തമിഴ് തലൈവാസിനെ തകര്‍ത്തെറിഞ്ഞ് പട്ന പൈറേറ്റ്സ്

വലിയ മാര്‍ജിനില്‍ പട്ന പൈറേറ്റ്സിന്റെ ജയം. തമിഴ് തലൈവാസിനെതിരെ 18 പോയിന്റ് വ്യത്യാസത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിന്റെ വിജയം. 45-27 എന്ന സ്കോറിനാണ് പട്നയുടെ വിജയം. ഇടവേള സമയത്ത് 16-13നു നേരിയ ലീഡ് മാത്രമാണ് പട്ന സ്വന്തമാക്കിയതെങ്കിലും രണ്ടാം പകുതിയില്‍ തലൈവാസിനെ പട്ന കശക്കിയെറിയുകയായിരുന്നു.

13 പോയിന്റ് നേടിയ പര്‍ദീപ് നര്‍വാലിനൊപ്പം ദീപക് നര്‍വാലും(10) മഞ്ജീത്തും(8) തിളങ്ങിയപ്പോളാണ് പട്ന പൈറേറ്റ്സിന്റെ തകര്‍പ്പന്‍ ജയത്തിനു അരങ്ങൊരുങ്ങിയത്. 8 പോയിന്റ് നേടിയ അജയ് താക്കൂര്‍ ആണ് തലൈവാസിന്റെ ടോപ് സ്കോറര്‍. മഞ്ജീത്ത് ചില്ലര്‍ 5 പോയിന്റ് നേടി.

റെയിഡിംഗില്‍ 28-21നു പട്ന മുന്നില്‍ നില്‍ക്കുകയും പ്രതിരോധത്തില്‍ 10-4ന്റെ ലീഡും ടീം കരസ്ഥമാക്കിയിരുന്നു. മൂന്ന് തവണ പട്ന തലൈവാസിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ പട്നയ്ക്കും കാലിടറി.

തെലുഗു ടൈറ്റന്‍സിന്റെ വെല്ലുവിളിയെ അതിജീവിച്ച് തമിഴ് തലൈവാസ്

തെലുഗു ടൈറ്റന്‍സിനെതിരെ 4 പോയിന്റ് വിജയം നേടി തമിഴ് തലൈവാസ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 27-23 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 8 പോയിന്റ് ലീഡോടു കൂടി 18-10നു തലൈവാസ് മുന്നിട്ട് നിന്നുവെങ്കിലും രണ്ടാം പകുതിയില്‍ ടൈറ്റന്‍സ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ ലീഡ് നില കുറച്ച് കൊണ്ടുവരാനായെങ്കിലും ജയം നേടുവാന്‍ രാഹുല്‍ ചൗധരിയുടെ ടീമിനു സാധിച്ചില്ല.

8 പോയിന്റ് നേടി അജയ് താക്കൂര്‍ തലൈവാസിനും രാഹുല്‍ ചൗധരി ടൈറ്റന്‍സിനു വേണ്ടിയും തിളങ്ങിയ മത്സരത്തില്‍ റെയിഡിംഗില്‍ ഇരു ടീമുകളും 15 പോയിന്റുമായി ഒപ്പം പാലിച്ചു. 9-7 എന്ന സ്കോറിനു പ്രതിരോധ പോയിന്റുകളില്‍ മുന്നിട്ട് നിന്നത് തമിഴ് തലൈവാസായിരുന്നു. ഒരു തവണ ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും തലൈവാസിനു സാധിച്ചു.

