സൗരാഷ്ട്രയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക്

ഇറാനി കപ്പ് കിരീടം നേടി റെസ്റ്റ് ഓഫ് ഇന്ത്യ. സൗരാഷ്ട്ര വാലറ്റത്തിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയം. സൗരാഷ്ട്രയുടെ രണ്ടാം ഇന്നിംഗ്സ് 380 റൺസിൽ അവസാനിച്ചപ്പോള്‍ 101 റൺസായിരുന്നു വിജയത്തിനായി റെസ്റ്റ് ഓഫ് ഇന്ത്യ നേടേണ്ടിയിരുന്നത്.

ഇന്ന് അവശേഷിക്കുന്ന സൗരാഷ്ട്രയുടെ വിക്കറ്റുകള്‍ കുൽദീപ് സെന്‍ നേടിയപ്പോള്‍ താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി. അവസാന വിക്കറ്റായി വീണ ഉനഡ്കട് 89 റൺസാണ് നേടിയത്.

പ്രിയങ്ക് പഞ്ചലിനെയും യഷ് ധുല്ലിനെയും വേഗത്തിൽ നഷ്ടമായെങ്കിലും അഭിമന്യു ഈശ്വരന്‍ 63 റൺസുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പിച്ചു. ശ്രീകര്‍ ഭരത് 27 റൺസും നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനഡ്കട് രണ്ട് വിക്കറ്റ് നേടി.

സൗരാഷ്ട്രയുടെ പോരാട്ട വീര്യം, ലീഡ് തിരിച്ചുപിടിച്ച് ടീം

ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്ക് തോൽവി ഒഴിവാക്കുവാന്‍ സാധിച്ചേക്കില്ലെങ്കിലും പോരാടി മാത്രമാവും അവര്‍ കീഴടങ്ങുക. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ മൂന്നാം ദിവസം 49/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ടീം മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 368/8 എന്ന നിലയിൽ 92 റൺസ് ലീഡ് നേടിയിട്ടുണ്ട്. രണ്ട് ദിവസം മാത്രം അവശേഷിക്കെ 2 വിക്കറ്റ് മാത്രം കൈവശമുള്ള ടീമിന് ഇനിയെത്ര നേരം പിടിച്ച് നിൽക്കാനാകുമെന്ന് ഉറപ്പില്ലെങ്കിലും ഇതുവരെയുള്ള അവരുടെ രണ്ടാം ഇന്നിംഗ്സിലെ പ്രകടനം പ്രശംസയര്‍ഹിക്കുന്നതാണ്.

87/5 എന്ന നിലയിലേക്ക് വീണ ടീം പിന്നീടുയര്‍ത്തിയ ചെറുത്ത്നില്പാണ് ടീമിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. ആദ്യം ഷെൽഡൺ ജാക്സണും അര്‍പിത് വാസവദയും 117 റൺസ് ആറാം വിക്കറ്റിൽ നേടിയുയര്‍ത്തിയ പ്രതിരോധം 71 റൺസ് നേടിയ ഷെൽഡൺ ജാക്സൺ വീണതോടെ അവസാനിച്ചു. ഏതാനും ഓവറുകള്‍ക്ക് ശേഷം അര്‍പിതും പുറത്തായതോടെ 215/7 എന്ന നിലയിലേക്ക് സൗരാഷ്ട്ര വീണു.

അധിക സമയം ടീമിന് പിടിച്ച് നിൽക്കാനാകില്ലെന്ന് ഏവരും വിധിയെഴുതിയപ്പോള്‍ 144 റൺസാണ് എട്ടാം വിക്കറ്റിൽ പ്രേരക് മങ്കഡും ജയ്ദേവ് ഉനഡ്കടും നേടിയത്. 72 റൺസ് നേടിയ പ്രേരകിനെ ജയന്ത് യാദവ് പുറത്താക്കിയപ്പോള്‍ 78 റൺസുമായി ജയ്ദേവ് ഉനഡ്കട് ക്രീസിലുണ്ട്. 6 റൺസ് നേടിയ പാര്‍ത്ഥ് ഭുട് ആണ് ക്രീസിലുള്ള മറ്റൊരു താരം.

റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി കുൽദീപ് സെന്നും സൗരഭ് കുമാറും മൂന്ന് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര 49/2 എന്ന നിലയിലാണ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 98 റൺസിന് അവസാനിച്ച ശേഷം റെസ്റ്റ് ഓഫ് ഇന്ത്യ 374 റൺസാണ് നേടിയത്.

ചേതന്‍ സക്കറിയ സൗരാഷ്ട്രയ്ക്കായി 5 വിക്കറ്റ് നേടിയപ്പോള്‍ ഇന്നലെ ശതകം നേടിയ സര്‍ഫ്രാസിനും(138) ഹനുമ വിഹാരിയ്ക്കും(82) പുറമെ ജയന്ത് യാദവും(37) സൗരഭ് കുമാറും(55) ബാറ്റിംഗിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി തിളങ്ങി.

രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് ഹാര്‍വിക് ദേശായി(20), സ്നെൽ പട്ടേൽ(16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇരു വിക്കറ്റുകളും സൗരഭ് കമാര്‍ നേടി.

സര്‍ഫ്രാസിനെയും വിഹാരിയെയും നഷ്ടമായെങ്കിലും 171 റൺസ് ലീഡുമായി റെസ്റ്റ് ഓഫ് ഇന്ത്യ കുതിയ്ക്കുന്നു

ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്കെതിരെ രണ്ടാം ദിവസം ഉച്ച ഭക്ഷണ സമയത്ത് 269/6 എന്ന സ്കോര്‍ നേടി റെസ്റ്റ് ഓഫ് ഇന്ത്യ മികച്ച നിലയിൽ മുന്നേറുകയാണ്. 171 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശം ഇപ്പോളുള്ളത്. നാലാം വിക്കറ്റിൽ

തലേ ദിവസത്തെ സ്കോറര്‍മാരായ ഹനുമ വിഹാരിയെയും(82) സര്‍ഫ്രാസ് ഖാനയും(138) ചിരാഗ് ജാനി പുറത്താക്കിയപ്പോള്‍ ശ്രീകര്‍ ഭരത്തിന്റെ വിക്കറ്റ് ചേതന്‍ സക്കറിയ നേടി.

മിന്നും ഫോം തുടര്‍ന്ന് സര്‍ഫ്രാസ്, റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് മികച്ച ലീഡ്

സൗരാഷ്ട്രയ്ക്കെതിരെ ഇറാനി കപ്പിൽ മികച്ച ലീഡ് നേടി റെസ്റ്റ് ഓഫ് ഇന്ത്യ. ഇന്ന് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സര്‍ഫ്രാസ് ഖാന്‍ നേടിയ 125 റൺസിന്റെ ബലത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യ 205/3 എന്ന നിലയിലാണ്. സര്‍ഫ്രാസിനൊപ്പം 62 റൺസുമായി ഹനുമ വിഹാരിയും ക്രീസിലുണ്ട്. 107 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

18/3 എന്ന നിലയിലേക്ക് ടീം തകര്‍ന്ന ശേഷം 187 റൺസാണ് സര്‍ഫ്രാസും വിഹാരിയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനഡ്കട് രണ്ട് വിക്കറ്റും ചേതന്‍ സക്കറിയ ഒരു വിക്കറ്റും നേടി.

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചു, ഹനുമ വിഹാരി ടീമിനെ നയിക്കും

സൗരാഷ്ട്രയ്ക്കെതിരെയുള്ള ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 1 മുതൽ 5 വരെ നടക്കുന്ന മത്സരത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യയെ ഹനുമ വിഹാരി നയിക്കും. യഷ് ദുൽ, യശസ്വി ജൈസ്വാള്‍, സര്‍ഫ്രാസ് ഖാന്‍, മയാംഗ് അഗര്‍വാള്‍ എന്നിവരും ടീമിലടം പിടിച്ചിട്ടുണ്ട്. 15 അംഗ സംഘത്തെയാണ് പ്രക്യാപിച്ചിരിക്കുന്നത്.

റെസ്റ്റ് ഓഫ്: ഇന്ത്യ Abhimanyu Easwaran, Priyank Panchal, Mayank Agarwal, Hanuma Vihari (captain), Sarfaraz Khan, Yashasvi Jaiswal, Yash Dhull, KS Bharat (wk), Upendra Yadav (wk), Kuldeep Sen, Umran Malik, Mukesh Kumar, Arzan Nagwaswalla, Jayant Yadav, Saurabh Kumar

Exit mobile version