വിജയ വഴിയില്‍ തിരികെയെത്തി തമിഴ് തലൈവാസ്

അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആതിഥേയരായ പുനേരി പള്‍ട്ടനെ കീഴടക്കി തമിഴ് തലൈവാസ്. ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മാത്രം ജയമാണ് ഇന്ന് തമിഴ് തലൈവാസ് സ്വന്തമാക്കിയത്. പൂനെയെ 36-31 എന്ന സ്കോറിനാണ് തലൈവാസ് പരാജയപ്പെടുത്തിയത്. ഇടവേള സമയത്ത് 16-15ന്റെ നേരിയ ലീഡ് മാത്രമാണ് ജേതാക്കള്‍ക്ക് സ്വന്തമാക്കാനായതെങ്കിലും ലീഡ് ഫൈനല്‍ വിസില്‍ സമയത്ത് അഞ്ചാക്കി ഉയര്‍ത്തുവാന്‍ ടീമിനു സാധിച്ചു.

അജയ് താക്കൂറും(12) ജസ്വീര്‍ സിംഗും(8) ആണ് തലൈവാസിനെ മുന്നോട്ട് നയിച്ചത്. പൂനെയ്ക്കായി നിതിന്‍ തോമര്‍ എട്ട് പോയിന്റ് നേടി. എന്നാല്‍ ടീമിലെ മിന്നും താരമായി മാറിയത് മോറെ ആയിരുന്നു. 10 പോയിന്റാണ് പകരക്കാരനായി എത്തിയ താരം നേടിയത്.

റെയിഡിംഗില്‍ 23-21നു നേരിയ ലീഡ് തമിഴ് തലൈവാസ് സ്വന്തമാക്കിയപ്പോള്‍ പ്രതിരോധത്തിലും സമാനമായ നിലയില്‍(9-7) നേടുവാന്‍ ടീമിനായി. 4 ഓള്‍ഔട്ട് പോയിന്റുകളും തലൈവാസ് നേടി. അതേ സമയം മൂന്ന് അധിക പോയിന്റുകള്‍ നേടുവാന്‍ പൂനെയ്ക്കായി.

Exit mobile version