റോട്ടർഡാമിലെ ഫൈനലിന് പിറകെ മാഴ്സെ ഓപ്പണിലും മികച്ച പ്രകടനം നടത്തി കനേഡിയൻ യുവതാരം ഫെലിക്സ് ആഗർ അലിയാസ്മെ. ഏഴാം സീഡ് ആയ 19 കാരൻ ഇഗോർ ഗരെസിമോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്. ആദ്യ സെറ്റിൽ സീഡ് ചെയ്യാത്ത താരത്തോട് ബ്രൈക്ക് വഴങ്ങി 5-3 നു പിന്നിൽ നിന്ന ശേഷം ആയിരുന്നു ഫെലിക്സിന്റെ തിരിച്ചു വരവ്. സെറ്റിൽ ബ്രൈക്ക് തിരിച്ചു പിടിച്ച താരം ആദ്യ സെറ്റ് 7-5 നു സ്വന്തമാക്കി മത്സരത്തിൽ മുൻതൂക്കം നേടി.
രണ്ടാം സെറ്റിൽ മികവിലേക്ക് പൂർണമായും എത്തിയ ഫെലിക്സ് എതിരാളിക്ക് ഇത്തവണ വലിയ അവസരങ്ങൾ ഒന്നും നൽകിയില്ല. 6-2 നു സെറ്റും മത്സരവും നേടിയ താരം തുടർച്ചയായ രണ്ടാം എ. ടി. പി ടൂർണമെന്റിൽ സെമിയിലേക്ക് മുന്നേറി. 11 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച ഫെലിക്സ് 4 എണ്ണം മാത്രമെ മത്സരത്തിൽ മുതലാക്കിയുള്ളൂ. 9 ഏസുകളും മത്സരത്തിൽ ഫെലിക്സ് ഉതിർത്തു. സെമിയിൽ ഫ്രഞ്ച് താരം ഗില്ലെസ് സൈമൺ ആണ് ഫെലിക്സിന്റെ എതിരാളി.