സമനില കുരുക്കില്‍ തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും

പ്രൊകബഡി ലീഗില്‍ വീണ്ടുമൊരു സമനില. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഹരിയാന സ്റ്റീലേഴ്സ് തമിഴ് തലൈവാസ് മത്സരം ആവേശകരമായ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 19-15നു ഹരിയാനയായിരുന്നു ലീഡിലെങ്കിലും മികച്ച തിരിച്ചുവരവ് നടത്തി തമിഴ് തലൈവാസ് ലീഡ് കൈവശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ അവശേഷിക്കെ 2 പോയിന്റ് ലീഡ് തലൈവാസ് നേടിയെങ്കിലും അവസാന നിമിഷങ്ങളില്‍ ഹരിയാന തലൈവാസിനു ഒപ്പം പിടിയ്ക്കുകയായിരുന്നു.

18-17നു റെയിഡിംഗില്‍ ഹരിയാനയായിരുന്നു മുന്നിലെങ്കില്‍ 11-9നു പ്രതിരോധത്തില്‍ തമിഴ് തലൈവാസ് ലീഡ് നേടി. ഇരു ടീമുകളും മത്സരത്തില്‍ ഓരോ തവണ ഓള്‍ഔട്ട് ആവുകയായിരുന്നു. അധിക പോയിന്റില്‍ 3-2 എന്ന സ്കോറിനു ലീഡ് ഹരിയാനയ്ക്കായിരുന്നു.

സുകേഷ് ഹെഗ്ഡേ(7), അജയ് താക്കൂര്‍(6), മഞ്ജീത്ത് ചില്ലര്‍(4), ജസ്വീര്‍ സിംഗ്(4) എന്നിവരാണ് തമിഴ് തലൈവാസ് നിരയില്‍ തിളങ്ങിയ താരങ്ങള്‍. ഹരിയാനയുടെ വികാസ് ഖണ്ഡോല 14 പോയിന്റുകളുമായി മത്സരത്തിലെ തന്നെ സൂപ്പര്‍ താരമായി മാറി. നവീന്‍ 5 പോയിന്റ് നേടി വികാസിനു പിന്തുണ നല്‍കി.

യോദ്ധാക്കളെ മലര്‍ത്തിയടിച്ച് തലൈവാസ്, ജയം 22 പോയിന്റിനു

യുപി യോദ്ധയെ 22 പോയിന്റിനു കീഴടക്കി തമിഴ് തലൈവാസ്. 46-24 എന്ന സ്കോറിനാണ് യുപി യോദ്ധയെ തമിഴ് തലൈവാസ് മലര്‍ത്തിയടിച്ചത്. 26-11 എന്ന സ്കോറിനു പകുതി സമയത്ത് ലീഡ് ചെയ്ത തമിഴ് തലൈവാസ് രണ്ടാം പകുതിയില്‍ 20 പോയിന്റുകള്‍ കൂടി നേടി മത്സരം സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു.

സുകേഷ് ഹെഗ്ഡേ(9), അജയ് താക്കൂര്‍(9), മഞ്ജീത്ത് ചില്ലര്‍(8) എന്നിവര്‍ക്കൊപ്പം അമിത് ഹൂഡയും(6) തിളങ്ങിയതാണ് തലൈവാസിന്റെ കൂറ്റന്‍ ജയത്തിനു കാരണം. യുപിയ്ക്കായി പ്രശാന്ത് കുമാര്‍ റായ് 7 പോയിന്റ് നേടി. മൂന്ന് തവണ തലൈവാസ് യുപിയെ ഓള്‍ഔട്ട് ആക്കി. റെയിഡിംഗില്‍ 19-14നു ലീഡ് ചെയ്ത ടീം ടാക്കിള്‍ പോയിന്റുകളില്‍ 19-9 ന്റെ ലീഡും കൈവശപ്പെടുത്തി.

