സെർബിയൻ ഓപ്പൺ സെമിയിൽ ആന്ദ്ര റൂബ്ലേവിനു ഫോഗ്നിനി എതിരാളി

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ സെർബിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവ്. ജപ്പാൻ താരം തരോ ഡാനിയേലിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റൂബ്ലേവ് തോൽപ്പിച്ചത്. മത്സരത്തിൽ 5 ഏസുകൾ ഉതിർത്ത റൂബ്ലേവ് 3 തവണ എതിരാളിയെ ബ്രൈക്കും ചെയ്തു. 6-3, 6-3 എന്ന സ്കോറിന് ആയിരുന്നു റൂബ്ലേവിന്റെ ജയം. 2022 ലെ താരത്തിന്റെ 21 മത്തെ ജയം ആണ് ഇത്.

സെമിയിൽ ആറാം സീഡ് ലോക എട്ടാം നമ്പർ താരം ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയാണ് റൂബ്ലേവിന്റെ എതിരാളി. ക്വാർട്ടർ ഫൈനലിൽ ജർമ്മൻ താരം ഓസ്കാർ ഓട്ടെയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫോഗ്നിനിയും വീഴ്ത്തിയത്. ആദ്യ സെറ്റിൽ മികച്ച പോരാട്ടം നേരിട്ട ഇറ്റാലിയൻ താരം സെറ്റ് 7-5 നു നേടി മത്സരത്തിൽ ആധിപത്യം നേടി. തുടർന്ന് രണ്ടാം സെറ്റ് 6-4 നു നേടിയ ഇറ്റാലിയൻ താരം സെർബിയയിൽ അവസാന നാലിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.