യോഗ്യത കളിച്ചു പാരീസ് മാസ്റ്റേഴ്സിലേക്ക് എത്തിയ ഫ്രഞ്ച് യുവ താരം ഹ്യൂഗോ ഗാസ്റ്റോൺ പാരീസ് മാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ. നാട്ടുകാരായ കാണികളുടെ സഹായത്തോടെ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫ്രഞ്ച് താരം തകർത്തത്. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി 6-4 നു നേടിയ ഫ്രഞ്ച് താരം രണ്ടാം സെറ്റിൽ അവിശ്വസനീയ തിരിച്ചു വരവ് ആണ് നടത്തിയത്.
ആദ്യ സെറ്റിലെ തിരിച്ചടിക്ക് ശേഷം ഉണർന്ന അൽകാരസ് അനായാസം 5-0 നു രണ്ടാം സെറ്റിൽ മുന്നിലെത്തി. എന്നാൽ അവിടെ നിന്നു തനിക്ക് ആയി ആർത്ത് വിളിച്ച കാണികളുടെ സഹായത്തോടെ ഗാസ്റ്റോൺ തിരിച്ചു വന്നു. തുടർച്ചയായി 7 ഗെയിമുകൾ ജയിച്ച ഫ്രഞ്ച് താരം സെറ്റ് 7-5 നു നേടി മത്സരം ജയിക്കുന്നത് അവിശ്വസനീയ കാഴ്ച ആയിരുന്നു. മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയ ഗാസ്റ്റോൺ ആറു തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വദേവ് ആണ് ഗാസ്റ്റോണിന്റെ എതിരാളി.