സച്ചിന്റെ മികവില്‍ തലൈവാസിനെ തകര്‍ത്ത് ഗുജറാത്ത്

ഒരു വിജയം നേടിയെങ്കിലും രണ്ടാമതൊന്ന് തുടരെ നേടുവാനുള്ള തമിഴ് തലൈവാസിന്റെ മോഹങ്ങള്‍ ഇനിയും കാത്തിരിക്കണം. ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റിസോന്ട 36-25 എന്ന സ്കോറിനു പരാജയപ്പെട്ട് തമിഴ് തലൈവാസ്. ഇന്ന് നടന്ന ആദ്യ മത്സരത്തിലും ഇതേ മാര്‍ജിനിലായിരുന്നു ജയിച്ച ടീം എതിരാളികളെ വീഴ്ത്തിയത്. പകുതി സമയത്ത് 16-14നു നേരിയ ലീഡ് മാത്രമായിരുന്നു ഗുജറാത്തിന്റെ കൈവശമെങ്കിലും രണ്ടാം പകുതിയില്‍ വ്യക്തമായ ആധിപത്യം ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു.

ഗുജറാത്തിനു വേണ്ടി സച്ചിന്‍ 12 പോയിന്റും അജയ് കുമാര്‍ 7 പോയിന്റും നേടിയപ്പോള്‍ അജയ് താക്കൂര്‍ 7 പോയിന്റുമായി തലൈവാസിന്റെ ടോപ് സ്കോറര്‍ ആയി. 21-18നു റെയിഡിംഗിലും 13-7നു ടാക്കിള്‍ പോയിന്റിലും മുന്നിലായിരുന്ന ഗുജറാത്ത് ഒരു തവണ തലൈവാസിനെ ഓള്‍ഔട്ട് ആക്കി.

വിജയ വഴിയില്‍ തിരികെയെത്തി തമിഴ് തലൈവാസ്

അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആതിഥേയരായ പുനേരി പള്‍ട്ടനെ കീഴടക്കി തമിഴ് തലൈവാസ്. ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മാത്രം ജയമാണ് ഇന്ന് തമിഴ് തലൈവാസ് സ്വന്തമാക്കിയത്. പൂനെയെ 36-31 എന്ന സ്കോറിനാണ് തലൈവാസ് പരാജയപ്പെടുത്തിയത്. ഇടവേള സമയത്ത് 16-15ന്റെ നേരിയ ലീഡ് മാത്രമാണ് ജേതാക്കള്‍ക്ക് സ്വന്തമാക്കാനായതെങ്കിലും ലീഡ് ഫൈനല്‍ വിസില്‍ സമയത്ത് അഞ്ചാക്കി ഉയര്‍ത്തുവാന്‍ ടീമിനു സാധിച്ചു.

അജയ് താക്കൂറും(12) ജസ്വീര്‍ സിംഗും(8) ആണ് തലൈവാസിനെ മുന്നോട്ട് നയിച്ചത്. പൂനെയ്ക്കായി നിതിന്‍ തോമര്‍ എട്ട് പോയിന്റ് നേടി. എന്നാല്‍ ടീമിലെ മിന്നും താരമായി മാറിയത് മോറെ ആയിരുന്നു. 10 പോയിന്റാണ് പകരക്കാരനായി എത്തിയ താരം നേടിയത്.

റെയിഡിംഗില്‍ 23-21നു നേരിയ ലീഡ് തമിഴ് തലൈവാസ് സ്വന്തമാക്കിയപ്പോള്‍ പ്രതിരോധത്തിലും സമാനമായ നിലയില്‍(9-7) നേടുവാന്‍ ടീമിനായി. 4 ഓള്‍ഔട്ട് പോയിന്റുകളും തലൈവാസ് നേടി. അതേ സമയം മൂന്ന് അധിക പോയിന്റുകള്‍ നേടുവാന്‍ പൂനെയ്ക്കായി.

വീണ്ടും തോല്‍വി, ഇത്തവണ ബെംഗളൂരുവിനോട് പരാജയമേറ്റു വാങ്ങി തമിഴ് തലൈവാസ്

ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരം വിജയിച്ച ശേഷം ജയമെന്തെന്നറിയാതെ തമിഴ് തലൈവാസ്. ഇന്ന് ബെംഗളൂരു ബുള്‍സിനോട് ഏറ്റുവാങ്ങിയ പരാജയത്തോടെ ടീം തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളിലാണ് പരാജയപ്പെട്ടിരിക്കുന്നത്. ഇന്ന് 44-35 എന്ന സ്കോറിനാണ് ബെംഗളൂരു ബുള്‍സ് തമിഴ് തലൈവാസിനെ കീഴടക്കിയത്. പകുതി സമയത്ത് 25-14നു ലീഡ് ബുള്‍സിനു തന്നെയായിരുന്നു.

പവന്‍ ഷെഹ്റാവത്തും(16) കാശിലിംഗ് അഡ്കേയുമാണ്(12) ബെംഗളൂരുവിന്റെ റെയിംഡിംഗ് ദൗത്യങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയത്. 9 പോയിന്റുമായി അജയ് താക്കൂര്‍ തമിഴ് തലൈവാസിനായി പതിവു പോലെ മികവ് തെളിയിച്ചു. 26-22നു റെയിഡിംഗിലും 12-10 എന്ന സ്കോറില്‍ പ്രതിരോധത്തിലും ബെംഗളൂരു തന്നെയായിരുന്നു മുന്നില്‍. രണ്ട് തവണ തലൈവാസ് ഓള്‍ഔട്ട് ആയപ്പോള്‍ ബെംഗളൂരു ഒരു തവണ പുറത്തായി.

ബംഗാള്‍ വാരിയേഴ്സിനോടും തോല്‍വിയേറ്റു വാങ്ങി തമിഴ് തലൈവാസ്

ബംഗാള്‍ വാരിയേഴ്സിന്റെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ടീം. തമിഴ് തലൈവാസിന്റെ കഷ്ടകാലം അവസാനിക്കാതിരുന്ന മത്സരത്തില്‍ 36-27 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 18-15നു ബംഗാള്‍ തന്നെയായിരുന്നു മുന്നില്‍. അജയ് താക്കൂര്‍ നിറം മങ്ങിപ്പോയതാണ് തലൈവാസിനു തിരിച്ചടിയായത്. ആറ് പോയിന്റ് മാത്രമാണ് സൂപ്പര്‍ താരം നേടിയത്. ജസ്വീര്‍ സിംഗ് ഏഴും മഞ്ജീത്ത് ചില്ലര്‍ അഞ്ച് പോയിന്റും തലൈവാസിനായി നേടി.

അതേ സമയം ബംഗാളിനായി മനീന്ദര്‍ സിംഗ് 9 പോയിന്റും മഹേഷ് ഗൗഡ് 5 പോയിന്റും നേടി. സൂപ്പര്‍ താരം ജാന്‍ കുന്‍ ലീയ്ക്ക് അധികം പ്രഭാവം മത്സരത്തില്‍ സൃഷ്ടിക്കാനായില്ല.

റെയിഡിംഗില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ (18-18) പ്രതിരോധത്തില്‍ 10-8നു ലീഡ് ബംഗാള്‍ കൈവശപ്പെടുത്തി. രണ്ട് തവണയാണ് മത്സരത്തില്‍ തലൈവാസ് ഓള്‍ഔട്ട് ആയത്. അധിക പോയിന്റ് നേടുന്നതിലും ബംഗാള്‍ തന്നെയായിരുന്നു ബഹുദൂരം മുന്നില്‍(4-1).

​വീണ്ടും തോല്‍വിയേറ്റു വാങ്ങി തലൈവാസ്, ഇത്തവണ ബെംഗളൂരു ബുള്‍സിനോട്

ബെംഗളൂരു ബുള്‍സിനോട് 11 പോയിന്റിന്റെ തോല്‍വിയേറ്റു വാങ്ങി തമിഴ് തലൈവാസ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 48-37 എന്ന സ്കോറിനാണ് ബുള്‍സിന്റെ ജയം. ഇരു ടീമുകളിലെയും റെയിഡര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ 20 പോയിന്റ് വീതം നേടി തലൈവാസിന്റെ അജയ് താക്കൂറും ബെംഗളൂരുവിന്റെ പവന്‍ ഷെറാവത്തും ഒപ്പം നില്‍ക്കുകയായിരുന്നു. പകുതി സമയത്ത് 28-12നു വലിയ ലീഡ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു.

റെയിഡിംഗില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും ഒരു പോയിന്റിനു(31-30) ബെംഗളൂരു മുന്നിലായിരുന്നു. എന്നാല്‍ പ്രതിരോധത്തില്‍ ബെംഗളൂരു തമിഴ് തലൈവാസിനെ ബഹുദൂരം പിന്നിലാക്കിയിരുന്നു(12-5). രണ്ട് തവണ തലൈവാസ് ഓള്‍ഔട്ട് ആയപ്പോള്‍ ബെംഗളൂരു ബുള്‍സ് ഒരു തവണ പുറത്തായി.

ചരിത്രം ആവര്‍ത്തിക്കപ്പെട്ടു, ടൈറ്റന്‍സിനോട് വീണ്ടും തോറ്റ് തലൈവാസ്

ചരിത്രം തിരുത്തുവാനാകാതെ തമിഴ് തലൈവാസ് ഒരു വട്ടം കൂടി തെലുഗു ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ നാലാമത്തെ തോല്‍വിയാണ് ഇന്ന് തമിഴ് തലൈവാസ് തെലുഗു ടൈറ്റന്‍സിനോട് ഏറ്റുവാങ്ങിയത്. ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് തലൈവാസ് നാട്ടിലേറ്റു വാങ്ങിയത്. 17-11നു പകുതി സമയത്ത് ലീഡ് ചെയ്ത ടൈറ്റന്‍സ് മത്സരം 33-28 എന്ന സ്കോറിനു സ്വന്തമാക്കി.

രാഹുല്‍ ചൗധരിയും അജയ് താക്കൂറും തമ്മിലുള്ള പോര് കണ്ട മത്സരത്തില്‍ ഇരു താരങ്ങളും 9 പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. തെലുഗു ടൈറ്റന്‍സിനു രണ്ട് ഓള്‍ഔട്ട് പോയിന്റ് ലഭിക്കുകയും പ്രതിരോധത്തില്‍ 3 പോയിന്റിന്റെ (14-11) ലീഡ് നേടുവാനും സാധിച്ചതാണ് ടീമിനു തുണയായത്. റെയിഡിംഗ് പോയിന്റില്‍ ഇരു ടീമുകളും 16 പോയിന്റ് വീതം നേടി ഒപ്പം നിന്നു.

രണ്ടാം ജയം നേടാനാകാതെ തലൈവാസ്, ആതിഥേയരെ വീഴ്ത്തി യുപി യോദ്ധ

തമിഴ് തലൈവാസിനെ 37-32 എന്ന സ്കോറിനു പരാജയപ്പെടുത്തി യുപി യോദ്ധ. ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ 18 – 4 ന്റെ വ്യക്തമായ ലീഡ് യുപി നേടിയെങ്കിലും രണ്ടാം പകുതിയില്‍ ആവേശകരമായ തിരിച്ചുവരവ് തലൈവാസ് നടത്തുകയായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ നേടിയ കൂറ്റന്‍ ലീഡ് യുപിയുടെ തുണയ്ക്കെത്തി. മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം അവശേഷിക്കെ ലീഡ് രണ്ട് പോയിന്റായി കുറച്ച് സ്കോര്‍ 30-32 എന്ന നിലയിലേക്ക് തലൈവാസ് കൊണ്ടെത്തിച്ചുവെങ്കിലും അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാതെ മത്സരം യുപി സ്വന്തമാക്കി.

