വനിതാ ലോകകപ്പ് ജേതാവ്: റിച്ച ഘോഷിന് പശ്ചിമ ബംഗാൾ പോലീസിൽ ഡിഎസ്പി ആയി നിയമനം


യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ റിച്ച ഘോഷിന്, 2025-ലെ വനിതാ ലോകകപ്പിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം പശ്ചിമ ബംഗാൾ പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) ആയി നിയമനം ലഭിച്ചു.
കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (CAB) സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ടാണ് നിയമന ഉത്തരവ് കൈമാറിയത്.

ഈ അഭിമാനകരമായ പദവിക്ക് പുറമേ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിൽ റിച്ച നേടിയ 34 റൺസിന്റെ നിർണ്ണായക ഇന്നിംഗ്‌സ് ഉൾപ്പെടെ, ടൂർണമെന്റിലെ അവളുടെ സംഭാവനകൾക്ക് 34 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ്, ബംഗാ ഭൂഷൺ അവാർഡ്, ഒരു സ്വർണ്ണ ബാറ്റും ബോളും എന്നിവയും സമ്മാനിച്ചു.



ലോകകപ്പിലുടനീളം റിച്ചയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 39.16 ശരാശരിയിലും 133.52 സ്ട്രൈക്ക് റേറ്റിലും താരം 235 റൺസ് നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 94 റൺസും ഇതിൽ ഉൾപ്പെടുന്നു.

ഐസിസി വനിതാ ടി20ഐ ടീമിൽ സ്മൃതി മന്ദാന ഉൾപ്പെടെ മൂന്ന് ഇന്ത്യൻ താരങ്ങൾ

2024 ലെ ഐസിസി വനിതാ ടി20ഐ ടീമിൽ ഇന്ത്യയുടെ സ്മൃതി മന്ദാനയും സഹതാരങ്ങളായ ദീപ്തി ശർമ്മയും റിച്ച ഘോഷും ഇടം നേടി. 23 മത്സരങ്ങളിൽ നിന്ന് 42.38 ശരാശരിയിലും 126.53 സ്ട്രൈക്ക് റേറ്റിലും 763 റൺസ് നേടിയ മന്ദാന മികച്ച പ്രകടനം കഴിഞ്ഞ വർഷം കാഴ്ചവച്ചു. എട്ട് അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.

ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ദീപ്തി ശർമ്മ 23 മത്സരങ്ങളിൽ നിന്ന് 17.80 ശരാശരിയിൽ 30 വിക്കറ്റുകൾ വീഴ്ത്തി, ബാറ്റ് കൊണ്ട് 115 റൺസും സംഭാവന ചെയ്തു. വിക്കറ്റ് കീപ്പർ-ബാറ്റർ റിച്ച ഘോഷും മികച്ച പ്രകടനം കാഴ്ചവച്ചു, 33.18 ശരാശരിയിൽ 365 റൺസ് റിച്ച നേടി.

673 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡിനെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

ICC Women’s T20I Team of the year: Laura Wolvaardt (c), Smriti Mandhana, Chamari Athapaththu, Hayley Matthews, Nat Sciver-Brunt, Melie Kerr, Richa Ghosh (wk), Marizanne Kapp, Orla Pendergast, Deepti Sharma, Sadia Iqbal

അവസാന പന്തിൽ റണ്ണൗട്ട്!! 1 റണ്ണിന്റെ തോൽവി വഴങ്ങി ആർ സി ബി

ആർ സി ബിക്ക് വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിൽ നാടകീയമായ തോൽവി. ഇന്ന് ഡെൽഹി ക്യാപിറ്റൽസിന് എതിരെ അവസാന ഒരു പന്തിൽ രണ്ട് റൺസ് വേണ്ടിയിരിക്കെ റണ്ണൗട്ട് ആയതിനാൽ ആർ സി ബി ഒരു റണ്ണിന്റെ പരാജയം ഏറ്റുവാങ്ങി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് ആണ് എടുത്തത്. അവർക്ക് ആയി ജമീമ റോഡ്രിഗസ് 36 പന്തിൽ 58 റൺസ് അടിച്ച് ടോപ് സ്കോറർ ആയി. 32 പന്തിൽ 48 റൺസ് എടുത്ത് അലിസ കാപ്സിയും തിളങ്ങി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ആർ സി ബിക്ക് സ്മൃതിയെ തുടക്കത്തിൽ തന്നെ നഷ്ടമായി. സ്മൃതി ആകെ 5 റൺ ആണ് എടുത്തത്‌ 49 റൺസ് അടിച്ച എലിസ പെരി ആണ് ആർ സി ബിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്.

