സിറ്റിപാസിനെ വീഴ്ത്തി അൽകാരസ് ബാഴ്‌സലോണ ഓപ്പൺ സെമിയിൽ, ബാഴ്‌സലോണയിൽ സെമി ലൈൻ അപ്പ് ആയി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ ബാഴ്‌സലോണ ഓപ്പണിൽ മോണ്ടെ കാർലോ ചാമ്പ്യനും ഒന്നാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസിനെ വീഴ്ത്തി സെമിഫൈനലിലേക്ക് മുന്നേറി മിയാമി ഓപ്പൺ ജേതാവ് ആയ അഞ്ചാം സീഡ് കാർലോസ് അൽകാരസ് ഗാർഫിയ. ജയത്തോടെ ലോക റാങ്കിങിൽ ആദ്യ പത്തിൽ എത്തിയ അൽകാരസ് റാങ്കിങിൽ റാഫേൽ നദാലിന് ശേഷം ആദ്യ പത്തിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി. മികച്ച പോരാട്ടം ആണ് ഇരു താരങ്ങളും തമ്മിലുള്ള മൂന്നാം പോരാട്ടത്തിലും കണ്ടത്. ആദ്യ സെറ്റ് 6-4 നു അൽകാരസ് നേടിയപ്പോൾ രണ്ടാം സെറ്റ് 7-5 നു നേടി സിറ്റിപാസ് തിരിച്ചടിച്ചു. എന്നാൽ മൂന്നാം സെറ്റിൽ നിരാശനായി അമ്പയറോട് അടക്കം കയർത്ത ഗ്രീക്ക് താരത്തെ 6-2 നു മറികടന്നു സ്പാനിഷ് താരം സെമിഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ മൂന്നു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും സിറ്റിപാസിനെ 5 തവണ ബ്രൈക്ക് ചെയ്യാൻ അൽകാരസിന് ആയി.

20220423 024339

സെമിയിൽ പത്താം സീഡ് ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മിനോർ ആണ് അൽകാരസിന്റെ എതിരാളി. നാലാം സീഡ് ആയ ബ്രിട്ടീഷ് താരം കാർലോസ് നോരിയെ 6-3, 5-7, 6-1 എന്ന മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് അലക്‌സ് ഡി മിനോർ വീഴ്ത്തിയത്. രണ്ടാം സെമിഫൈനലിൽ എട്ടാം സീഡ് സ്പാനിഷ് താരം പാബ്ലോ കരെനോ ബുസ്റ്റയും ആറാം സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാനും ഏറ്റുമുട്ടും. രണ്ടാം സീഡ് കാസ്പർ റൂഡിനെ മണിക്കൂറുകൾ നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് ബുസ്റ്റ വീഴ്ത്തിയത്. ആദ്യ സെറ്റ് 4-6 നു നഷ്ടമായ ബുസ്റ്റ രണ്ടാം സെറ്റിൽ പരാജയത്തിന്റെ മുന്നിൽ നിന്നു ടൈബ്രേക്കറിലൂടെ സെറ്റ് നേടി. ഒടുവിൽ മൂന്നാം സെറ്റ് 6-3 നു നേടിയാണ് സ്പാനിഷ് താരം സെമി ഉറപ്പിച്ചത്. സമാനമായ പോരാട്ടം അതിജീവിച്ചു ആണ് ഷ്വാർട്സ്മാനും സെമിയിൽ എത്തിയത്. മൂന്നാം സീഡ് ഫെലിക്‌സ് ആഗർ അലിയാസമെക്ക് എതിരെ ആദ്യ സെറ്റ് 3-6 നു നഷ്ടമായ അർജന്റീന താരം 6-2, 6-3 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു.