കരിയറിൽ ആദ്യമായി എ.ടി.പി 1000 മാസ്റ്റേഴ്സ് കിരീടം നേടി ഇറ്റാലിയൻ താരം യാനിക് സിന്നർ. കാനഡയിൽ ടോറോന്റോ ഓപ്പൺ ഫൈനലിൽ ഏഴാം സീഡ് ആയ സിന്നർ സീഡ് ചെയ്യാത്ത ഓസ്ട്രേലിയൻ താരം അലക്സ് ഡി മോനോറിനെ ആണ് തകർത്തത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു 21 കാരനായ സിന്നറിന്റെ ജയം.
മത്സരത്തിൽ 5 ഏസുകൾ ഉതിർത്ത സിന്നർ 5 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്യുകയും ചെയ്തു. മാസ്റ്റേഴ്സ് ജയത്തോടെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്ക് ആയ ആറാം റാങ്കിലും താരം എത്തി. കരിയറിലെ എട്ടാം കിരീടം കൂടിയാണ് താരത്തിന് ഇത്. ഈ മികവ് യു.എസ് ഓപ്പണിൽ നിലനിർത്താൻ ആയാൽ സിന്നർ എതിരാളികൾക്ക് വലിയ വെല്ലുവിളി തന്നെയാവും ഉയർത്തുക എന്നുറപ്പാണ്.