സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് ഐസിസി സിംബാബ്‍വേയെ വിലക്കുവാന്‍ തീരുമാനിച്ചതിന് പിന്നാലെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് സോളമണ്‍ മിര്‍. താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തീരൂമാനം പരസ്യമാക്കിയത്. നേരത്തെ സിക്കന്ദര്‍ റാസ സഹതാരങ്ങളില്‍ ഐസിസിയുടെ ഈ തീരൂമാനം വലിയ ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മിറിന്റെ ഈ തീരുമാനം.
സിംബാബ്‍വേയ്ക്ക് വേണ്ടി 47 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളും 2 ടെസ്റ്റ് മത്സരവും കളിച്ചിട്ടുള്ള താരമാണ് സോളമണ്‍ മിര്‍. തന്റെ കൈയില്‍ നില്‍ക്കാത്ത കാര്യങ്ങളാണ് സിംബാബ്‍വേ ക്രിക്കറ്റില്‍ നടക്കുന്നതെന്നും അതിനാല്‍ തന്നെ പുതിയ ദിശ തേടിയുള്ള തന്റെ യാത്രയ്ക്കായി താന്‍ സിംബാബ്‍വേയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ തീരുമാനം കൈക്കൊള്ളുകയാണെന്ന് മിര്‍ വ്യക്തമാക്കി.
ക്രിക്കറ്റ് തന്റെ ജീവിത്തതിലെ ഏറ്റവും വലിയ പാഠമാണെന്നും സിംബാബ്‍വേയ്ക്കായി ക്രിക്കറ്റ് കളിക്കാനായത് വലിയ ബഹുമതിയായി താന്‍ കരുതുന്നുവെന്നും സിംബാബ്‍വേ ഓള്‍റൗണ്ടര്‍ സൂചിപ്പിച്ചു.
ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ മിന്നും ഫോമില്‍ കളിച്ച സിംബാബ്‍വേ താരം സോളമന്‍ മിര്‍ പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങളില്‍ നിന്ന് പുറത്ത്. ടി20 പരമ്പരയില്‍ 94, 63 എന്നിങ്ങനെ രണ്ട് മികച്ച ഇന്നിംഗ്സ് പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കെതിരെയും പുറത്തെടുത്ത താരം പരിക്ക് മൂലം ഏകദിന പരമ്പരയില്‍ കളിക്കില്ല എന്നാണ് അറിയുന്നത്. 28 വയസ്സുകാരന്‍ താരത്തിനും കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണെന്നാണ് അറിയുന്നത്.
കൈല്‍ ജാര്‍വിസിന്റെ സേവനം നിലവില്‍ നഷ്ടമായിരിക്കുന്ന സിംബാബ്‍വേയ്ക്ക് മിറിന്റെ നഷ്ടം കനത്ത തിരിച്ചടിയാണ്. ജാര്‍വിസ് ആറാഴ്ചയോളമാണ് വിശ്രമം എടുക്കേണ്ടതുണ്ടെന്നാണ് അറിയുന്നത്.
സിംബാബ്‍വേ ഓപ്പണര്‍ സോളമന്‍ മിര്‍ ആണ് ഏറ്റവും പുതിയ ടി20 റാങ്കിംഗിലെ താരം. വെറും 25ാം സ്ഥാനത്താണ് റാങ്കിംഗില്‍ താരമെങ്കിലും 202 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഇവിടെ എത്തിയതെന്നുള്ളതാണ് ഏറ്റുവും വലിയ സവിശേഷത. ഓസ്ട്രേലിയയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും മിന്നും പ്രകടനം പുറത്തെടുത്ത താരത്തിനു ഒരു മത്സരത്തില്‍ 6 റണ്‍സിനാണ് ശതകം നഷ്ടമായത്.
44 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഫകര്‍ സമന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത് ഏറെ ശ്രദ്ധേയമായ പ്രകടനമാണെങ്കിലും മിര്‍ നേടിയ പ്രകടനം ഒരിക്കലും വിലകുറച്ച് കാണേണ്ടതല്ല. 230നടുത്ത് റാങ്കിംഗായിരുന്നു പരമ്പരയ്ക്ക് മുമ്പ് താരത്തിന്റേത്.
പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിലും പരാജയപ്പെട്ടതോടെ ഒരൊറ്റ ജയമില്ലാതെ ആതിഥേയരായ സിംബാബ്‍വേയ്ക്ക് മടക്കം. ഇന്ന് നടന്ന അവസാന മത്സരത്തില്‍ ഓസ്ട്രേലിയയാണ് 5 വിക്കറ്റിനു സിംബാബ്‍വേയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. അനായാസം വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു ഓസ്ട്രേലിയയ്ക്ക് അവസാനം വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു പന്ത് ശേഷിക്കെയാണ് വിജയം നേടാനായത്.
അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഗ്ലെന്‍ മാക്സ്വെല്‍, ട്രാവിസ് ഹെഡ് കൂട്ടുകെട്ടാണ് തുടക്കത്തില്‍ തിരിച്ചടിയേറ്റ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം നേടിയത്. മാക്സ്വെല്‍ 56 റണ്‍സും ഹെഡ് 48 റണ്‍സും നേടി പുറത്തായി. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ അനായാസമെന്ന് പ്രതീക്ഷ ജയം ഓസ്ട്രേലിയയ്ക്ക് കിട്ടാക്കനിയാകുമോയെന്ന് സംശയം ഉയരുകയായിരുന്നു.
പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് 7 പന്തില്‍ 12 റണ്‍സും ആഷ്ടണ്‍ അഗര്‍ 5 റണ്‍സും നേടി ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ബ്ലെസ്സിംഗ് മുസര്‍ബാനി മൂന്ന് വിക്കറ്റും ടിരിപാനോ, വെല്ലിംഗ്ടണ്‍ മസകഡ്സ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ സോളമന്‍ മിറിന്റെ അര്‍ദ്ധ ശതക പ്രകടനമാണ് സിംബാബ്‍വേയെ151 റണ്‍സിലേക്ക് എത്തിച്ചത്. ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായ സിംബാബ്‍വേയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. പീറ്റര്‍ മൂറുമായി(30) ചേര്‍ന്ന് 68 റണ്‍സാണ് മിര്‍ നാലാം വിക്കറ്റില്‍ നേടിയത്.
ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോളും 52 പന്തില്‍ 63 റണ്‍സ് നേടിയ മിര്‍ 8ാം വിക്കറ്റായി 19ാം ഓവറിന്റെ അവസാന പന്തിലാണ് പുറത്തായത്. ഓസ്ട്രേലിയയ്ക്കായി ആന്‍ഡ്രൂ ടൈ മൂന്നും ബില്ലി സ്റ്റാന്‍ലേക്ക്, ജൈ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. അരങ്ങേറ്റക്കാരന്‍ ജാക്ക് വൈല്‍ഡര്‍മത്തിനു തന്റെ കന്നി ടി20 വിക്കറ്റും മത്സരത്തില്‍ ലഭിച്ചു.
സോളമന്‍ മിറിന്റെ 94 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടിയ സിംബാബ്‍വേയുടെ സ്കോര്‍ അഞ്ച് പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് പാക്കിസ്ഥാന്‍. സീനിയര്‍ താരങ്ങളായ സര്‍ഫ്രാസ് അഹമ്മദ്(38*)-ഷൊയ്ബ് മാലിക്(12*) കൂട്ടുകെട്ടാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. 11 പന്തില്‍ നിന്ന് നേടിയ 25 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്. 6 പന്തില്‍ 12 റണ്‍സ് നേടി മാലിക്കും 21 പന്തില്‍ 38 റണ്‍സുമയി നായകന്‍ സര്‍ഫ്രാസും നിര്‍ണ്ണായക പ്രകടനമാണ് നടത്തിയത്.
ഫക്കര്‍ സമന്‍(47), ഹുസൈന്‍ തലത്(44) എന്നിവരുടെ പ്രകടനങ്ങളും പാക്കിസ്ഥാനു മികച്ച അടിത്തറയാണ് നല്‍കിയത്. 6.2 ഓവറില്‍ 58 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പാക്കിസ്ഥാന്‍ നേടിയത്. 16 റണ്‍സ് നേടിയ ഹാരിസ് സൊഹൈലിനെ നഷ്ടമായ ശേഷം ഫക്കര്‍-ഹുസൈന്‍ കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു.
പരാജയപ്പെട്ടുവെങ്കിലും സോളമന്‍ മിര്‍ തന്റെ 94 റണ്‍സിനു മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി.
പാക്കിസ്ഥാനെതിരെ നിര്‍ണ്ണായകമായ ടി20 മത്സരത്തില്‍ മികച്ച സ്കോര്‍ നേടി സിംബാബ്‍വേ. ഓപ്പണിംഗ് താരം സോളമന്‍ മിര്‍ നേടിയ 94 റണ്‍സിനൊപ്പം തരിസായി മുസ്കാന്‍ഡ(33), സെഫാസ് സുവാവോ(24) എന്നിവരുടെ പിന്തുണയോടു കൂടിയാണ് സിംബാബ്‍വേ 162/4 എന്ന സ്കോറിലേക്ക് 20 ഓവറില്‍ എത്തുന്നത്.
63 പന്തില്‍ 6 വീതം സിക്സും ബൗണ്ടറിയും നേടിയാണ് മിര്‍ തന്റെ 94 റണ്‍സ് നേടിയത്. ഹുസൈന്‍ തലത് ഓവറില്‍ ഷദബ് ഖാന്‍ പിടിച്ചു പുറത്താകുമ്പോള്‍ അര്‍ഹമായ ശതകമാണ് താരത്തിനു നഷ്ടമായത്.
പാക്കിസ്ഥാനു വേണ്ടി ഹുസൈന്‍ തലത്, ഷദബ് ഖാന്‍, ഫഹീം അഷ്റഫ്, മുഹമ്മദ് അമീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.