ആരാധകന്റെ കത്തിന് ക്ലോപ്പിന്റെ മറുപടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ തുടർവിജയങ്ങൾ കണ്ട് സങ്കടമായ ഒരു കുഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകന്റെ സങ്കട കത്തിന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് നൽകിയ മറുപടി രസകരമായിരുന്നു. 10 വയസ്സുകാരനായ ഡരാഗ് കേർലി ആണ് ഒരു സ്കൂൾ അസൈന്മെന്റിന്റെ ഭാഗമായി ലിവർപൂൾ പരിശീലകന് കത്ത് എഴുതിയത്. കടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായ തനിക്ക് ലിവർപൂളിന്റെ തുടർ വിജയങ്ങൾ സങ്കടം നൽകുന്നു എന്നും അതുകൊണ്ട് ഇനി ലിവർപൂളിനെ തോൽപ്പിക്കാമോ എന്നുമായിരുന്നു കുഞ്ഞ് ആരാധകൻ ക്ലോപ്പിനോട് ആവശ്യപ്പെട്ടത്.

ലിവർപൂൾ ഇനി ശേഷിക്കുന്ന 9 മത്സരങ്ങളും വിജയിച്ചാൽ അത് ഇംഗ്ലീഷ് ലീഗിലെ റെക്കോർഡ് ആകും എന്നും അത് യുണൈറ്റഡ് ആരാധകനായ തനിക്ക് വലിയ വിഷമം ആകും എന്നും അതുകൊണ്ട് ഇനി ഒരു മത്സരമോ ലീഗോ ലിവർപൂൾ ജയിക്കരുത് എന്നാണ് തന്റെ ആഗ്രഹം എന്നും കുട്ടി കത്തിൽ രേഖപ്പെടുത്തി. കത്ത് ശ്രദ്ധയിൽ പെട്ട ക്ലോപ്പ് ഈ യുണൈറ്റഡ് ആരാധകനെ ഞെട്ടിച്ചു കൊണ്ട് മറുപടി എഴുതി.

കേർലി ലിവർപൂൾ തോൽക്കണം എന്ന് ആഗ്രഹിക്കുന്നത് പോലെ ലിവർപൂൾ ജയിക്കണം എന്ന് ആഗ്രഹിക്കുന്ന ലക്ഷ കണക്കിനു ആരാധകർ ഉണ്ടെന്നും അവരെ നിരാശപ്പെടുത്താതെ ഇരിക്കലാണ് തന്റെ ജോലി എന്നും മറുപടിയിൽ ക്ലോപ്പ് പറയുന്നു. ലിവർപൂൾ ഒരുപാട് മത്സരങ്ങൾ മുമ്പ് പരാജയപ്പെട്ടിട്ടുണ്ട് എന്നും ഇനി ഭാവിയിൽ പരാജയപ്പെടുമെന്നും അതുകൊണ്ട് പേടിക്കേണ്ടതില്ല എന്നും യുണൈറ്റഡ് ആരാധകനോട് ക്ലോപ്പ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്ര നല്ല ആരാധകനെ കിട്ടിയത് അവരുടെ ഭാഗ്യമാണെന്നും ക്ലോപ്പ് കത്തിൽ പറഞ്ഞു.