വനിത സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മാസവും മികച്ച പരിശീലകനും താരവും ആഴ്‌സണലിൽ നിന്നു

Screenshot 20211104 232228

ഇംഗ്ലീഷ് വനിത ഫുട്‌ബോളിൽ ആഴ്‌സണലിന്റെ മികവിന് വീണ്ടും അംഗീകാരമായി ഒക്ടോബറിലെ മികച്ച പരിശീലകനായി ജൊനാസ് എഡിവാൾ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിലും മികച്ച പരിശീലകനായി സ്വീഡിഷ് പരിശീലകനായ ജൊനാസിനെ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സീസണിൽ ലീഗിൽ ഇത് വരെ പരാജയം അറിയാത്ത ആഴ്‌സണൽ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയോട് മാത്രം ആണ് പരാജയപ്പെട്ടത്. കൂടാതെ എഫ്.എ കപ്പ് ഫൈനലിനും ടീം യോഗ്യത നേടി. ഫൈനലിൽ ചെൽസി ആണ് ആഴ്‌സണലിന്റെ എതിരാളികൾ. സീസണിൽ ലീഗിൽ ഇത് വരെ കളിച്ച 5 കളികളും ജയിച്ച ആഴ്‌സണൽ വനിതകൾ 19 ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ വെറും 2 ഗോളുകൾ മാത്രം ആണ് വഴങ്ങിയത്.

അതേസമയം ഒക്ടോബറിലെ മികച്ച താരമായി ആഴ്‌സണലിന്റെ കെയ്റ്റി മക്കബയെ തിരഞ്ഞെടുത്തു. കഴിഞ്ഞ മാസം ആഴ്‌സണലിന്റെ ബെത്ത് മീഡ് ആയിരുന്നു മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഐറിഷ് പ്രതിരോധ താരമായ കെയ്റ്റി ആസ്റ്റൻ വില്ലക്കും എവർട്ടണും എതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും രണ്ടു ക്ലീൻ ഷീറ്റുകളും നേടിയാണ് ഒക്ടോബറിലെ മികച്ച താരമായത്. സീസണിൽ ചെൽസിയെ മറികടന്നു ലീഗ് കിരീടവും എഫ്.എ കപ്പ് കിരീടവും ലക്ഷ്യം വക്കുന്ന ആഴ്‌സണലിന് ഇത് വലിയ പ്രചോദനം ആവും. ഡിസംബർ 5 നു ആണ് വനിത ഫുട്‌ബോളിലെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമുകളായ ആഴ്‌സണൽ, ചെൽസി താരങ്ങൾ തമ്മിലുള്ള എഫ്.എ കപ്പ് ഫൈനൽ.

Previous articleരണ്ടാം സെറ്റിൽ അവിശ്വസനീയ തിരിച്ചു വരവുമായി അൽകാരസിനെ വീഴ്ത്തി ഗാസ്റ്റോൺ പാരീസ് മാസ്റ്റേഴ്സ് ക്വാർട്ടറിൽ
Next articleഡിസംബറിൽ പാക്കിസ്ഥാനിലേക്ക് വെസ്റ്റിന്‍ഡീസ് എത്തുന്നു