ആ ഒരു ജയം മതി, ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രം മാറുവാന്‍: സ്റ്റീവ് റോഡ്സ്

ബംഗ്ലാദേശിനു കിട്ടാക്കനിയായ ഫൈനല്‍ മത്സര ജയം ഒരു തവണ സ്വന്തമാക്കാനായാല്‍ ടീമിന്റെ ആത്മവിശ്വാസം തന്നെ മാറിമറിയുമെന്ന് അറിയിച്ച് ടീം കോച്ച് സ്റ്റീവ് റോഡ്സ്. ആറാമത്തെ തവണയാണ് ഫൈനലില്‍ ബംഗ്ലാദേശ് തോല്‍വിയേറ്റു വാങ്ങുന്നത്. അതിനു പുറമേ നാലോളം വലിയ പരമ്പരകളില്‍ മൂന്ന് തവണയെങ്കിലും പരമ്പര വിജയിക്കുവാനുള്ള അവസരം ടീം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മാറി മറിയുവാന്‍ ഒരു ഫൈനലിലെ വിജയം മാത്രം മതിയെന്നാണ് ബംഗ്ലാദേശ് കോച്ച് അഭിപ്രായപ്പെടുന്നത്.

നിദാഹസ് ട്രോഫിയില്‍ കൈപ്പിടിയിലൊതുങ്ങിയ മത്സരമാണ് നഷ്ടമായതെങ്കില്‍ ഏഷ്യ കപ്പില്‍ അവസാന ഓവര്‍ വരെ പൊരുതിയ ശേഷം ഇന്ത്യ വിജയം കൊയ്തു. ഒരു വിജയം സ്വന്തമാക്കാനായാല്‍ ബംഗ്ലാദേശ് മാനസികമായി ഈ കഷ്ടതകളെ മറികടക്കുമെന്നാണ് റോഡ്സ് പറയുന്നത്.

കോച്ചിനോട് സമാനമായ അഭിപ്രായമാണ് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയും അഭിപ്രായപ്പെട്ടത്. മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞതില്‍ ബാറ്റിംഗ് നിരയ്ക്ക് തുല്യമായ പങ്കുണ്ടെന്നാണ് മഷ്റഫേ മൊര്‍തസ അഭിപ്രായപ്പെട്ടത്. വലിയ മത്സരത്തിന്റെ സമ്മര്‍ദ്ദമാവാം മധ്യ നിരയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടു.

Exit mobile version