വിജയ വഴിയിലേക്ക് തിരികെ എത്തി ഹരിയാന, അതിജീവിച്ചത് മുംബൈയുടെ വെല്ലുവിളി

തുടര്‍ തോല്‍വികളില്‍ നിന്ന് ഒടുവില്‍ ഹരിയാനയ്ക്ക് മോചനം. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 35-31 എന്ന സ്കോറിനാണ് യു-മുംബയുടെ വെല്ലുവിളിയെ ഹരിയാന അതിജീവിച്ചത്. പകുതി സമയത്ത് 17-16നു മുംബൈ ആയിരുന്നു മത്സരത്തില്‍ മുന്നിട്ട് നിന്നത്. തുടക്കം മുംബൈ തീപ്പാറുന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും ഇടവേള സമയത്ത് ടീമിനു ഒരു പോയിന്റ് ലീഡ് മാത്രമേ കൈവശപ്പെടുത്തുവാനായുള്ളു. എന്നാല്‍ രണ്ടാം പകുതിയില്‍ ലീഡ് കൈവശപ്പെടുത്തിയ ഹരിയാന 4 പോയിന്റ് വ്യത്യാസത്തില്‍ മുംബൈയെ മറികടക്കുകയായിരുന്നു.

15 പോയിന്റ് നേടിയി വികാസ് ഖണ്ഡോലയ്ക്ക് ഹരിയാന നിരയില്‍ പിന്തുണയുമായി നവീനും സുനിലും അഞ്ച് പോയിന്റ് വീതം നേടിയപ്പോള്‍ മുംബൈയ്ക്കായി സച്ചിന്‍ 11 പോയിന്റും വിനോദ് കുമാര്‍(6), രോഹിത് ബലിയന്‍(5) എന്നിവരും തിളങ്ങി.

20-19നു നേരിയ ലീഡ് റെയിഡിംഗിലും 12-10നു പ്രതിരോധത്തിലും ഹരിയാനയായിരുന്നു മുന്നില്‍. ഇരു ടീമുകളും മത്സരത്തില്‍ ഓരോ തവണ പുറത്തായി. അധിക പോയിന്റുകളില്‍ 1-0നു ഹരിയാനയായിരുന്നു മുന്നില്‍.

ഇഞ്ചോടിഞ്ച് പോരാട്ടം, മുംബൈയെ മറികടന്ന് ഗുജറാത്ത്

ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടത്തില്‍ മുംബൈയെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 38-36 എന്ന സ്കോറിനാണ് യുമുംബയെ ഗുജറാത്ത് കീഴടക്കിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഫോര്‍ച്യൂണ്‍ ജയന്റ്സ് 18-14നു മുന്നിലായിരുന്നു.

മുംബൈ നിരയില്‍ സിദ്ധാര്‍ത്ഥ് ദേശായി 13 പോയിന്റുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ രോഹിത് ബലിയന്‍ 7 പോയിന്റ് നേടി. ഗുജറാത്തിനായി സച്ചിന്‍ 9 പോയിന്റും മഹേന്ദ്ര രാജ്പുത് അഞ്ചും പര്‍വേഷ് ബൈന്‍സാല്‍ നാലും പോയിന്റ് നേടി. റെയിഡിംഗില്‍ ഗുജറാത്ത് 22-19നു നേരിയ ലീഡ് നേടിയപ്പോള്‍ പ്രതിരോധത്തില്‍ മുംബൈയ്ക്ക് 14-9ന്റെ വ്യക്തമായ ലീഡ് കൈവശപ്പെടുത്താനായിരുന്നു.

രണ്ട് തവണ മുംബൈ ഓള്‍ഔട്ട് ആയപ്പോള്‍ ഒരു തവണ ഗുജറാത്തും പൂര്‍ണ്ണമായി പുറത്തായി. 3 അധിക പോയിന്റുകള്‍ ഗുജറാത്ത് നേടിയപ്പോള്‍ 1 പോയിന്റ് ഈ വകുപ്പില്‍ മുംബൈ നേടി.

മഹാരാഷ്ട്ര ഡര്‍ബിയില്‍ ജയം മുംബൈയ്ക്ക്

പുനേരി പള്‍ട്ടനെതിരെ മികച്ച വിജയം നേടി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 31-22 എന്ന സ്കോറിനാണ് മുംബൈയുടെ ജയം. പകുതി സമയത്ത് 19-10നു മുംബൈ ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും 12 വീതം പോയിന്റ് നേടിയെങ്കിലും ആദ്യ പകുതിയുടെ മികവിന്റെ പുറത്ത് ജയം മുംബൈ കരസ്ഥമാക്കി.

