വണ്ടൂർ സെവൻസിൽ റഫറിമാരും ഫിഫ മഞ്ചേരി താരങ്ങളും തമ്മിൽ തല്ല്!!

സെവൻസ് ഫുട്ബോളിൽ ഫൗളുകളും കയ്യാങ്കളികളും ഏറെ ചർച്ചയായി മാറുന്ന സമയത്ത് കൂടുതൽ വിവാദങ്ങളിലേക്ക് സെവൻസ് ഫുട്ബോൾ പോവുകയാണ്. ഇന്നലെ വണ്ടൂർ അഖിലേന്ത്യാ സെവൻസ് മത്സരത്തിന് ഇടയിൽ താരങ്ങൾ തമ്മിലുള്ള അടി മാറി കയ്യാങ്കളി റഫറിയും താരങ്ങളും തമ്മിൽ ആയി. ഇന്ന ഫിഫാ മഞ്ചേരിയും ടൗൺ ടീം അരീക്കോടും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിന് ഇടയിൽ ആയിരുന്നു കയ്യാങ്കളി. ഫിഫാ മഞ്ചേരി താരങ്ങള ഒരാൾ റഫറിയെ തല്ലൊയതോടെ റഫറിമാരും ഫിഫ മഞ്ചേരി താരങ്ങളും തമ്മിലുള്ള കൂട്ടതല്ലായി രംഗം മാറി.

ഫിഫാ മഞ്ചേരിയുടെ റിൻഷാദ് ചുവപ്പ് കാർഡ് ക്ണ്ട് പുറത്തായി. മൈതാനത്ത് രംഗം വഷളായതോടെ കമ്മിറ്റി അംഗങ്ങളും കാണികളും ഇടപെട്ടാണ് കളി പുനരാരംഭിച്ചത്. ഈ പ്രശ്നത്തിൽ എസ് എഫ് എ ശക്തമായ നടപടി എടുക്കണം എന്നാണ് സെവൻസ് ഫുട്ബോൾ പ്രേമികൾ ആവശ്യപ്പെടുന്നത്. ഇന്നലെ മത്സരം 2-0ന് ടൗൺ ടീം അരീക്കോട് വിജയിച്ചിരുന്നു.

വണ്ടൂർ സംഭവത്തിന്റെ വീഡിയോ:

എൽ ക്ലാസികോ വിജയിച്ച് അൽ മദീന കിരീടം ഉയർത്തി, ഫിഫ മഞ്ചേരിക്ക് നിരാശ

സെവൻസിലെ എൽ ക്ലാസികോ എന്ന് അറിയപ്പെടുന്ന പോരാട്ടമായ അൽ മദീന ചെർപ്പുളശ്ശേരിയും ഫിഫ മഞ്ചേരിയും തമ്മിലുള്ള പോരാട്ടമാണ് ഇന്നലെ നിലമ്പൂർ അഖിലേന്ത്യാ സെവൻസിൽ കണ്ടത്. അവിടെ നടന്ന കിരീട പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തി കിരീടം ഉയർത്താൻ അൽ മദീനക്ക് ആയി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു അൽ മദീനയുടെ വിജയം. അൽ മദീനയുടെ ഈ സീസണിലെ ആദ്യ കിരീടം ആണിത്.

നാസറിന്റെ ഗോൾ:

നാസർ ആണ് അൽ മദീനയുടെ വിജയ ഗോൾ നേടിയത്. 20 വാര അകലെ നിന്ന് നാസർ തൊടുത്ത ഇടം കാലൻ ഷോട്ട് തടയാൻ ആർക്കും ആയില്ല. ഈ ഗോളിന് മറുപടി പറയാൻ ഫിഫാ മഞ്ചേരിക്ക് കഴിഞ്ഞില്ല. കളിയിലെ താരമായി നാസറിനെ തിരഞ്ഞെടുത്തു. അൽ മദീനയുടെ ജിൻഷാദ് ആണ് നിലമ്പൂർ ടൂർണമെന്റിലെ മികച്ച താരമായി മാറിയത്. മദീനയുടെ റാഷിദ് ടൂർണമെന്റിലെ എമേർജിങ് പ്ലയർ ആയും ഫിഫയുടെ സലാം ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

മാഹി സെവൻസിൽ 9 ഗോൾ ത്രില്ലർ!!