അവസാനം റിച്ച ഘോഷും സൊഫി ഡിവൈനും ചേർന്നതോടെ റൺ വേഗത്തിൽ ഒഴുകാൻ തുടങ്ങി. സോഫി ഡിവൈൻ 16 പന്തിൽ 26 റൺസ് എടുത്ത് പുറത്തായി. റിച്ച അവസാനം വരെ പൊരുതി. 29 പന്തിൽ 51 റൺസ് എടുത്ത റിച്ച അവസാന റണ്ണുനായി ഓടുമ്പോൾ റണ്ണൗട്ടായതാണ് ആർ സി ബി തോൽക്കാൻ കാരണമായത്. ഈ വിജയത്തോടെ ഡെൽഹി ക്യാപിറ്റൽസ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചു.

“ഓസ്ട്രേലിയയെ സെമി ഫൈനലിൽ തോൽപ്പിക്കാൻ ഇന്ത്യക്ക് ആകും” – റിച്ച ഘോഷ്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2023 വനിതാ ടി20 ലോകകപ്പ് 2023 ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിന്റെ തലേന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ റിച്ച ഘോഷ് തന്റെ ടീമിന്റെ സാധ്യതകളെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടൈറ്റിൽ ഫേവറിറ്റുകളായ ഓസ്‌ട്രേലിയ ആണ് സെമിയിൽ ഫേവറിറ്റുകൾ എങ്കിലും, അവരെ തോൽപ്പിക്കാൻ തന്റെ ടീമിന് കഴിയുമെന്ന് റിച്ച വിശ്വസിക്കുന്നു.

“ഞങ്ങൾക്ക് ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ കഴിയും, ഞങ്ങൾ മുമ്പ് അവരെ തോൽപ്പിച്ചിട്ടുണ്ട്. അവർ ശക്തമായ ടീമാണ്, പക്ഷേ ഞങ്ങൾക്ക് അവരെയും തോൽപ്പിക്കാൻ കഴിയും.” റിച്ച ഘോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾ മാനസികമായി കരുത്തരാകാൻ ആണ് നോക്കുന്നത് എന്ന്യ്ം റിച്ച പറയുന്നു.

തുടർച്ചയായി ടി20 ലോകകപ്പ് കിരീടങ്ങൾ നേടിയ ഓസ്‌ട്രേലിയ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ കുതിപ്പാണ് നടത്തുന്നത്. 2020 ന്റെ തുടക്കം മുതൽ 42 മത്സരങ്ങളിൽ നിന്ന് 4 T20Iകൾ മാത്രമേ അവർ പരാജയപ്പെട്ടിട്ടുള്ളൂ.

റിച്ചാ ഘോഷും ആർ സി ബിയിൽ!!! ടീം അതിശക്തം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ലേലത്തിൽ 19 കാരിയായ റിച്ച ഘോഷിനെ സ്വന്തമാക്കി‌. 1.9 CR-ന് ആണ് യുവതാരത്തെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. സ്മൃതി മന്ദാന, എല്ലിസ് പെറി, സോഫി ഡിവൈൻ, രേണുക സിംഗ് താക്കൂർ തുടങ്ങിയ താരങ്ങൾ ഇതിനകം തന്നെ ബെംഗളൂരു നിരയിൽ എത്തിയിട്ടുണ്ട്‌. WPLലെ ഏറ്റവും ശക്തമായ ടീമായി മാറുകയാണ് ആർ സി ബി.

അറ്റാക്കിംഗ് പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന ഭാഗമായി മാറിയ താരമാണ് റിച്ച. ഇന്ത്യ കഴിഞ്ഞ മാസം ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ റിച്ച ആയിരുന്നു കളിയിലെ താരമായത്. ഇന്നലെ പാകിസ്താനെതിരായ ജയത്തിലും റിച്ചയുടെ വലിയ സംഭാവന ഉണ്ടായിരുന്നു.