12 പോയിന്റുമായി തലൈവാസിന്റെ അജയ് താക്കൂര്‍ മത്സരത്തില്‍ മികച്ച് നിന്നപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും താരത്തിനു വേണ്ടത്ര പിന്തുണ നല്‍കുവാനായിരുന്നില്ല. യുപിയ്ക്കായി പ്രശാന്ത് കുമാര്‍ റായ് 8 പോയിന്റ് നേടിയപ്പോള്‍ ശ്രീകാന്ത് ജാധവ് 5 പോയിന്റ് നേടി. റെയിഡിംഗില്‍ മികവ് പുലര്‍ത്തിയത് തമിഴ് തലൈവാസായിരുന്നുവെങ്കില്‍(23-18) പ്രതിരോധത്തില്‍ 10-5ന്റെ ലീഡ് യുപി കൈവശപ്പെടുത്തി.

ഇരു ടീമുകളും രണ്ട് തവണ ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തിലെ വ്യത്യാസമായി മാറിയത് യുപി നേടിയ 5 എക്സ്ട്രാ പോയിന്റുകളാണ്.

ചരിത്രം കുറിച്ച് തമിഴ് തലൈവാസ്, മൂന്ന് വട്ടം ചാമ്പ്യന്മാരെ പരാജയപ്പെടുത്തി തുടക്കം

അടിമുടി മാറി പ്രൊകബഡി ആറാം സീസണിനു എത്തിയ തമിഴ് തലൈവാസിനു നാട്ടിലെ ആദ്യ ജയം. കഴിഞ്ഞ സീസണില്‍ ചെന്നൈയില്‍ വെച്ച് വിജയം കിട്ടാക്കനിയായ ശേഷം ഇത്തവണ മൂന്ന് വട്ടം ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ പരാജയപ്പെടുത്തിയാണ് തമിഴ് തലൈവാസ് പ്രൊ കബഡിയുടെ ഏറ്റവും പുതിയ സീസണിനു തുടക്കം കുറിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ 42-26 എന്ന പോയിന്റിനു തമിഴ് തലൈവാസ് പട്‍ന പൈറേറ്റ്സിനെ പരാജയപ്പെടുത്തുകയായിരുന്നു.

അജയ് താക്കൂറും സുര്‍ജീത്ത് സിംഗും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ തലൈവാസിനെ റെയിഡ് പോയിന്റുകളില്‍ ഒപ്പം പിടിക്കുവാന്‍ പര്‍ദീപ് നര്‍വാലിനും മന്‍ജീത്തിനും അല്പമെങ്കിലും സാധിച്ചുവെങ്കിലും പ്രതിരോധത്തില്‍ തലൈവാസ് എറെ മുന്നിലായിരുന്നു. 14 പോയിന്റ് നേടിയ അജയ് താക്കൂറും 7 പോയിന്റുമായി സുര്‍ജ്ജിത്തും തലൈവാസിനെ നയിച്ചു. പര്‍ദീപ് നര്‍വാല്‍ 11 പോയിന്റ് നേടിയപ്പോള്‍ പുതുതായി എത്തിയ മന്‍ജീത്ത് 8 പോയിന്റുമായി പട്ന നിരയില്‍ തിളങ്ങി.

റെയിഡിംഗില്‍ തമിഴ് തലൈവാസ് 24 പോയിന്റ് നേടിയപ്പോള്‍ പട്ന പൈറേറ്റ്സ് 21 പോയിന്റാണ് നേടിയത്. പ്രതിരോധത്തില്‍ 11 പോയിന്റുമായി തമിഴ് തലൈവാസ് 2 പോയിന്റ് മാത്രം നേടിയ പട്നയെ ബഹുദൂരം പിന്നിലാക്കിയിരുന്നു. ആറ് ഓള്‍ഔട്ട് പോയിന്റ് വിജയികള്‍ സ്വന്തമാക്കിയപ്പോള്‍ എതിരാളികള്‍ രണ്ട് പോയിന്റ് മാത്രമാണ് ലഭിച്ചത്.

Exit mobile version