മാഹി അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഒരു ത്രില്ലർ ആണ് നടന്നത്. അഭിലാഷ് കുപ്പൂത്തും സബാൻ കോട്ടക്കലും തമ്മിൽ ഏറ്റുമുട്ടിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആകെ പിറന്നത് 9 ഗോളുകൾ ആണ്. അവസാനം നാലിനെതിരെ അഞ്ചു ഗോളുകൾക്ക് അഭിലാഷ് കുപ്പൂത്ത് വിജയം സ്വന്തമാക്കി. അവർ സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

തുടക്കം മുതൽ ഇന്ന് മാഹിയിൽ ഗോളുകൾ ഒഴുകി. ആദ്യ പകുതിയിൽ അഭിലാഷ് കുപ്പൂത്ത് 4-2ന് മുന്നിൽ ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കുപ്പൂത്തിന്റെ അഞ്ചാം ഗോൾ വന്നു. 5-2 എന്ന് സ്കോർ. സബാൻ കീഴടങ്ങാൻ തയ്യാറായില്ല. അവർ അവസാനം വരെ പൊരുതി 5-4 എന്ന സ്കോർ വരെ ആക്കി. പക്ഷെ അവസാന സമനില ഗോൾ നേടാൻ സബാനായില്ല.

നാളെ മാഹിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും യൂറോ സ്പോർട്സ് പടന്നയുമാണ് ഏറ്റുമുട്ടുന്നത്. നേരത്തെ എ എഫ് സി വയനാട് മാഹിയിൽ ഫൈനലിൽ എത്തിയിട്ടുണ്ട്.

അൽ മദീനയുടെ വിജയ കുതിപ്പിന് അവസാനമിട്ട് കെ എം ജി മാവൂർ

അഖിലേന്ത്യാ സെവൻസിൽ വിജയ കുതിപ്പ് നടത്തുക ആയിരുന്ന അൽ മദീനയെ തടഞ്ഞ് കെ എം ജി മാവൂർ. ഇന്ന് പോകുപ്പടി സെവൻസിൽ ആണ് അൽ മദീന ചെർപ്പുളശ്ശേരി പരാജയം നേരിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു കെ എം ജി മാവൂരിന്റെ വിജയം. ഇതിനു മുമ്പ് നടന്ന അവസാന ആറു മത്സരങ്ങളിലും അൽ മദീന ചെർപ്പുളശ്ശേരി വിജയിച്ചിരുന്നു. മദീനയുടെ സീസണിലെ മൂന്നാം പരാജയം മാത്രമാണിത്. നാളെ പോകുപ്പടി സെവൻസിൽ ബേസ് പെരുമ്പാവൂരും സബാൻ കോട്ടക്കലും തമ്മിൽ ഏറ്റുമുട്ടും.

മാഹി സെവൻസിൽ എ എഫ് സി വയനാട് ഫൈനലിൽ

എ എഫ് സി വയനാട് ഈ സീസണിലെ അവരുടെ ആദ്യ അഖിലേന്ത്യാ സെവൻസ് ഫൈനലിൽ എത്തി. ഇന്ന് മാഹി സെവൻസിൽ നടന്ന സെമി ഫൈനലിൽ എഫ് സി തൃക്കരിപ്പൂരിനെ മറികടന്ന് ആണ് എ എഫ് ഐ വയനാട് ഫൈനലിലേക്ക് മുന്നേറിയത്. ത്രില്ലർ മാച്ചിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എ എഫ് സി വയനാട് വിജയിച്ചത്. കഴിഞ്ഞ റൗണ്ടിൽ എ എഫ് സി വയനാട് ശക്തരായ ഫിഫാ മഞ്ചേരിയേയും തോൽപ്പിച്ചിരുന്നു. നാളെ മാഹിയിൽ സബാൻ കോട്ടക്കലും അഭിലാഷ് കുപ്പൂത്തും ഏറ്റുമുട്ടും.

ഫിഫാ മഞ്ചേരിക്കു തുടർ വിജയങ്ങൾ

അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയും മുന്നേറുന്നു. ഇന്ന് പോകുപ്പടി പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ഇറങ്ങിയ ഫിഫാ മഞ്ചേരി മെഡിഗാഡ് അരീക്കോടിനെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഒരു ഏകപക്ഷീയ വിജയമാണ് ഫിഫാ മഞ്ചേരി നേടിയത്. ഫിഫയ്ക്ക് കാര്യമായ വെല്ലുവിളികൾ ഒന്നും ഉയർത്താൻ മെഡിഗാഡ് അരീക്കോടിന് ഇന്ന് ആയില്ല.

ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ നാലാം വിജയമാണിത്. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി ഫിഫ ഒമ്പത് ഗോളുകൾ ആണ് അടിച്ചത്. നാളെ ഫിഫ മഞ്ചേരി പെരുമ്പാവൂരിൽ ആണ് ഇറങ്ങുക. അവിടെ ശക്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആകും ഫിഫയുടെ എതിരാളികൾ.

അൽ മദീന ചെർപ്പുളശ്ശേരിക്ക് തുടർച്ചയായ അഞ്ചാം വിജയം

അഖിലേന്ത്യാ സെവൻസിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന അൽ മദീന ചെർപ്പുളശ്ശേരി അവരുടെ മികച്ച പ്രകടനം തുടരുകയാണ്. ഇന്ന് അവർ മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ വിജയം സ്വന്തമാക്കി. എഫ് സി കൊണ്ടോട്ടിയെ നേരിട്ട അൽ മദീന പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. തുടർന്ന് പെനാൾട്ടിയിൽ കളി എത്തിയപ്പോൾ അൽ മദീന ഗോൾ കീപ്പർ മികവ് കാണിച്ചു.

ഇത് അൽ മദീനയുടെ തുടർച്ചയായ അഞ്ചാം വിജയമാണ്. ഈ അഞ്ചു മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ അടിച്ച അൽ മദീന ആകെ ര‌ണ്ടു ഗോളുകൾ ആണ് വഴങ്ങിയത്. നാളെ അൽ മദീന കല്പകഞ്ചേരി സെവൻസിൽ അൽ മദീന എഫ് സി പെരിന്തൽമണ്ണയെ നേരിടും.

വണ്ടൂരിൽ അൽ മദീന മുന്നോട്ട്!!

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് മികച്ച വിജയം. അൽ മദീന ഇന്ന് എ വൈ സി ഉച്ചാരക്കടവിനെ ആണ് തോല്പ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. തുടക്കം മുതൽ അൽ മദീന ആധിപത്യം പുലർത്തുന്നത് കാണാൻ ആയി. ഒന്നിനു പിറകെ ഒന്നായി അവർ ഗോൾ നേടി. ഒരു ഘട്ടത്തിൽ മദീന 3-0ന് മുന്നിൽ ആയിരുന്നു. അവിടെ നിന്ന് ഒരാശ്വാസ ഗോൾ മാത്രം നേടാൻ എ വൈ സിക്ക് ആയി.

ഇന്നലെ പട്ടിക്കാട് സെവൻസിലും അൽ മദീന മൂന്ന് ഗോളുകൾ നേടിയിരുന്നു. വണ്ടൂരിൽ നാളെ എഫ് സി കൊണ്ടോട്ടിയും റോയൽ ട്രാവൽസ് കോഴിക്കോടും നേരിടും.

ടോസിന്റെ ഭാഗ്യത്തിൽ ഫിഫാ മഞ്ചേരി

നിലമ്പൂർ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിനെ നേരിട്ട ഫിഫ മഞ്ചേരി ടോസിന്റെ ഭാഗ്യത്തിലാണ് വിജയിച്ചത്. മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി. കളി 1-1 എന്ന നിലയിൽ അവസാനിച്ചു. പിന്നീട് പെനാൾട്ടിയിലേക്ക് മാറി അവിടെയും വിജയികളെ കണ്ടെത്താൻ ആയില്ല. അതിനു ശേഷം വിജയികളെ കണ്ടെത്താൻ ടോസ് വേണ്ടി വന്നു. ടോസിൽ ഫിഫാ മഞ്ചേരിക്ക് ഒപ്പം വിജയം നിന്നു.

ഫിഫ മഞ്ചേരിയുടെ തുടർച്ചയായ രണ്ടാം വിജയമായിരുന്നു ഇത്. നാളെ നിലമ്പൂർ അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവും അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിൽ ഏറ്റുമുട്ടും.

ഒതുക്കുങ്ങലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ കെ എം ജി മാവൂർ അൽ മദീനയെ വീഴ്ത്തി

ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ കെ എം ജി മാവൂരിന് മികച്ച വിജയം. ഇന്ന് വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരിയെ നേരിട്ട കെ എം ജി മാവൂർ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് മദീനയെ തോൽപ്പിച്ചത്. ഇന്ന് കളിയിൽ രണ്ട് തവണ അൽ മദീന ലീഡ് എടുത്തു എങ്കിലും പരാജയം സമ്മതിക്കാൻ കെ എം ജി മാവൂർ ഒരുക്കമായിരുന്നില്ല. കളിയുടെ തുടക്കത്തിൽ മദീന എടുത്ത ലീഡിന് ആദ്യ പകുതിയിൽ തന്നെ മാവൂർ തിരിച്ചടി കൊടുത്തു. എങ്കിലും ആദ്യ പകുതി അവസാനിക്കും മുമ്പ് മദീന 2-1ന് മുന്നിൽ എത്തി.