റിച്ച ഘോഷിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, അടിച്ച് തകര്‍ത്ത് ദീപ്തി ശര്‍മ്മയും, ഓസ്ട്രേലിയയ്ക്കെതിരെ 172 റൺസ് നേടി ഇന്ത്യ

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20 മത്സരത്തിൽ 172 റൺസ് നേടി ഇന്ത്യന്‍ വനിതകള്‍. ടോപ് ഓര്‍ഡറിൽ വെടിക്കെട്ട് തുടക്കം ഷഫാലി വര്‍മ്മ നൽകിയപ്പോള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ റിച്ച ഘോഷ് ആണ് അടിച്ച് തകര്‍ത്തത്. അവസാന ഓവറുകളിൽ ദീപ്തി ശര്‍മ്മയുടെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി.

ഷഫാലിയും സ്മൃതി മന്ഥാനയും ചേര്‍ന്ന് 3 ഓവറിനുള്ളിൽ 28 റൺസ് നേടിയപ്പോള്‍ ഇതിൽ ഷഫാലി 10 പന്തിൽ 21 റൺസാണ് നേടിയത്. താരത്തെയും ജെമൈമ റോഡിഗ്രസിനെയും എൽസെ പെറി പുറത്താക്കിയപ്പോള്‍ സ്മൃതി മന്ഥാനയും(28), ഹര്‍മ്മന്‍പ്രീത് കൗറും(21) ഇന്ത്യയെ മുന്നോട്ട് നയിച്ചു.

ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് അവസാന ഓവറുകളിൽ അടിച്ച് തകര്‍ക്കുകയായിരുന്നു. താരം 20 പന്തിൽ 36 റൺസ് നേടിയപ്പോള്‍ ദേവിക വൈദ്യ പുറത്താകാതെ 25 റൺസ് നേടി. ദീപ്തി ശര്‍മ്മ എട്ട് ബൗണ്ടറികളുടെ സഹായത്തോടെ 15 പന്തിൽ 36 റൺസ് നേടിയപ്പോള്‍ ഇന്നിംഗ്സ് ബ്രേക്കിലേക്ക് ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ മടങ്ങാനായി.

അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചവരെങ്കിലും ഷഫാലിയ്ക്കും റിച്ച ഘോഷിനും അണ്ടര്‍ 19 ലോകകപ്പ് കളിക്കുവാന്‍ അനുമതി നൽകി ഐസിസി

ഇന്ത്യയ്ക്കായി സീനിയര്‍ ടീമിൽ കളിക്കുന്ന ഷഫാലി വര്‍മ്മയ്ക്കും റിച്ച ഘോഷിനും അണ്ടര്‍ 19 ലോകകപ്പ് കളിക്കുവാന്‍ അനുമതി നൽകി ഐസിസി. വനിത അണ്ടര്‍ 19 ലോകകപ്പിന്റെ ആദ്യ പതിപ്പാണ് അരങ്ങേറുവാനിരിക്കുന്നത്.

നീതു ഡേവിഡ് നയിക്കുന്ന സെലക്ഷന്‍ പാനലും ഐസിസിയും ഇത് സംബന്ധിച്ച കാര്യങ്ങളിൽ ബിസിസിഐ വഴി വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് ലഭിയ്ക്കുന്ന വിവരം.

18 വയസ്സുള്ള ഷഫാലി വര്‍മ്മ 69 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. റിച്ച ഘോഷ് ഇന്ത്യയ്ക്കായി 42 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. റിച്ചയ്ക്ക് 19 വയസ്സുണ്ടെങ്കിലും സെപ്റ്റംബര്‍ 1 2023ന് മുമ്പ് ജനിച്ചവര്‍ക്ക് കളിക്കാമെന്ന ഐസിസി നിയമം കാരണം താരത്തിനും കളിക്കുവാന്‍ അനുമതി ലഭിയ്ക്കും. ജനുവരി 28 2003ൽ ആണ് റിച്ച ജനിക്കുന്നത്.

ഇന്ത്യയ്ക്ക് കാലിടറി!!! ഏഷ്യ കപ്പിൽ പാക്കിസ്ഥാനോട് തോൽവി

വനിത ഏഷ്യ കപ്പ് ടി20യിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് 137/6 എന്ന സ്കോര്‍ നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ 124 റൺസിനൊതുക്കിയാണ് 13 റൺസിന്റെ വിജയം കരസ്ഥമാക്കിയത്. 19.4 ഓവറിൽ ആണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ഏഷ്യ കപ്പിൽ ഇന്നലെ തായ്‍ലാന്‍ഡിനോട് പരാജയപ്പെട്ട പാക്കിസ്ഥാന് പ്രഛോദനമാകുന്ന വിജയം ആണ് ഇത്.

ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയപ്പോള്‍ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അവസാന ഓവറുകളിൽ റിച്ച ഘോഷ് കൂറ്റനിടകളുമായി ചെറിയ പ്രതീക്ഷ ഇന്ത്യന്‍ ക്യാമ്പിൽ നൽകിയെങ്കിലും താരവും വേഗത്തിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

26 റൺസ് നേടിയ റിച്ചയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഹേമലത 20 റൺസ് നേടി.  പാക്കിസ്ഥാന് വേണ്ടി നശ്ര സന്ധു മൂന്നും സാദിയ ഇക്ബാൽ, നിദ ദാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അവസാന അഞ്ചോവറിൽ 48 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. ഇന്നിംഗ്സിലെ 16ാം ഓവറിൽ ദീപ്തി ശര്‍മ്മയുടെ(16) വിക്കറ്റ് പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് വെറും 1 റൺസാണ് വന്നത്.

തൊട്ടടുത്ത ഓവറിൽ ഹര്‍മ്മന്‍പ്രീത് കൗറിന്റെ വിക്കറ്റും നഷ്ടമായതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി. 18ാം ഓവറിൽ റിച്ച ഘോഷ് രണ്ട് സിക്സര്‍ പറത്തിയപ്പോള്‍ രാധ യാദവിനെ ഇന്ത്യയ്ക്ക് നഷ്ടമായി.

രണ്ടോവറിൽ 28 റൺസെന്ന ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ പക്കൽ വെറും 2 വിക്കറ്റ് മാത്രമാണുണ്ടായിരുന്നത്. റിച്ച ഘോഷ് സാദിയ ഇക്ബാലിനെ ഒരു സിക്സും ഒരു ഫോറും പറത്തിയപ്പോള്‍ തൊട്ടടുത്ത പന്തിൽ റിച്ചയുടെ വിക്കറ്റ് സാദിയ വീഴ്ത്തി. 13 പന്തിൽ 26 റൺസായിരുന്നു റിച്ച നേടിയത്.

 

ബിഗ് ബാഷിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി

ബിഗ് ബാഷിലേക്ക് ഇന്ത്യയുടെ റിച്ച ഘോഷ് എത്തുന്നു. താരത്തിനെ ഹോബാര്‍ട്ട് ഹറികെയിന്‍സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ബിഗ് ബാഷിൽ ഈ സീസണിൽ കളിക്കാനെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് റിച്ച. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് റിച്ച തന്റെ അരങ്ങേറ്റം കുറിച്ചത്.

ആദ്യ മത്സരത്തിൽ 32 റൺസും രണ്ടാം മത്സരത്തിൽ 44 റൺസുമാണ് ഘോഷ് നേടിയത്. നേരത്തെ ഷഫാലി വര്‍മ്മ, രാധ യാദവ് എന്നിവരെ സിഡ്നി സിക്സേഴ്സും സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ എന്നിവരെ സിഡ്നി തണ്ടറും സ്വന്തമാക്കിയിരുന്നു.

സ്മൃതിയുടെ മികവിൽ ഇന്ത്യയ്ക്ക് 274 റൺസ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ 274 റൺസ് നേടി ഇന്ത്യ. സ്മൃതി മന്ഥാന നേടിയ 86 റൺസിനൊപ്പം റിച്ച ഘോഷ്(44), ദീപ്തി ശര്‍മ്മ(23), ഷഫാലി വര്‍മ്മ(22), പൂജ വസ്ട്രാക്കര്‍(29), ജൂലന്‍ ഗോസ്വാമി(28*) എന്നിവരുടെ പ്രകടനമാണ് 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെ 274 റൺസിലേക്ക് എത്തിച്ചത്.

ഓപ്പണിംഗ് കൂട്ടുകെട്ട് 74 റൺസ് നേടിയ ശേഷം തുടരെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ തിരിച്ചുവരവ് നടത്തിയെങ്കിലും സ്മൃതിയും റിച്ചയും ചേര്‍ന്ന് ഇന്ത്യയ്ക്കായി നാലാം വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഏഴാം വിക്കറ്റിൽ പൂജ വസ്ട്രാക്കര്‍ – ജൂലന്‍ ഗോസ്വാമി കൂട്ടുകെട്ട് 53 റൺസ് നേടി ഇന്ത്യയ്ക്കായി നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി താഹ്‍ലിയ മക്ഗ്രാത്ത് 3 വിക്കറ്റ് നേടി.

Exit mobile version