ജയം പാക്കിസ്ഥാന്, കളിയിലെ താരം സിംബാബ്‍വേ കളിക്കാരന്‍

സോളമന്‍ മിറിന്റെ 94 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടിയ സിംബാബ്‍വേയുടെ സ്കോര്‍ അഞ്ച് പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് പാക്കിസ്ഥാന്‍. സീനിയര്‍ താരങ്ങളായ സര്‍ഫ്രാസ് അഹമ്മദ്(38*)-ഷൊയ്ബ് മാലിക്(12*) കൂട്ടുകെട്ടാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. 11 പന്തില്‍ നിന്ന് നേടിയ 25 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്. 6 പന്തില്‍ 12 റണ്‍സ് നേടി മാലിക്കും 21 പന്തില്‍ 38 റണ്‍സുമയി നായകന്‍ സര്‍ഫ്രാസും നിര്‍ണ്ണായക പ്രകടനമാണ് നടത്തിയത്.

ഫക്കര്‍ സമന്‍(47), ഹുസൈന്‍ തലത്(44) എന്നിവരുടെ പ്രകടനങ്ങളും പാക്കിസ്ഥാനു മികച്ച അടിത്തറയാണ് നല്‍കിയത്. 6.2 ഓവറില്‍ 58 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പാക്കിസ്ഥാന്‍ നേടിയത്. 16 റണ്‍സ് നേടിയ ഹാരിസ് സൊഹൈലിനെ നഷ്ടമായ ശേഷം ഫക്കര്‍-ഹുസൈന്‍ കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു.

പരാജയപ്പെട്ടുവെങ്കിലും സോളമന്‍ മിര്‍ തന്റെ 94 റണ്‍സിനു മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version