അഭിഷേക് സിംഗ് 7 പോയിന്റുമായി മുംബൈയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ സുരേന്ദര്‍ സിംഗ്, വിനോദ് കുമാര്‍, ഫസല്‍ അത്രച്ചാലി എന്നിവര്‍ നാല് വീതം പോയിന്റ് നേടി. പൂനെയ്ക്കായി 4 പോയിന്റ് നേടിയ മോറെ ആണ് ടോപ് സ്കോററായത്.

11-7നു റെയിഡിംഗിലും 14-12നു ടാക്കിള്‍ പോയിന്റിലും മുംബൈ ലീഡ് നേടി. രണ്ട് തവണ പൂനെയെ ഓള്‍ഔട്ട് ആക്കിയും മുംബൈ ആധിപത്യം ഉറപ്പിയ്ക്കുകയായിരുന്നു. അധിക പോയിന്റില്‍ 3-2നു പൂനെ ലീഡ് ചെയ്തു.

പോരാട്ടം ഒപ്പത്തിനൊപ്പം, ഒടുവില്‍ ഒരു പോയിന്റ് വിജയം പിടിച്ചെടുത്ത് മുംബൈ

പ്രൊ കബഡി ലീഗ് സീസണ്‍ ആറിലെ ത്രില്ലര്‍ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് മുംബൈ. അത്യന്തം ആവേശകരമായ മത്സരത്തില്‍ 40-39 എന്ന സ്കോറിനാണ് മുംബൈ പട്ന പൈറേറ്റിസിനെ കീഴടക്കിയത്. മത്സരം അവസാന രണ്ട് മിനുട്ടിലേക്ക് കടന്നപ്പോള്‍ 38-36നു ലീഡ് പട്നയുടെ കൈകളിലായിരുന്നുവെങ്കിലും ആവേശകരമായി വിജയം സ്വന്തമാക്കുവാന്‍ മുംബൈയ്ക്ക് സാധിക്കുകയായിരുന്നു. ഇടവേള സമയത്ത് ഇരു ടീമുകളും 14 പോയിന്റ് വീതം നേടിയാണ് ക്രീസില്‍ നിന്നിരുന്നത്.

പട്നയുടെ പര്‍ദീപ് നര്‍വാല്‍ ആണ് 17 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍. യു മുംബൈയ്ക്കായി സിദ്ധാര്‍ത്ഥ് ദേശായി 15 പോയിന്റ് നേടിയപ്പോള്‍ രോഹിത് ബലിയന്‍ 11 പോയിന്റും ഫസല്‍ അത്രച്ചാലി 6 പോയിന്റും നേടി ടീം വര്‍ക്കിലൂടെ വിജയം സ്വന്തമാക്കി. റെയിഡിംഗില്‍ 26-23 എന്ന സ്കോറിനു മുംബൈ മുന്നിട്ട് നിന്നപ്പോള്‍ 12-7 എന്ന നിലയില്‍ പ്രതിരോധത്തിലും മുംബൈ മെച്ചം പുലര്‍ത്തി.

എന്നാല്‍ രണ്ട് തവണ മുംബൈയെ ഓള്‍ഔട്ട് ആക്കി നാല് ഓള്‍ഔട്ട് പോയിന്റുകള്‍ പട്ന സ്വന്തമാക്കി. പട്ന 5 അധിക പോയിന്റുകള്‍ നേടിയപ്പോള്‍ മുംബൈയ്ക്ക് രണ്ട് പോയിന്റുകള്‍ മാത്രമേയുള്ളു.

ടൈറ്റന്‍സിനു അടി പതറി, 21 പോയിന്റ് ജയവുമായി യു മുംബ

തെലുഗു ടൈറ്റന്‍സിനെതിരെ 21 പോയിന്റിന്റെ വലിയ ജയവുമായി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 41-20 എന്ന സ്കോറിനായിരുന്നു യു മുംബയുടെ തകര്‍പ്പന്‍ ജയം. പകുതി സമയത്ത് 17-12നു മുംബൈ ആയിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയില്‍ ടൈറ്റന്‍സിനെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് മുംബൈ പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ വെറും 8 പോയിന്റാണ് തെലുഗു ടൈറ്റന്‍സിനു നേടാനായത്.

17 പോയിന്റ് നേടിയ സിദ്ധാര്‍ത്ഥ് ദേശായി ആണ് മുംബൈയെ മുന്നോട്ട് നയിച്ചത്. തെലുഗു നിരയില്‍ രാഹുല്‍ ചൗധരി ഏഴ് പോയിന്റ് നേടി. 22-13നു റെയിഡിംഗിലും 12-6നു ടാക്കിള്‍ പോയിന്റുകളിലും മുന്നിട്ട് നിന്ന മുംബൈ മൂന്ന് തവണ ടൈറ്റന്‍സിനെ മത്സരത്തില്‍ ഓള്‍ഔട്ടുമാക്കി.

മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെയ്ക്ക് ജയം ഒരു പോയിന്റിനു

പ്രൊകബഡി ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് പൂനെ യു മുംബയെ വീഴ്ത്തിയത്. 17-12 എന്ന സ്കോറിനു 5 പോയിന്റ് ലീഡ് പൂനെയ്ക്ക് ആദ്യ പകുതിയില്‍ നേടാനായെങ്കിലും അധികം വൈകാതെ മുംബൈ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ടുള്ളപ്പോള്‍ 31-31 എന്ന സ്കോറില്‍ ടീമുകളെത്തിയെങ്കിലും 33-32നു വിജയം പൂനെ സ്വന്തമാക്കി.

നിതിന്‍ തോമര്‍ 13 പോയിന്റുമായി പൂനെയ്ക്കായി തിളങ്ങിയപ്പോള്‍ 15 പോയിന്റ് നേടിയ മുംബൈ താരം സിദ്ധാര്‍ത്ഥ് ദേശായി ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. 21-19നു റെയിഡിംഗില്‍ മുംബൈയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. പ്രതിരോധത്തില്‍ ഇരു ടീമുകളും എട്ട് പോയിന്റ് നേടി ഒപ്പം നിന്നു. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ 4-1നു പൂനെ അധിക പോയിന്റുകളില്‍ മുന്നിട്ട് നിന്നു.

തലൈവാസിനു കൂട്ടായി സ്റ്റീലേഴ്സ്, മുംബൈയോടേറ്റു വാങ്ങിയത് അഞ്ചാം തോല്‍വി

ജയം നേടുവാനാകാതെ ബുദ്ധിമുട്ടി ഹരിയാന സ്റ്റീലേഴ്സ്. ഇന്ന് യുമുംബയോട് 10 പോയിന്റ് തോല്‍വിയേറ്റു വാങ്ങിയത് ടീമിന്റെ അഞ്ചാമത്തെ തോല്‍വിയാണ്. 42-32 എന്ന സ്കോറിനാണ് മുംബൈ ഹരിയാനയെ തകര്‍ത്തത്. പകുതി സമയത്ത് 24-13നു മുംബൈ ആയിരുന്നു മുന്നില്‍. സിദ്ധാര്‍ത്ഥ ദേശായി ആണ് മുംബൈയെ മുന്നില്‍ നിന്ന് നയിച്ചത്. 15 പോയിന്റാണ് താരം. ഹരിയാനയ്ക്കായി മോനു ഗോയത് 15 പോയിന്റുമായി മികച്ച പ്രകടനം പുറത്തെടുത്തു.

റെയിഡിംഗില്‍ ബഹുദൂരം മുന്നിലെത്തിയ മുംബൈ 27-22ന്റെ ലീഡ് നേടി. പ്രതിരോധത്തിലും ടീമിനു നേരിയ മുന്‍തൂക്കം നേടാനായി(11-9). ഇതു കൂടാതെ രണ്ട് തവണ ഹരിയാനയെ ഓള്‍ഔട്ട് ആക്കിയതും മുംബൈയ്ക്ക് ഗുണമായി.

ഹരിയാനയെ തകര്‍ത്ത് വിട്ട് യു മുംബ

പ്രൊ കബഡി സീസണിലെ ഏറ്റവും വലിയ വിജയം നേടി യു മുംബ. 53-26 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ന് ടീം ഹരിയാന സ്റ്റീലേഴ്സിനെ തകര്‍ത്ത് വിട്ടത്. ആദ്യ പകുതിയില്‍ 27-15ന്റെ ലീഡ് സ്വന്തമാക്കിയ മുംബൈ രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ടാം പകുതിയില്‍ ഹരിയാന 11 പോയിന്റ്സ് നേടിയപ്പോള്‍ മുംബൈ 26 പോയിന്റാണ് നേടിയത്. ഈ സീസണില്‍ ആദ്യമായി 50 പോയിന്റ് കടക്കുന്ന ടീമായും മുംബൈ മാറി.

മുംബൈയ്ക്കായി അഭിഷേക് സിംഗ് 14 പോയിന്റും രോഹിത് ബലിയാന്‍, സിദ്ധാര്‍ത്ഥ് ദേശായി എന്നിവര്‍ എട്ട് പോയിന്റും ഫസല്‍ അത്രച്ചാലി 7 പോയിന്റും നേടി മികവ് പുലര്‍ത്തി. 9 പോയിന്റ് നേടിയ വികാസ് ഖണ്ഡോലയാണ് ഹരിയാനയുടെ ടോപ് സ്കോറര്‍.

