Fb Img 1668890916168

ത്രില്ലറിൽ ആഴ്‌സണലിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

വനിത സൂപ്പർ ലീഗിൽ ആഴ്‌സണലിന്റെ വിജയകുതിപ്പിന് അന്ത്യം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ. ഏതാണ്ട് 40,000 തിൽ അധികം കാണികൾക്ക് മുന്നിൽ എമിറേറ്റ്‌സിൽ സീസണിലെ ഏഴാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ആഴ്‌സണലിന് 5 ഗോൾ ത്രില്ലറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയം സമ്മതിക്കേണ്ടി വരിക ആയിരുന്നു. 14 മത്സരങ്ങളുടെ തുടർച്ചയായ ആഴ്‌സണൽ ജയത്തിനു ആണ് ഇന്ന് അന്ത്യം ഉണ്ടായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് നേരിയ ആധിപത്യം ഉണ്ടായിരുന്ന മത്സരത്തിൽ ആദ്യ പകുതിയിൽ 39 മത്തെ മിനിറ്റിൽ എല്ല ടൂൺ അവർക്ക് മുൻതൂക്കം നൽകി. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ബെത്ത് മീഡിന്റെ പാസിൽ നിന്നു ഫ്രിദ മാനം ആഴ്‌സണലിന് സമനില നൽകി. ഫ്രിദയുടെ ഷോട്ട് യുണൈറ്റഡ് താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു.

തുടർന്ന് മത്സരത്തിൽ ആധിപത്യം നേടിയ ആഴ്‌സണൽ 73 മത്തെ കേറ്റി മകെബയുടെ പാസിൽ നിന്നു ലൗറ വിൻറോയിത്തറിന്റെ ഗോളിൽ മുന്നിലെത്തി. ക്ലബിന് ആയി താരം നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. എന്നാൽ അവസാന നിമിഷങ്ങളിൽ മത്സരം ആഴ്‌സണലിൽ നിന്നു തട്ടിയെടുക്കുന്ന യുണൈറ്റഡിനെ ആണ് പിന്നീട് കണ്ടത്. കേറ്റി സലമിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മില്ലി ടർണർ അവർക്ക് സമനില സമ്മാനിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ കേറ്റി സലമിന്റെ തന്നെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ അലസ്സിയ റൂസ്സോ മാഞ്ചസ്റ്റർ യുണൈറ്റഡിനു നാടകീയ ജയം സമ്മാനിക്കുക ആയിരുന്നു. പരാജയപ്പെട്ടു എങ്കിലും ആഴ്‌സണൽ തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്, ഒരേ പോയിന്റുകൾ ഉള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് ആണ് നിലവിൽ.

Exit mobile version