രണ്ടാം പകുതിയിൽ പൊരുതി കളിച്ച കെ എം ജി മാവൂർ സമനില നേടി. നിശ്ചിത സമയം കഴിഞ്ഞു കളി 2-2 എന്ന് തുടർന്നതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാൾട്ടി ഷൂട്ടൗട്ടിൽ നാലാം കിക്ക് അൽ മദീനക്ക് പിഴച്ചു. 5-4ന് കെ എം ജി മാവൂർ വിജയം സ്വന്തമാക്കി. നാളെ ഒതുക്കുങ്ങൾ സെവൻസിൽ മത്സരമില്ല.

എ എഫ് സി വയനാടിന്റെ കയ്യിൽ നിന്ന് വലിയ പരാജയം ഏറ്റുവാങ്ങി ഫിഫാ മഞ്ചേരി

മാഹി അഖിലേന്ത്യാ സെവൻസിൽ നിന്ന് സെവൻസിലെ സൂപ്പർ ടീമുകളിൽ ഒന്നായ ഫിഫാ മഞ്ചേരി പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ എ എഫ് സി വയനാട് ആണ് ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു വയനാടിന്റെ വിജയം.

വയനാടിനു വേണ്ടി അബി, അജ്മൽ, സുബിത്ത് എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്‌ ഫിഫാ മഞ്ചേരിക്കു വേണ്ടി സ്റ്റെല്ല ആണ് ആശ്വാസ ഗോൾ നേടിയത്. ഫിഫ മഞ്ചേരി ഇന്നലെ മാഹിയിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ആ വിജയം ആവർത്തിക്കാൻ ഫിഫക്ക് ഇന്ന് ആയില്ല.

2018ൽ മുസ, ഇന്ന് അബൂബക്കാർ.. ഇവരാരും കേരളത്തിൽ വന്ന് സെവൻസ് കളിച്ചിട്ടില്ല

2018ൽ നൈജീരിയയുടെ മൂസ ഇരട്ട ഗോളുകൾ അടിച്ച് തിളങ്ങിയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങൾ പരന്ന ഒരു വാദമായിരുന്നു ആ മൂസ പണ്ട് അൽ മദീനക്കായി കേരളത്തിൽ സെവൻസ് കളിച്ച താരമാണെന്ന്. അന്ന് ഏറെ പ്രചാരണം കിട്ടിയ ആ വാർത്ത അവസാനം അൽ മദീന ക്ലബ് തന്നെ ഔദ്യോഗിക പ്രസ്താവന നടത്തിയതോടെ ആണ് അവസാനിച്ചത്. ഇന്ന് ഇതേ തരത്തിലുള്ള വേറെ ഒരു അഭ്യൂഹം ഉയരുകയാണ്.

ഇന്നലെ ബ്രസീലിനെ തോൽപ്പിച്ച ഗോൾ നേടിയ കാമറൂൺ ക്യാപ്റ്റൻ അബൂബക്കാർ പണ്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വേണ്ടി സെവൻസ് കളിച്ചതാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത. ആരോ ബ്രസീലിനെ ട്രോൾ ചെയ്യാൻ വേണ്ടി ഇറക്കിയ ഈ വാർത്ത പിന്നെ യഥാർത്ഥ കഥ പോലെ പ്രചരിക്കാൻ തുടങ്ങി. മികച്ച ക്ലബുകളുടെ ഭാഗമായി തന്റെ പ്രൊഫഷണൽ കരിയർ കൊണ്ടു പോയ അബൂബക്കർ സെവൻസ് കളിക്കാൻ എത്തി എന്നത് വ്യാജമാണ് എന്ന് ആർക്കും വിക്കിപീഡിയ നോക്കിയാൽ മനസ്സിലാവുന്ന കാര്യമായിട്ടും ഈ വാർത്ത പടർന്നു.

എന്നാൽ ഇപ്പോൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ക്ലബ് തന്നെ ഈ വാർത്തകൾ വ്യാജമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നും ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ്‌.

Exit mobile version