ഈ വർഷത്തെ എ. ടി. പി ടൂർണമെന്റുകളിലെ ഏറ്റവും മികച്ച മത്സരത്തിൽ റോജർ ഫെഡറർക്ക് പിറകെ നൊവാക് ജ്യോക്കോവിച്ചിനെയും തോൽപ്പിച്ച് ഓസ്ട്രിയൻ യുവതാരവും അഞ്ചാം സീഡുമായ ഡൊമനിക് തീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഏതാണ്ട് മൂന്ന് മണിക്കൂർ നീണ്ട മാരത്തോൺ പോരാട്ടത്തിനൊടുവിൽ ആണ് തീം ജയം കണ്ടത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങങ്ങളിൽ ഒന്ന് പുറത്തെടുത്ത തീം ഒരു ഘട്ടത്തിൽ മത്സരം ജ്യോക്കോവിച്ചിന്റെ മനോവീര്യത്തോട് അടിയറവ് പറയും എന്നു തോന്നിയെങ്കിലും 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ സ്വന്തം പേരിൽ കുറിക്കാൻ ഓസ്ട്രിയൻ താരത്തിന് ആയി.
ആദ്യ സെറ്റിൽ ഇരു താരങ്ങളും മികവിലേക്ക് ഉയർന്നപ്പോൾ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. കഴിഞ്ഞ ഏതാണ്ടും മത്സരങ്ങളിൽ ആയി ടൈബ്രേക്കറുകൾ കൈവിടാത്ത ശീലം ജ്യോക്കോവിച്ച് തുടർന്നപ്പോൾ ആദ്യ സെറ്റ് 7-6 നു സെർബിയൻ താരത്തിന്. എന്നാൽ രണ്ടാം സെറ്റിൽ ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് തന്നെ ഭേദിച്ച് തുടങ്ങിയ തീം രണ്ടാം സെറ്റിൽ തന്റെ മുഴുവൻ മികവിലേക്കും ഉയർന്നു. 6-3 നു സെറ്റ് തീമിനു. മൂന്നാം സെറ്റിലും തുടക്കത്തിൽ ജ്യോക്കോവിച്ചിന്റെ സർവീസ് ഭേദിച്ച് ആധിപത്യം തീം നേടിയെങ്കിൽ തിരിച്ചടിച്ച ജ്യോക്കോവിച്ച് മത്സരം അത്രപെട്ടെന്ന് ഒന്നും കൈവിടാൻ ഒരുക്കമല്ലായിരുന്നു.
തീമിന്റെ സർവീസ് ഭേദിച്ച് ജ്യോക്കോവിച്ച് മത്സരം ഒരിക്കൽ കൂടി ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ ജ്യോക്കോവിച്ച് മത്സരം തട്ടി എടുക്കും എന്ന നിലയിൽ നിന്നാണ് തീം ജയം കണ്ടത്. ഈ സീസണിൽ മികച്ച ഫോമിലുള്ള തീം പ്രഥമ കിരീടം തന്നെയാവും ലക്ഷ്യമിടുക. ഇതോടെ ബോർഗ്ഗ് ഗ്രൂപ്പിൽ ഫെഡറർ-ജ്യോക്കോവിച്ച് മത്സരവിജയി ആവും രണ്ടാം സെമിഫൈനലിസ്റ്റ്. എ. ടി. പി ഫൈനൽസിൽ ഇന്നത്തെ മത്സരത്തിൽ അഗാസി ഗ്രൂപ്പിൽ നിർണായക മത്സരത്തിൽ നദാൽ മെദ്വദേവിനെയും സേവർവ്വ് സ്റ്റിസ്റ്റിപാസിനെയും നേരിടും. ഇന്ന് ജയിച്ചില്ലെങ്കിൽ നദാൽക്ക് ഒരിക്കൽ കൂടി എ. ടി. പി ഫൈനൽസിലെ കിരീടം അന്യമാവും.