29 റെയിഡ് പോയിന്റുകള്‍ മുംബൈ നേടിയപ്പോള്‍ ഹരിയാന 19 പോയിന്റാണ് നേടിയത്. 4 തവണയാണ് ഹരിയാന മത്സരത്തില്‍ ഓള്‍ഔട്ട് ആയത്. ആ വകുപ്പില്‍ 8 പോയിന്റ് മുംബൈയ്ക്ക് ലഭിച്ചു. 15 ടാക്കിള്‍ പോയിന്റ് മുംബൈ നേടിയപ്പോള്‍ വെറും അഞ്ച് പോയിന്റാണ് ഈ വിഭാഗത്തില്‍ നിന്ന് ഹരിയാന സ്വന്തമാക്കിയത്.

മഹാരാഷ്ട്ര ഡെര്‍ബിയില്‍ ആവേശ പോര്, അവസാന നിമിഷം യു മുംബയെ സമനിലയില്‍ പിടിച്ച് പുനേരി പള്‍ട്ടന്‍

ആവേശം അലതല്ലിയ മത്സത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് യു മുംബയും പുനേരി പള്‍ട്ടനും. ആറാം സീസണിലെ രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയിലെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം മുതല്‍ അവസാന വരെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു മത്സരത്തില്‍ കാണാനായത്. ഇടവേള സമയത്ത് 20-18 നു യു മുംബ ആയിരുന്നു ലീഡില്‍. ഇടവേളയ്ക്ക് ശേഷവും ലീഡ് തുടര്‍ന്ന് മുംബൈയെ അവസാന മിനുട്ടിലും മുന്നിലായിരുന്നുവെങ്കിലും മുംബയുടെ സിദ്ധാര്‍ത്ഥ് ദേശായിയുടെ ശ്രമം പരാജയപ്പെട്ടത്തോടെ ടീമുകള്‍ 32-32 എന്ന പോയിന്റില്‍ ഒപ്പത്തിനൊപ്പമായി.

റെയിഡിംഗില്‍ 21-20നു മുന്നിലായിരുന്ന പൂനെ തന്നെയായിരുന്നു ടാക്കിളിംഗിലും 11-9ന്റെ ലീഡ് കൈവശപ്പെടുത്തിയത്. എന്നാല്‍ ഈ മൂന്ന് പോയിന്റ് ലീഡ് ഓള്‍ഔട്ട് പോയിന്റിലും എക്സ്ട്രാ പോയിന്റിലൂടെയും മുംബൈ ഒപ്പം പിടിച്ചു. പുനേരി പള്‍ട്ടനായി നിതിന്‍ തോമര്‍ 15 പോയിന്റ് നേടിയപ്പോള്‍ മുംബ നിരയില്‍ സിദ്ധാര്‍ത്ഥ് ദേശായി 14 പോയിന്റ് നേടി.

പ്രൊ കബഡി ആറാം സീസണിനു നാളെത്തുടക്കം

പ്രൊ കബഡിയുടെ ആറാം സീസണിനു നാളെത്തുടക്കം. ഒക്ടോബര്‍ 7നു ആരംഭിച്ച് ജനുവരി ഏഴ് വരെയാണ് ഈ സീസണ്‍ മത്സരങ്ങള്‍ അരങ്ങേറുക. സോണ്‍ എ സോണ്‍ ബി എന്നിങ്ങനെ 12 ടീമുകളെ തരം തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. നാളെ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ചെന്നൈയിലാണ് പ്രൊ കബഡി ലീഗിന്റെ ആദ്യ ഘട്ടം നടക്കുന്നത്.

സോണ്‍ ബിയില്‍ തമിഴ് തലൈവാസ് നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സുമാണ് നാളെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രണ്ടാം മത്സരത്തില്‍ പുനേരി പള്‍ട്ടനും യുമുംബയും ഏറ്റുമുട്ടും.

സോണ്‍ എ: ദബാംഗ് ഡല്‍ഹി, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്, ഹരിയാന സ്റ്റീലേഴ്സ്, ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്, പുനേരി പള്‍ട്ടന്‍, യു മുംബ

സോണ്‍ ബി: ബംഗാളഅ‍ വാരിയേഴ്സ്, ബെംഗളൂരു ബുള്‍സ്, പുനേരി പള്‍ട്ടന്‍, തമിഴ് തലൈവാസ്, തെലുഗു ടൈറ്റന്‍സ്, യുപി യോദ്ധാസ്

Exit mobile version